ലാലുവിന്റെ അമ്മ സിനിമഭ്രാന്തിയാണ്, ലാൽ നാണം കുണുങ്ങി വിനയവുമുണ്ട്, സുകുമാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ!
അഭിനയത്തിന്റെ കാര്യത്തിൽ ഊതി കാച്ചിയ പൊന്ന് പോലെയാണ് മോഹൻലാൽ എന്നാണ് ആരാധകർ പറയാറുള്ളത്. സ്വന്തം പരിമിതികളെ അഭിനയചാരുതകൊണ്ട് കീഴടക്കിയ ഒരേയൊരു സൂപ്പർസ്റ്റാർ. എണ്ണം പറഞ്ഞ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം മോഹൻലാലിൽ നിന്നും നല്ലൊരു സിനിമ വരുന്നതും പ്രതീക്ഷിച്ചാണ് സിനിമാമോഹികൾ ഇരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയതിൽ ജയിലർ മാത്രമാണ് മോഹൻലാൽ അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട സിനിമ.
ട്വൽത്ത്മാന് ശേഷം മലയാളത്തിൽ മോഹൻലാലിന്റേതായി റിലീസ് ചെയ്ത സിനിമകളെല്ലാം പരാജയമായിരുന്നു. ബിഗ് ബജറ്റ് സിനിമകളും കോടി ക്ലബ്ബുകളും നോക്കി പോകാതെ മോഹൻലാൽ അഭിനയ സാധ്യതയുള്ള സിനിമകൾ ചെയ്യണമെന്നാണ് ആരാധകരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നത്. ഇരുപതുകളുടെ തുടക്കം മുതൽ മലയാള സിനിമയുടെ ഭാഗമാണ് മോഹൻലാൽ. നാൽപ്പത് വർഷമായി മലയാള സിനിമയുടെ അഭിമാനം.

മോഹൻലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയും ഒരു സിനിമാപ്രേമിയായിരുന്നുവെന്ന് പറയുകയാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മാവനായ ഡോ.എം.വി പിള്ള. മല്ലിക സുകുമാരന്റെ കുടുംബത്തിന് വളരെ ചെറുപ്പം മുതൽ തന്നെ മോഹൻലാലിനെയും കുടുംബത്തെയും അറിയാം.
കുട്ടിക്കാലത്ത് മോഹൻലാൽ വീട്ടിൽ വരാറുള്ളതിനെ കുറിച്ചും അദ്ദേഹം കാണിക്കുന്ന കുസൃതികളെ കുറിച്ചും നേരത്തെ മല്ലിക സുകുമാരനും വെളിപ്പെടുത്തിയിട്ടുണ്ട്. മോഹൻലാൽ എപ്പോഴും ഒരു നാണം കുണുങ്ങിയാണെന്നും അന്നും ഇന്നും ഒരേ വിനയമാണെന്നും ഡോ.എം.വി പിള്ള പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അന്നത്തെ കുട്ടി തന്നെയാണ് ഇന്നും ലുലു. ഒരു തടിയനായ കുട്ടി തന്നെയാണ്. അടുത്തിടെ കേരളീയത്തിൽ ഞങ്ങൾ ഒരുമിച്ചാണ് പങ്കെടുത്തത്. അദ്ദേഹം ഇപ്പോഴും വളരെ സിംപിളാണ്. ഒരു മാറ്റവുമില്ല. അത് അദ്ദേഹത്തിന്റെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയ ഗുണമാണ്. അവരൊക്കെ പെരുമാറ്റത്തിലും ചിന്തയിലും വരെ നല്ല തറവാടിത്തമുള്ളവരാണ്. ലാലു പണ്ടും കുസൃതിയാണ്.'
'അമേരിക്കയിലൊക്കെ വരുമ്പോൾ കാണാൻ വരും. അപ്പോൾ അദ്ദേഹം ആ പന്ത്രണ്ട് വയസുകാരനാകും. ലാലിനെ പഠിപ്പിച്ച സാർ അദ്ദേഹത്തിന്റെ കുസൃതികളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ശരിയായ തല്ലുകൊള്ളിയായിരുന്നു ആ സമയത്ത്. ലാലുവിന്റെ അമ്മ ശാന്തമ്മ ചേച്ചിയും ഒരു വലിയ സിനിമഭ്രാന്തിയാണ്.'

'മധുവിന്റെ സിനിമയുടെ ഷൂട്ടിങ് സെക്രട്ടറിയേറ്റിൽ നടക്കുന്നുവെന്ന് കേട്ട് ചേച്ചി പോയിട്ടുണ്ട്. അമ്മ ഷൂട്ടിങ് കാണാൻ കൊണ്ടുപോകാത്തതിന്റെ പേരിൽ ലാലു കരച്ചിലും ബഹളവുമായിരുന്നു. മധുവിനെ കാണാൻ കൊണ്ടുപോകാത്തതിന്റെ പേരിൽ കരഞ്ഞ് പൊളിച്ചയാളാണ് ഇന്ന് മധുവിനും മുകളിൽ എത്തി നിൽക്കുന്നത്. വിനയമാണ് മോഹൻലാലിന്റെ ഏറ്റവും വലിയ ക്വാളിറ്റി.'
'അതുപോലെ ലാലു ഒരു നാണം കുണുങ്ങിയാണ്. നടനായുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫോർമേഷൻ കാണാൻ രസമാണ്', എന്നാണ് ഡോ.എം.വി പിള്ള പറഞ്ഞത്. ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഡോ.എം.വി പിള്ള സംസാരിച്ചു. സുകുമാരന്റെ വിയോഗം മക്കളുടെ ജീവിതം മാറ്റി എന്നാണ് ഡോ.എം.വി പിള്ള പറയുന്നത്.
നടൻ സുകുമാരൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ ഉണ്ടാകുമായിരുന്നില്ല. സുകുമാരന്റെ ജീവിതമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. രണ്ടുപേർക്കും അവരുടേതായ കഴിവുകളുണ്ട്. ഇരുവരും സിനിമകൾ നന്നായി തന്നെ ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം എന്നാണ് ഡോ.എം.വി പിള്ള പറഞ്ഞത്.
അതേസമയം നടൻ എന്നതിലുപരിയായി പൃഥ്വിരാജ് ഇന്നൊരു സംവിധായകൻ കൂടിയാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്ലുക്ക് വൈറലായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.


Click it and Unblock the Notifications











