'മോനേ ഇതെനിക്ക് ചെയ്യണം'എന്നാണ് തിരക്കഥ വായിച്ച് ഷാജിയേട്ടന്‍ പറഞ്ഞത്; കടുവ ഒരു മാസ് ആക്ഷന്‍ പടമെന്ന് പൃഥ്വി

നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 30-ന് ചിത്രം ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍, സംവിധായകന്‍ ഷാജി കൈലാസിന്റെ തിരിച്ചുവരവ്, ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ്, 'ജനഗണമന' കഴിഞ്ഞ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും വീണ്ടും...അങ്ങനെ കടുവ സിനിമയെ പ്രേക്ഷകരോട് അടുപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. പൃഥ്വിരാജ് മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും.

കടുവ

കടുവയിലെ കഥാപാത്രത്തെ എങ്ങനെ പരിചയപ്പെടുത്താം?

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പാലായിലെ ഒരു പ്ലാന്ററാണ്. ആവശ്യത്തിലധികം ഭൂസ്വത്തുള്ള, നാട്ടിലെ അറിയപ്പെടുന്നൊരു ചെറുപ്പക്കാരന്‍. കുടുംബപരമായി ധനികനാണ്. പ്രായത്തില്‍ കവിഞ്ഞ നേട്ടങ്ങള്‍ സ്വന്തമാക്കിയവന്‍. നൂറ്റാണ്ടുകളായി പേരും പ്രശസ്തിയുമാര്‍ജ്ജിച്ച് ജീവിക്കുന്ന കുടുംബത്തിലെ അംഗം. തൊണ്ണൂറുകളില്‍ പാലായില്‍ നടക്കുന്ന കഥയാണ് സിനിമ.

സിനിമയില്‍ പറയുന്നത് യഥാര്‍ഥ കഥയാണെന്നും കഥാപാത്രം ജീവിച്ചിരിക്കുന്ന വ്യക്തിയാണെന്നുമെല്ലാമുള്ള വാര്‍ത്തകള്‍ കടുവയുടെ പ്രഖ്യാപന നാള്‍ മുതല്‍ തന്നെ ഉയര്‍ന്നിരുന്നു

കഥയും കഥാപാത്രവും യഥാര്‍ഥമാണോ എന്നതിനെക്കുറിച്ച് കൂടുതലായി എനിക്കറിയില്ല. ജിനു എബ്രഹാമിന്റേതാണ് രചന, ജിനു പത്തനംതിട്ടക്കാരനാണ്. നാട്ടില്‍നിന്ന് അയാള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങലെല്ലാം എഴുത്തിലേക്ക് കയറിവന്നിരിക്കാം. നാടും നാട്ടുകാരുമെല്ലാം ഒരാളുടെ എഴുത്തിനെ സ്വാധീനിക്കുന്നത് സ്വാഭാവികമല്ലേ.

കഥ കേട്ടത്

കടുവയുടെ കഥ കേള്‍ക്കുന്നത്, കടുവക്കുന്നേല്‍ കുറുവച്ചനാകാമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്?

2019-ന്റെ തുടക്കത്തിലാണ് ഈ സിനിമയുടെ കഥ തിരക്കഥാരൂപത്തില്‍ പൂര്‍ണമായി കേള്‍ക്കുന്നത്. അതിനും വളരെ മുമ്പ് കഥാപാത്രത്തെക്കുറിച്ച് കേട്ടിരുന്നു. മുമ്പ് നമ്മളെല്ലാം ആവേശത്തോടെ തീയറ്ററിലിരുന്ന് കയ്യടിച്ചു രസിച്ച സിനിമകളുടെ ഗണത്തില്‍പ്പെടുത്താവുന്ന ചിത്രമാകും കടുവ. അത്തരം സിനിമകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് പെട്ടെന്ന് കയറിവരുന്നത് ഐ.വി. ശശിസാറിന്റെയും ജോഷി സാറിന്റെയും ഭദ്രന്‍ സാറിന്റെയും ഷാജിച്ചേട്ടന്റെയുമെല്ലാം പേരുകളാണ്.

കടുവയുടെ തിരക്കഥ കേട്ട ശേഷം ഞാന്‍ തന്നെയാണ് പറഞ്ഞത് ഈ സിനിമ ഷാജിയേട്ടന്‍ ചെയ്താല്‍ നന്നാകുമെന്ന്. അദ്ദേഹത്തിന്റെ സംവിധാനമികവില്‍ ഉയര്‍ന്നുനില്‍ക്കാന്‍ സാധ്യതയുള്ള ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്. ഷാജിയേട്ടനെ വിളിച്ച് തിരക്കഥയൊന്ന് കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്നത് ഞാന്‍ തന്നെയാണ്.

ഷാജി കൈലാസ്

ഇടവേളയ്ക്കുശേഷം ഹൈവോള്‍ട്ടേജ് ചിത്രവുമായി ഷാജി കൈലാസ് എത്തുന്നു എന്നാണോ?

മലയാളസിനിമയില്‍നിന്ന് ചെറിയൊരു ഇടവേളയെടുത്ത് മാറിനിന്ന ഷാജിയേട്ടനോട് ഞാന്‍ പറഞ്ഞത്, കടുവ പോലെയൊരു സിനിമയിലൂടെയാണ് തിരിച്ചുവരേണ്ടതെന്ന്. പൂര്‍ണ്ണബോധ്യമുണ്ടെങ്കില്‍ മാത്രം നമുക്കിത് ചെയ്യാമെന്നാണ്. കഥ കേട്ട്, തിരക്കഥ വായിച്ച ശേഷം അദ്ദേഹം പറഞ്ഞത്, മോനേ ഇതെനിക്ക് ചെയ്യണം എന്നാണ്. അതിനുശേഷമാണ് ഞാനും ലിസ്റ്റിന്‍ സ്റ്റീഫനും കൂടി സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തത്.

കടുവയിലൂടെ ഷാജി കൈലാസ് എന്ന സംവിധായകന്റെ സ്റ്റൈല്‍ ഓഫ് മേക്കിങ് പ്രേക്ഷകര്‍ക്ക് വീണ്ടും ആസ്വദിക്കാം. ആറാം തമ്പുരാനും നരസിംഹവുമെല്ലാം തീയറ്ററിലിരുന്ന് ആവേശത്തോടെ കണ്ട പ്രേക്ഷകരില്‍ ഞാനും ഉള്‍പ്പെടും. അദ്ദേഹത്തെപ്പോലെയുള്ള സംവിധായകര്‍ മലയാളത്തില്‍ സജീവമായി നില്‍ക്കുക തന്നെ വേണം.

കടുവ മുന്നോട്ടുവെക്കുന്ന പ്രതീക്ഷകള്‍

2019-ല്‍ കടുവയുടെ തിരക്കഥ പൂര്‍ണമായും കേട്ടുകഴിഞ്ഞപ്പോള്‍, മലയാളത്തില്‍ ഇന്ന് ഇത്തരത്തിലുള്ള സിനിമകള്‍ ഉണ്ടാകുന്നില്ലല്ലോ എന്നാണ് തോന്നിയത്. കുറച്ചുകാലമായി നമ്മള്‍ കഥയിലും അവതരണത്തിലുമെല്ലാം റിയലിസ്റ്റിക് രീതികളാണ് പിന്തുടരുന്നത്. അങ്ങനെയുള്ള സിനിമകളാണ് കൂടുതലും കണ്ടുകൊണ്ടിരിക്കുന്നത്. അത്തരം സിനിമകള്‍ ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍.

അതിനൊപ്പം തന്നെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറും മലയാളത്തില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന, കയ്യടിക്കാന്‍ പ്രേരിപ്പിക്കുന്ന കഥയും കഥാസന്ദര്‍ഭങ്ങളുമുള്ള ഒരു മാസ് ആക്ഷന്‍ സിനിമയാകും കടുവ എന്നാണ് എന്റെ വിശ്വാസം

മാസ് സിനിമകള്‍

മലയാളത്തില്‍ പൊതുവേ മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകള്‍ കുറയുന്നു എന്നാണോ പറയുന്നത്

യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന സിനിമകള്‍ മാത്രമാണ് നല്ല സിനിമകളെന്ന അഭിപ്രായം ഇവിടെ കുറച്ച് പേര്‍ക്കെങ്കിലും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ അത്തരം കാഴ്ചപ്പാടുള്ള ആളല്ല. റിയലിസ്റ്റിക് സിനിമകള്‍ വളരെ നല്ല സിനിമകളാണ്, എന്നാല്‍ അതുപോലെതന്നെ കെ.ജി.എഫ് പോലെയുള്ള ചിത്രങ്ങളെയും നല്ല സിനിമളുടെ ഗണത്തില്‍ പെടുത്താനാണ് എനിക്കിഷ്ടം.

മാസങ്ങളുടെ ഇടവേളയില്‍ അന്യഭാഷയില്‍നിന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലേക്ക് കൊണ്ടുവന്ന രണ്ടു സിനിമകളാണ് കെ.ജി.എഫ്. ചാപ്റ്റര്‍ 2, ചാര്‍ളി 777 എന്നിവ. വ്യത്യസ്ത വിഭാഗത്തില്‍പ്പെടുന്ന ഈ രണ്ടു സിനിമയും വലിയ അഭിപ്രായങ്ങള്‍ നേടിയതും പ്രേക്ഷകര്‍ സ്വീകരിച്ചതുമാണ്. സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് അവിടെ നിന്ന് എല്ലാതരം സിനിമകളും ഉണ്ടാകണമെന്നാണ് ഞാന്‍ പറയുന്നത്.

ലൂസിഫറിനുശേഷം വീണ്ടും വിവേക് ഒബ്‌റോയ്...

കടുവയില്‍ വിവേക് ഒബ്‌റോയ് ജോസഫ് ചാണ്ടി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയില്‍ ഒരുപാട് വിഷയങ്ങള്‍ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി രണ്ടുവ്യക്തികള്‍ തമ്മിലുള്ള കിടമത്സരമാണ്. രണ്ടുകഥാപാത്രങ്ങളും പ്രാധാന്യമുള്ളതാണ്. കുറവാച്ചനെപ്പോലെ ജോസഫ് ചാണ്ടിയും കഥയില്‍ കരുത്തോടെ നില്‍ക്കുന്നു.

പൊലീസ് ഓഫീസറായി തുടക്കത്തില്‍ പല പേരുകളും മനസ്സില്‍ കണ്ടിരുന്നു. ബിജു ചേട്ടനെ ആലോചിച്ചപ്പോള്‍ അയ്യപ്പനും കോശിയും കഴിഞ്ഞ് പെട്ടെന്നുതന്നെ അത്തരമൊരു വേഷം വീണ്ടും വേണ്ട എന്ന അഭിപ്രായമുയര്‍ന്നു. പിന്നെ, കൂടുതലായി ആലോചിക്കേണ്ടി വന്നില്ല. ടീമിലെല്ലാവരും ഒരുപോലെ മുന്നോട്ടുവെച്ച പേരാണ് വിവേകിന്റേത്. അദ്ദേഹത്തിന്റെ വരവ് കടുവയ്ക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.

മോഹന്‍ലാലില്ല

കടുവയില്‍ മോഹന്‍ലാലും എത്തുന്നു എന്നൊരു അടക്കംപറച്ചില്‍ വ്യാപകമാണ്. സിനിമയുടെ മറ്റുവിശേഷങ്ങള്‍

അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ അത്തരത്തിലൊരു അതിഥി വേഷമില്ല. കടുവയിലെ നടന്‍, സിനിമയുടെ നിര്‍മ്മാതാവ്, അതിലെല്ലാമുപരി ഒരു സിനിമാപ്രേമി എന്ന നിലയില്‍ ഈ സിനിമ വിജയിച്ചു കാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം, മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുകള്‍ വീണ്ടും നിര്‍മ്മിക്കാന്‍ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും. വലിയ കാന്‍വാസില്‍ ഒരുക്കിയ സിനിമയാണത്. പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചത്.

1990-കളില്‍ നടക്കുന്ന കഥയായതിനാല്‍ കോട്ടയം ജില്ലാ ജയിലിന്റെയെല്ലാം അന്നത്തെ രൂപം ആവശ്യമായിരുന്നു. അതിനായി എറണാകുളത്ത് നാലഞ്ചേക്കര്‍ സ്ഥലത്ത് ജില്ലാ ജയിലിന്റെ സെറ്റ് നിര്‍മ്മിക്കുകയായിരുന്നു.

ആടുജീവിതം

ആടുജീവിതത്തിന്റെ സഹയാത്രയെക്കുറിച്ച്

'ആടുജീവിതം' സിനിമയുടെ വിദേശചിത്രീകരണമെല്ലാം പൂര്‍ത്തിയായി. ഇത്തവണ ചിത്രീകരണത്തിനായി പോയത് അള്‍ജീരിയയിലായിരുന്നു. 4045 ദിവസം ചിത്രീകരണത്തിനായി സഹാറാ മരുഭൂമിയില്‍ ചെലവിട്ടു. കൃത്യമായ പ്ലാനിങ്ങോടെയാണ് മുന്നോട്ടു പോയത്. മുമ്പും അങ്ങനെ തന്നെയായിരുന്നു. പക്ഷെ, കോവിഡ് പ്രശ്‌നങ്ങള്‍ കാര്യങ്ങളെല്ലാം അവതാളത്തിലാക്കി.

ഇത്തവണ ചിത്രീകരണം തീരാറായപ്പോള്‍ ഭാര്യയും മകളും അവിടേക്ക് വന്നു. അവരെ ആ സ്ഥലങ്ങളെല്ലാം കാണിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു.

Read more about: prithviraj sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X