'കണ്ടാൽ മാലാഖയെപ്പോലെ തോന്നുന്ന ഒരു പെൺകുട്ടിയെ വേണമെന്നാണ് ഞാൻ പറഞ്ഞത്'; നിഖിലയെ കുറിച്ച് പൃഥ്വിരാജ്!
നടൻ എന്നതിലുപരിയായി ഇന്ത്യയിലെ മികച്ച സംവിധായകരിൽ ഒരാളായി വളർന്ന് വരാൻ കഴിവുള്ള വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരൻ എന്നാണ് കഴിഞ്ഞ ദിവസം ലൂസിഫർ സിനിമയെ കുറിച്ച് സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. സിനിമാപ്രേമികളും മോഹൻലാലിന്റെ ആ വാക്കിനെ ശരിവെക്കുന്നുണ്ട്. ഇതുവരെ രണ്ട് സിനിമകളാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്തത്. മൂന്നാമത്തെ സിനിമ എമ്പുരാന്റെ ഷൂട്ടിങ് തിരക്കുകളിലാണിപ്പോൾ പൃഥ്വിരാജ്.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്ത് കൊവിഡ് കാലത്ത് ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തി ഹിറ്റായ ഫാമിലി കോമഡി എന്റർടെയ്നറായിരുന്നു ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന, ലാലു അലക്സ്, കനിഹ, കല്യാണി പ്രിയദർശൻ, ജഗദീഷ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. അധികം ഇഴച്ചിലും ബോറഡിയും മുഷിച്ചിലുമൊന്നുമില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്ന ഹാപ്പി എന്റിങ് സിനിമയായിരുന്നു ബ്രോ ഡാഡി.

ലോജിക്കോ പൊളിറ്റിക്കൽ കറക്റ്റനസോ ഒന്നും നോക്കാതെ കാണാനാവുന്ന ഒരു ലൈറ്റ് കോമഡി ഡ്രാമ. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് അധികം മസിലുപിടുത്തമൊന്നുമില്ലാതെ സരസമായി സീനുകൾ കൈകാര്യം ചെയ്ത് അഭിനയിച്ച മോഹൻലാലിനെയായിരുന്നു.
മലയാളികൾ ഒരു കാലത്ത് ഒരുപാട് ആഘോഷിച്ച വിന്റേജ് മോഹൻലാലിന്റെ ലളിതമായ ചില ഭാവങ്ങളും ചലനങ്ങളും വീണ്ടും സ്ക്രീനിൽ കൊണ്ട് വരാൻ സംവിധായകനായ പൃഥ്വിരാജിന് കഴിഞ്ഞു. എൺപതുകളിലും തൊണ്ണൂറുകളിലും വിജയം കൈവരിച്ച പ്രിയദർശൻ-മോഹൻലാൽ കൂട്ട് കെട്ടിൽ വന്നിട്ടുള്ള ചില സിനിമകളുടെ ഒരു ഫ്ലേവർ പല സീനുകളിലും ഉണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ അതിഥി വേഷത്തിൽ നടി നിഖില വിമലും അഭിനയിച്ചിട്ടുണ്ട്.
ലേബർ റൂമിൽ നിന്നും കുഞ്ഞുമായി പുറത്തേക്ക് വരുന്ന നഴ്സിന്റെ വേഷമാണ് നിഖില അവതരിപ്പിച്ചത്. മലയാളത്തിൽ ഇപ്പോൾ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ് നിഖില വിമൽ. അതുകൊണ്ട് തന്നെ നിഖിലയുടെ അതിഥി വേഷം പ്രേക്ഷകർക്കും സർപ്രൈസായിരുന്നു. എന്തുകൊണ്ടാണ് നിഖില ബ്രോ ഡാഡിയിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ഇരുവരും ജോഡികളായി അഭിനയിച്ച ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 'ഗുരുവായൂർ അമ്പലനടയിൽ സിനിമയ്ക്ക് മുമ്പ് ഞാൻ സംവിധാനം ചെയ്ത ബ്രോ ഡാഡിയിൽ നിഖില അഭിനയിച്ചിട്ടുണ്ട്. ബ്രോ ഡാഡി ഷൂട്ട് നടക്കുമ്പോൾ ഞാൻ എന്റെ അസോസിയേറ്റ് ഡയറക്ടറോട് എനിക്ക് മാലാഖ ഇറങ്ങി വരുന്നത് പോലെ തോന്നുന്ന ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു.'

'അപ്പോൾ വാവ കൊട്ടാരക്കര എന്ന എന്റെ അസോസിയേറ്റ് അതിന് പറ്റിയ ഒരാളുണ്ടെന്ന് എന്നോട് പറഞ്ഞു. ആ റോളിലേക്ക് വേറെ ഒരാളെ കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് നിഖിലയുടെ പേര് എന്നോട് പറഞ്ഞത്. ഡ്രീ സീക്വൻസാണെന്ന് തോന്നണം... അതുകൊണ്ട് ഒരു മാലാഖ കുഞ്ഞിനെയും പിടിച്ച് വരുന്നത് പോലെയിരിക്കണമെന്നാണ് അസോസിയേറ്റിനോട് ഞാൻ പറഞ്ഞത്. ഉടൻ നിഖിലയുടെ പേരാണ് വാവ പറഞ്ഞത്', എന്നാണ് നിഖില ബ്രോ ഡാഡിയുടെ ഭാഗമായതിനെ കുറിച്ച് സംസാരിച്ച് പൃഥ്വിരാജ് പറഞ്ഞത്.
ഗുരുവായൂർ അമ്പലനടയിൽ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. എല്ലാം മറന്ന് പൊട്ടിച്ചിരിച്ച് ആസ്വദിച്ച് കാണാൻ പറ്റിയ സിനിമയാണ് ഗുരുവായൂർ അമ്പലനടയിൽ എന്നാണ് പ്രേക്ഷക പ്രതികരണം. ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇഫോർ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിപിൻ ദാസാണ് സിനിമ സംവിധാനം ചെയ്തത്. ബേസിൽ ജോസഫ്, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications