റിലീസിന് മുന്‍പ് ലൂസിഫറിലെ ആ മാസ്സ് രംഗം കണ്ടത് അദ്ദേഹം! അതിന് പിന്നിലൊരു കാരണമുണ്ടെന്ന് പൃഥ്വിരാജ്!
പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനെക്കൂടി ലഭിച്ചിരിക്കുകയാണ് മലയാള സിനിമയ്ക്ക്. നടന്‍, നിര്‍മ്മാതാവ്, ഗായകന്‍ ഇതിന് പിന്നാലെയായാണ് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചത്. മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് താരപുത്രന്‍റെ ധിക്കാരമായാണ് പലരും അതിന് വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ ചെയ്ത് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. പൃഥ്വിരാജിന്‍റെ ബ്രില്യന്‍സിന് പിന്നില്‍ ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും വഴിമാറിയിരുന്നു. കലക്ഷനില്‍ മാത്രമല്ല പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ചിത്രം കുതിച്ചത്. 200 കോടി ലക്ഷ്യവുമായി കുതിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാളിത്രയായിട്ടും ഹോള്‍ഡോവറാവാതെ മുന്നേറുകയാണ് ലൂസിഫര്‍. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും പൃഥ്വിരാജിന് ലഭിച്ചിരുന്നു. മഴവില്‍ മനോരമയുടെ അവാര്‍ഡ് നിശയ്ക്കെത്തിയ പൃഥ്വിയുടെ ചിത്രങ്ങളും പുതിയ ലുക്കും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മലയാളത്തിന്‍റെ മികച്ച സംവിധായകരിലൊരാളായ ഭദ്രനായിരുന്നു പൃഥ്വിക്ക് പുരസ്കാരം സമ്മാനിച്ചത്. സ്ഫടികത്തിലെ ആടുതോമയുടെ മുണ്ടുരിഞ്ഞുള്ള അടി ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ആരാധകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള മാസ് ആക്ഷന്‍ രംഗങ്ങളുമായാണ് ലൂസിഫറെത്തിയത്. മയില്‍വാഹനത്തിന്‍റെ നെഞ്ചില്‍ ചവിട്ടിയുള്ള സ്റ്റീഫന്‍റെ ആക്ഷന്‍ രംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഈ രംഗത്തെ വിമര്‍ശിച്ചും നിരവധി പേരെത്തിയിരുന്നു. റിലീസിന് മുന്‍പ് ലൂസിഫറിലെ ഈ രംഗം ഭദ്രന്‍ കണ്ടിരുന്നു. സ്ഫടികത്തിലെ രംഗമാണ് ഇത്തരമൊരു കാര്യത്തിനായി പ്രചോദനമേകിയത്. അതുകൊണ്ടാണ് അദ്ദേഹത്തെ ആ രംഗം കാണിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ഭദ്രനില്‍ നിന്നും പുരസ്കാരം സ്വീകരിച്ചതിന് പിന്നാലെയായാണ് അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞത്. ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താൻ അനുഗ്രഹം തേടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രൻ പറഞ്ഞു. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ പറഞ്ഞിരുന്നു. ഇനി സിനിമ സംവിധാനം ചെയ്താലും ഇല്ലെങ്കിലും സംവിധാനത്തിനു ലഭിച്ച ഈ ആദ്യ പുരസ്ക്കാരം വളരെ പ്രത്യേകതയുള്ളതാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി.


Click it and Unblock the Notifications