അമ്മയാണ് എന്റെ ഹീറോ, സുപ്രിയയെ നഷ്ടപ്പെടുന്നത് ചിന്തിക്കാനാവില്ല, അച്ഛനെപോലെ ആകണം എന്നാണ് ആഗ്രഹം; പൃഥ്വിരാജ്
സുകുമാരന്റെ കുടുംബം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവരാണ്. മാതാപിതാക്കളുടെ വഴിയെ സിനിമയിലേക്ക് എത്തിയ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ മുൻനിര താരങ്ങളാണ്. ഇരുവരും വിദ്യാർത്ഥികളായിരുന്ന സമയത്തായിരുന്നു സുകുമാരന്റെ അപ്രതീക്ഷിത വിയോഗം. നാൽപ്പതാം വയസിൽ പെട്ടന്നുള്ള ഭർത്താവിന്റെ വേർപാട് മല്ലികയ്ക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
എന്നിരുന്നാലും മക്കൾക്ക് വേണ്ടി മല്ലിക വീണ്ടും ജീവിതത്തോട് പോരാടി. അമ്മയെന്നും തനിക്ക് ഹീറോയാണെന്ന് പറയുകയാണ് പൃഥ്വിരാജ്. അങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതില്‍ താൻ ഭാഗ്യവാനും അനുഗ്രീതനുമാണെന്നും താരം പറയുന്നു. എന്റെ പതിനാലാമത്തെ വയസിൽ ആയിരുന്നു അച്ഛന്റെ മരണം. തീർത്തും അപ്രതീക്ഷിതമായ വിയോഗമായിരുന്നു.

യാതൊരു വിധ ആരോഗ്യപ്രശ്നങ്ങളും അച്ഛനുണ്ടായിരുന്നില്ല. അങ്ങനൊരു ആരോഗ്യപ്രശ്നമുള്ള ആളായിരുന്നു അച്ഛനെങ്കിൽ ഞങ്ങൾക്ക് കുറച്ചെങ്കിലും മുൻകരുതലുണ്ടാകുമായിരുന്നു. ഒരു ദിവസം പെട്ടന്ന് അച്ഛനങ്ങ് പോയി. ആ സമയത്ത് എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമാണ്. അച്ഛന്റെ വിയോഗത്തിനുശേഷം അമ്മ എത്രത്തോളം കരുത്തോടെ ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതം നിയന്ത്രിച്ചു എന്നതാണ്.
ജീവിതത്തിൽ എനിക്കും ചേട്ടനും എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് അമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. മാത്രമല്ല അതെല്ലാം ഞങ്ങൾക്ക് കിട്ടി എന്നതും പിന്നീട് അമ്മ ഉറപ്പ് വരുത്തി. ഞങ്ങൾക്ക് വളരാൻ വേണ്ടതെല്ലാം അമ്മ ഒരുക്കി തന്നിരുന്നു. അമ്മ എത്രത്തോളം ശക്തയായിരുന്നു അന്ന് എന്നതിന് ഞാൻ ഇന്നും കടപ്പെട്ടിരിക്കുന്നു. എളുപ്പത്തിൽ എല്ലാവർക്കും സാധ്യമാകുന്ന ഒന്നല്ല അത്.
അമ്മ അന്ന് വളരെ ചെറുപ്പവുമായിരുന്നു. നാൽപതാം വയസിലേക്ക് അമ്മ കടന്നതേയുണ്ടായിരുന്നുള്ളു. എനിക്ക് ഇപ്പോൾ നാൽപ്പത്തിരണ്ട് വയസുണ്ട്. എന്റെ ഈ പ്രായത്തിലാണ് അമ്മയ്ക്ക് ഭർത്താവില്ലാതെയായത്. ഇന്ന് അങ്ങനെ ഒരു സാഹചര്യത്തില്‍ പെട്ടന്നൊരു ദിവസം എനിക്ക് എന്റെ പങ്കാളിയെ നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത് എത്രത്തോളം വേദനയാണെന്ന് ഇന്നെനിക്ക് തിരിച്ചറിയാന്‍ സാധിക്കും.
അന്ന് അമ്മ അനുഭവിച്ച ആ വേദന എന്നെയോ ചേട്ടനെയോ അറിയിച്ചിട്ടില്ല. ശരിക്കും അത് വലിയൊരു കാര്യം തന്നെയാണ്. ജീവിതത്തില്‍ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്ന ഒരുപാട് പേരുണ്ടാവും. ധീരതയോടെ നിരവധി കാര്യങ്ങൾ ചെയ്ത ലക്ഷക്കണക്കിന് സ്ത്രീകളുണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ച് ഞാന്‍ കണ്ടുവളര്‍ന്നത് അമ്മയുടെ ആ ധീരതയാണ്. എന്റെ റിയല്‍ ലൈഫ് ഹീറോയും എന്റെ അമ്മയാണ് പൃഥ്വിരാജ് പറയുന്നു.

അച്ഛനെപ്പോലെയൊരു പിതാവായി മാറാനാണ് താൻ ശ്രമിക്കുന്നതെന്നും നടൻ പറയുന്നു. അച്ഛന്റെയും അമ്മയുടെയും റിലേഷന്‍ഷിപ്പ് കണ്ടുവളര്‍ന്ന എന്നെ സംബന്ധിച്ച് തീര്‍ച്ചയായും അവരുടെ ബന്ധം എന്റെ റിലേഷന്‍ഷിപ്പിന് നല്ലൊരു രൂപം നൽകിയിട്ടുണ്ട്. അതുപോലെ നല്ലൊരു ബാല്യകാലം കിട്ടിയ വ്യക്തി കൂടിയാണ് ഞാൻ. അച്ഛനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ ഒരു താരം എന്ന രീതിയിലോ ഒരു നടനെന്ന രീതിയിലോ അല്ല.
ഏത് വിഷയത്തെക്കുറിച്ചും എനിക്ക് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരാളായിട്ടാണ് ഞാൻ അദ്ദേഹത്തെ ഓർക്കുന്നത്. ഏത് വിഷയത്തെ കുറിച്ച് ചോദിച്ചാലും മണിക്കൂറുകളോളം അദ്ദേഹം സംസാരിക്കും. ഫിലോസഫി, ഗണിതം, ഭാഷകൾ, രാഷ്ട്രീയം തുടങ്ങി എല്ലാത്തിനെ കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട്. ഞാന്‍ എന്നും അഗ്രഹിച്ചിട്ടുള്ളത് അതുപോലെ ഒരച്ഛനാവണം എന്നാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വലിയ ലൈബ്രറി ഉണ്ടായിരുന്നു.
പിന്നീട് അത് ഞങ്ങള്‍ ചേട്ടന്റെ കോളേജിന് നൽകി. അച്ഛനുള്ളപ്പോഴും അമ്മയായിരുന്നു എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. ഇത്രയേറെ അറിവും ബോധ്യവുമുള്ള ഒരു മനുഷ്യന്‍ തന്റെ പങ്കാളിയെ വീടിന്റെ മുഴുവന്‍ അധികാരവും ഏല്‍പ്പിക്കുന്നതും ഞാന്‍ കണ്ടു. ധീരയായ ഒരു സ്ത്രീ തന്റെ ജീവിതത്തിന്റെ അധികാരങ്ങള്‍ എടുക്കുന്നതില്‍ അച്ഛന്‍ സംതൃപ്തനായിരുന്നു. അങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനും അനുഗ്രീതനുമാണെന്നും താരം പറയുന്നു.


Click it and Unblock the Notifications











