വർക്കൗട്ടായില്ലെങ്കിലോ എന്ന് ചിന്തിച്ചു; പൃഥിരാജിന്റെ കൂടെ കറങ്ങിയ കുട്ടിയെന്ന് പറയരുത്; സുപ്രിയയുടെ വാക്കുകൾ
പ്രിയ താരം പൃഥിരാജിന്റെ പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. 42 വയസ് പൂർത്തിയായിരിക്കുകയാണ് നടന്. കരിയറിലെ തിരക്കുകൾ മാറ്റി നിർത്തിയാൽ സ്വകാര്യ ജീവിതം നയിക്കാനാണ് പൃഥിരാജ് താൽപര്യപ്പെടുന്നത്. നടന്റെ ഭാര്യ സുപ്രിയ മേനോനും സ്വകാര്യതയ്ക്ക് ശ്രദ്ധ കൊടുക്കുന്നു. മകളെ ലൈം ലൈറ്റിൽ നിന്നും മാറ്റി നിർത്താൻ സുപ്രിയ ശ്രദ്ധിക്കാറുണ്ട്. ഇരുവരുടെയും വിവാഹവും സ്വകാര്യമായാണ് നടന്നത്. അന്ന് ഇക്കാര്യം വലിയ ചർച്ചയായതുമാണ്.
പൃഥിരാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മുമ്പൊരിക്കൽ ധന്യ വർമയുമായുള്ള അഭിമുഖത്തിൽ സുപ്രിയ മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം കുടുംബത്തിലെ തന്നെ കുറേ പേരെ അറിയിച്ചില്ല. ഞങ്ങൾക്ക് രജിസ്റ്റർ വിവാഹത്തിലായിരുന്നു താൽപര്യം. പക്ഷെ രണ്ട് പേരുടെയും മാതാപിതാക്കൾ സമ്മതിച്ചില്ല.

എന്റെ പാരന്റ്സിന് ഞാൻ ഒറ്റ മകളാണ്. ഇളയ മകന്റെ കല്യാണത്തിന് എല്ലാവരും ഒന്ന് കൂടണമെന്നായിരുന്നു അമ്മയ്ക്ക്. കല്യാണം ഞങ്ങൾക്ക് വിട്ട് തരൂ, ചെറിയ കല്യാണം മതി അത് കഴിഞ്ഞ് റിസപ്ഷൻ വെക്കാമെന്ന് പറഞ്ഞു. അത്രയും സൂക്ഷിച്ചാണ് നാല് വർഷത്തെ പ്രണയം മുന്നോട്ട് കൊണ്ട് പോയതെന്നും അന്ന് സുപ്രിയ പറഞ്ഞു. ആ നാല് വർഷത്തിൽ വളരെ കുറച്ച് പേർക്കേ ഞങ്ങൾ പ്രണയത്തിലാണെന്ന് അറിയുമായിരുന്നുള്ളൂ. ആ സ്വകാര്യതയുടെ ആവശ്യമുണ്ടായിരുന്നു.
ജേർണലിസ്റ്റെന്ന നിലയിൽ എനിക്കുള്ള പേരിന് കോട്ടം തട്ടരുതായിരുന്നു. അദ്ദേഹം ഒരു ആക്ടറാണ്. കരിയറിൽ മുന്നോട്ട് പോകാൻ ഈ ബന്ധം ഉപയോഗിക്കുന്നു എന്ന് പറയരുത്. അതുകൊണ്ടാണ് സ്വകാര്യത കാത്ത് സൂക്ഷിച്ചതെന്ന് സുപ്രിയ വ്യക്തമാക്കി. ബന്ധം മുന്നോട്ട് പോയില്ലെങ്കിലോ എന്ന തോന്നലും ഈ തീരുമാനത്തിന് പിന്നിലുണ്ടായെന്ന് സുപ്രിയ വ്യക്തമാക്കി. ആ കുട്ടിയല്ലേ, പൃഥിരാജിന്റെ കൂടെ കറങ്ങുന്നുണ്ടായിരുന്നത്, അത് വർക്കൗട്ടായില്ല എന്ന് ആളുകൾ പറയരുത്.

അറിയേണ്ടവർക്ക് അറിയാമായിരുന്നു. ആദ്യത്തെ മാസം എന്റെ അടുത്ത സുഹൃത്തുക്കളെ പൃഥി ബോംബെയിൽ വന്ന് എല്ലാവരെയും കണ്ടു. രണ്ടാമത്തെ പ്രാവശ്യം പൃഥിയെ കാണുമ്പോൾ പൃഥി വീട്ടിൽ കൊണ്ട് പോയി. അമ്മയെ കാണാൻ. ഞാൻ വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ആ സമയത്ത് ഞങ്ങൾ പരസ്പരം അറിഞ്ഞ് തുടങ്ങുന്ന സുഹൃത്തുക്കളായിരുന്നെന്നും സുപ്രിയ ഓർത്തു.
പൃഥിരാജിന്റെ കുടുംബത്തെക്കുറിച്ചോ അവരുടെ ലെഗസിയെക്കുറിച്ചോ എനിക്കൊന്നും അറിയില്ലായിരുന്നു. ഒരു പക്ഷെ അതായിരിക്കും പൃഥി എന്നിൽ റിഫ്രഷിംഗ് ആയി കണ്ടതെന്നും സുപ്രിയ അന്ന് പറഞ്ഞു.
പൃഥിരാജുമായി ആദ്യമായി സംസാരിച്ചതിനെക്കുറിച്ചും സുപ്രിയ അന്ന് ഓർത്തു. ജേർണലിസ്റ്റായി ജോലി ചെയ്യുമ്പോൾ രജിനികാന്തിന്റെ ഒരു സ്റ്റോറി ചെയ്തിരുന്നു. അത് ക്ലിക്കായപ്പോൾ ബോസ് എന്നോട് മലയാള സിനിമയെക്കുറിച്ച് സ്റ്റോറി ചെയ്യാൻ പറഞ്ഞു. നന്നായി സംസാരിക്കുന്ന ആളാണെന്ന് പറഞ്ഞാണ് എനിക്ക് നമ്പർ തന്നത്. വിളിച്ചപ്പോൾ പൃഥി ഫോൺ എടുത്തില്ല. തിരിച്ച് വിളിച്ചപ്പോൾ ഞാൻ സുഹൃത്തിനൊപ്പം തിയറ്ററിൽ സിനിമ കാണുകയായിരുന്നു. ഇപ്പോൾ സംസാരിക്കാൻ പറ്റില്ലെന്ന് ഞാൻ പറഞ്ഞു. പിന്നീട് വിളിച്ച് സംസാരിച്ചു.
അന്ന് വാട്സ്ആപ്പ് കോളൊന്നും ഇല്ല. ഞങ്ങൾ രണ്ടര മാസം പരസ്പരം കാണാതെ ഫോണിൽ സംസാരിച്ചു. ആ അഭിമുഖം നടന്നില്ല. പക്ഷെ ഞങ്ങൾ തുടർന്നും സംസാരിച്ചു. ചെന്നെെയിൽ എനിക്കൊരു അസെെൻമെന്റ് വന്നു. ഷൂട്ടിന് വേണ്ടി പൃഥിയും ചെന്നെെയിലുണ്ടായിരുന്നു. അവിടെ വെച്ച് പരസ്പരം കണ്ടു. 2006 ലായിരുന്നു ഇതെന്നും സുപ്രിയ മേനോൻ പറഞ്ഞു.


Click it and Unblock the Notifications