'പാര്‍വതിക്ക് മുമ്പ് നിങ്ങൾക്ക് മുമ്പിലുള്ള ഉദാഹരണം ഞാനല്ലേ, പവർ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ കഴിയില്ല'
ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിൽ തന്നെ വലിയ ചൂടുള്ള ചർച്ചയായി മാറിയ സാഹചര്യത്തിൽ ആദ്യമായി തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ എല്ലാവരും കാത്തിരുന്നൊരു പ്രതികരണമായിരുന്നു നടന്റേത്. ഫോഴ്സ കൊച്ചി എഫ്സിയുടെ ലോഞ്ചിന് എത്തിയപ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് താരം പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അറിയാൻ താൻ ആകാംഷയിലാണെന്നും കൃത്യമായ അന്വേഷണം വേണമെന്നുമാണ് താരം മാധ്യമങ്ങളുമായി സംസാരിക്കവെ പറഞ്ഞത്.
പവര്‍ ഗ്രൂപ്പുണ്ടോയെന്ന ചോദ്യത്തിനും നടൻ പൃഥ്വിരാജ് മറുപടി നല്‍കി. ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല അധികാരത്തിൽ ഇരിക്കുന്നവരാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആരോപണങ്ങളുണ്ടെങ്കിൽ പഴുതടച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാകണം.

അന്വേഷണത്തിന് ഒടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാവണം. ഇനി അതല്ല അന്വേഷണത്തിൽ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാലും മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികളുണ്ടാവണം. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്.
ആരോപണവിധേയരുടെ പേരുകൾ സംരക്ഷിക്കപ്പെടാൻ ഒരു നിയമവ്യവസ്ഥിതി നമ്മുടെ നാട്ടിൽ ഇല്ലാത്തിടത്തോളം കാലം അത് പുറത്ത് വിടുന്നതിൽ നിയമ തടസമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് തന്നെ ആരോപണ വിധേയരുടെ പേരുകൾ പുറത്ത് വിടണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത് ഞാനോ നിങ്ങളോ അല്ല അധികാരത്തിൽ ഇരിക്കുന്നവരാണ്. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്തിന് റിപ്പോർട്ട് പുറത്ത് വരുമ്പോൾ ഞെട്ടണമെന്നും പൃഥ്വിരാജ് ചോദിക്കുന്നു.
തുടർന്നുള്ള നടപടികൾ എങ്ങനെയാണെന്ന് അറിയാൻ നിങ്ങളെപ്പോലെ എനിക്കും ആകാംഷയുണ്ട്. അമ്മയ്ക്ക് വീഴ്ച സംഭവച്ചിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. പവർഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ എനിക്ക് കഴിയില്ല. ഞാൻ അവരെ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അവരാൽ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. എന്ന് കരുതി പവർ ഗ്രൂപ്പില്ലെന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ശക്തമായ ഇടപെടലുകളും നടപടികളും അമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനങ്ങളിൽ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത്. അങ്ങനെയാണ് വേണ്ടതെന്നും നടൻ പറഞ്ഞു.
സിനിമയില്‍ വിലക്കുണ്ടോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി താരം നൽകി. പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ ഉദാഹരണമായി ഞാനുണ്ട്. ശരിയാണ്. ഒരിക്കലൊരു നിലപാട് എടുത്തതിന്റെ പേരില്‍ നിരോധനമെന്ന് അങ്ങനെ വിളിക്കുന്നത് തെറ്റാണ്.

ബഹിഷ്‍കരണം ഓരോരുത്തരുടയും വ്യക്തിപരമായ തീരുമാനമാണ്. പക്ഷെ ബഹിഷ്‍കരണമെന്ന് ഇന്ന് പറയുന്നത് അധികാര സ്ഥാനത്ത് ഇരിക്കുന്ന ആള്‍ക്കാരില്‍ നിന്ന് വരുമ്പോള്‍ അത് നിരോധനമായിട്ടാണ്. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ ഇന്നും സംഘടിതമായിട്ട് സിനിമയില്‍ ഒരാളുടെ തൊഴിലവസരം ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അതിനെ എന്തായാലും അഡ്രസ് ചെയ്യണം.
അതിനെതിരെ നടപടികള്‍ ഉണ്ടാകണം. ആര്‍ക്കും അങ്ങനെ ചെയ്യാൻ അവകാശമില്ല. ഇതിനെയാണ് നിങ്ങള്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍ അത് ഉണ്ടാകാൻ പാടില്ല ഒരിക്കലുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജിന്റെ പ്രതികരണം കൂടി വന്നതോടെ ജനങ്ങളും മാധ്യമങ്ങളുമെല്ലാം കാത്തിരിക്കുന്നത് നടനും അമ്മ സംഘടനയുടെ പ്രസിഡന്റുമായ മോഹൻലാലിന്റെ നിലാപാടറിയാനാണ്.
എന്നാൽ ചെന്നൈയിലായതിനാൽ അമ്മ സംഘടന അംഗങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നടൻ പ്രതികരിച്ചിട്ടില്ല. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് യുവ നടി ലൈംഗിക ആരോപണവുമായി എത്തിയതിന് പിന്നാലെ രാജിവെച്ചിരുന്നു. സിദ്ദിഖിന് പുറമെ മുകേഷ്, ജയസൂര്യ, രഞ്ജിത്ത്, സുധീഷ്, തുളസീദാസ് എന്നിവർക്കെതിരെയും ആരോപണങ്ങൾ പുറത്ത് വന്നിട്ടുണ്ട്.


Click it and Unblock the Notifications