സുപ്രിയ മനസിലാക്കുന്നു, പക്ഷെ ഹാപ്പിയല്ല; വഴക്കുണ്ടാകാറുണ്ട്; മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് പൃഥ്വിരാജ്
എമ്പുരാന്റെ പ്രാെമോഷൻ തിരക്കുകളിലാണ് നടൻ പൃഥ്വിരാജ്. കരിയറിൽ ഒന്നിന് പിറകെ ഒന്നായി വലിയ സിനിമകളുമായി നീങ്ങുന്ന പൃഥ്വിക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കാറുള്ളൂ. ഭാര്യ സുപ്രിയ മേനോനും ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. മാധ്യമപ്രവർത്തനമെന്ന കരിയർ വേണ്ടെന്ന് വെച്ചാണ് സുപ്രിയ പൃഥ്വിരാജിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇപ്പോഴിതാ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
വർക്ക് ലെെഫ് ബാലൻസ് തനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അക്കാര്യത്തിൽ ഞാൻ വലിയ തോൽവിയാണ്. ഇതുവരെയും ഐഡിയൽ ആയ വർക്ക് ലെെഫ് ബാലൻസ് എനിക്ക് കണ്ടെത്താനായിട്ടില്ല. എനിക്കിപ്പോൾ 42 വയസായി. ഈ പ്രായത്തിൽ വർക്കും ഫാമിലി ടെെമും തമ്മിൽ ബാലൻസ് ചെയ്യേണ്ടതാണ്. എന്നാൽ ഞാനിപ്പോഴും മുഴുവനായും വർക്കിലാണ്. അത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജീവിതം തന്നെ സിനിമയായിരിക്കുന്നു. അത് ശരിയല്ല.

കാരണം സിനിമ മാത്രമുള്ള ജീവിതത്തിലേക്ക് ഭാര്യയെയും മകളെയും ഞാൻ കൊണ്ട് വന്ന് അതിന്റെ ഭാഗമാക്കി. മറിച്ചായിരുന്നു വേണ്ടത്. ഞാൻ അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും സിനിമ സെപ്പറേറ്റ് ചെയ്യേണ്ടതുമായിരുന്നു. സുപ്രിയ അത് മനസിലാക്കുന്നു. പക്ഷെ അതിൽ ഹാപ്പിയല്ലെന്ന് എനിക്കുറപ്പാണ്. ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു.
മകൾ അലംകൃതയെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. എന്റെ ഏറ്റവും വലിയ സന്തോഷം മകൾ വളരുന്നത് കാണുന്നതാണ്. ജീവിതത്തിൽ ഒരു നിമിഷം തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞാൽ എന്റെ മകളെ കയ്യിലെടുത്ത സമയമായിരിക്കും. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ട്രാൻസ്ഫർമേഷൻ നടന്നത് ഞാൻ അച്ഛനായ ദിവസമാണ്. ജീവിതത്തിലെ വലിയ കാര്യമാണത്. എല്ലാ അച്ഛൻമാരും അങ്ങനെയാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

തന്റെ കരിയറിലെ തീരുമാനങ്ങളെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടില്ല. വലിയ തുക വാഗ്ദാനം ചെയ്തിട്ടും പരസ്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതേസമയം സമൂഹത്തിന് ദോഷകരമല്ലാത്ത പരസ്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആടു ജീവിതമാണ് ശാരീരികമായും മാനസികമായും ഏറെ സ്ട്രെയിൻ എടുത്ത സിനിമ. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആശ്ചര്യപ്പെടുത്തിയ കോ സ്റ്റാർ മോഹൻലാലാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. വലിയ സൗഹൃദ വലയമുള്ള ആളല്ല ഞാൻ. സുഹൃത്തുക്കൾക്കൊപ്പം സ്ഥിരം ഇടപഴകുന്ന ആളല്ല ഞാൻ. ഞാൻ ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നന്നായി ഫങ്ഷൻ ചെയ്യുന്നത്. ഫ്രീ ടെെം കിട്ടിയാൽ വീട്ടിലേക്ക് പോയി ഭാര്യക്കും മകൾക്കും വളർത്ത് നായക്കുമൊപ്പം സമയം ചെലവഴിക്കാനാഗ്രഹിക്കുന്നു. അങ്ങനെയുള്ളവർക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യില്ല. കുറേക്കാലം ഒറ്റയ്ക്കാകാതിരുന്നാലാണ് അവർക്ക് സ്ട്രസ് വരികയെന്നും പൃഥ്വിരാജ് പറയുന്നു.
എന്റെ സിനിമാ യാത്രയിൽ ഒന്നും മായ്ച്ച് കളയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ചെയ്ത ഓരോ സീനിലും ഓരോ ഷോട്ടിലും സെറ്റിലിരുന്ന ഓരോ ദിവസങ്ങളിലും ഞാൻ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. ഒരു കാര്യം എങ്ങനെ ചെയ്യാമെന്നും എങ്ങനെ ചെയ്യാതിരിക്കാമെന്നും. അതിനാൽ ജീവിതത്തിലെ ഒരു നിമിഷത്തിലും തനിക്ക് ഖേദമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.


Click it and Unblock the Notifications