'ഒന്നിച്ചാൽ സന്തോഷം മാത്രം'; മയോനിയെ നെഞ്ചോട് ചേർത്ത് കടൽ കരയിൽ ഗോപി സുന്ദർ, ഇടവേളയ്ക്കുശേഷം പ്രിയ!
സംഗീത സംവിധായകനും ഗായകനുമെല്ലാമായ ഗോപി സുന്ദറിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. സംഗീത സംവിധായകന്റെ സ്വകാര്യ ജീവിതം എന്നും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന കണ്ടന്റായതുകൊണ്ട് തന്നെ ഗോപി സുന്ദർ പങ്കിടുന്ന ഓരോ സോഷ്യൽമീഡിയ പോസ്റ്റും അതിവേഗത്തിൽ വൈറലാകും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഗോപി സുന്ദറിന് ഏറ്റവും പ്രിയപ്പെട്ടയാളാണ് ഗായിക കൂടിയായ പ്രിയ നായർ.
മയോനി എന്ന പേരിലാണ് പ്രിയയുടെ ഇൻസ്റ്റഗ്രാം പേജ്. ഹരിദാസിൻ്റെ സംവിധാനത്തിൽ ഗോപി സുന്ദർ ഈണമിടുന്ന താനാരാ എന്ന ചിത്രത്തിലൂടെ സംഗീത രംഗത്തേക്ക് അരങ്ങേറി കഴിഞ്ഞു പ്രിയ. താനാരാ എന്ന ചിത്രത്തിൽ പ്രിയ ആലപിച്ച ഗാനം അടുത്തിടെ ഗോപി സുന്ദർ പങ്കുവെച്ചിരുന്നു.

സോന ലഡ്‌കി എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. ഇരുവരും തമ്മിൽ ആഴത്തിലൊരു ആത്മ ബന്ധമുണ്ടെന്ന് അല്ലാതെ മറ്റൊന്നും താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ മുമ്പ് അഭ്യൂഹങ്ങളുണ്ടായിരുന്നു. സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെയാണ് ഇരുവരേയും ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകൾ തല പൊക്കി തുടങ്ങിയത്.
ഞാൻ സ്‌നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ. എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ എന്ന അടിക്കുറിപ്പോടെയാണ് മുമ്പൊരിക്കൽ മയോനി ഗോപി സുന്ദറിന്റെ ചിത്രം പോസ്റ്റ് ചെയ്തത്. ഇരുവരും ഒരുമിച്ചാണ് യാത്രകൾ ഏറെയും.
ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മയോനി. ഒന്നിച്ചാൽ സന്തോഷം മാത്രം എന്ന തലക്കെട്ടിനൊപ്പം ചുവന്ന ഹാർട്ടി ഇമോജി കൂടി നൽകിയാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ മയോനി പങ്കുവെച്ചത്. കടൽ കാറ്റ് കൊണ്ട് ഗോപി സുന്ദറിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന മയോനിയാണ് ഫോട്ടോയിലുള്ളത്. മൂന്ന് ഫോട്ടോകളാണ് മയോനി പങ്കുവെച്ചത്.
വൈറ്റ് ക്രോഷെ ടോപ്പും ജീൻസിന്റെ ഷോർട്സുമാണ് മയോനി ധരിച്ചിട്ടുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷർട്ടാണ് ഗോപി സുന്ദർ ധരിച്ചിട്ടുള്ളത്. എന്നാൽ എവിടെ നിന്ന് പകർത്തിയ ചിത്രങ്ങളാണെന്ന് വ്യക്തമല്ല. അടുത്തിടെയായി യാത്രകളിൽ ഗോപി സുന്ദറിന്റെ കംപാനിയൻ മയോനിയാണ്. ഗായിക അമൃതാ സുരേഷുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് മയോനിയുമായി ഗോപി സുന്ദർ സൗഹൃദത്തിലായത്.

ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന് അടുത്തിടെ അമൃത സുരേഷ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്കിടെ പുതിയ പുതിയ പങ്കാളികളെ പ്രണയിനികളായി അവതരിപ്പിക്കുന്നുവെന്നതിന്റെ പേരിലാണ് ഗോപി സുന്ദറിന് എപ്പോഴും വിമർശനം ലഭിക്കുന്നത്. വിവാഹിതനും രണ്ട് ആൺകുട്ടികളുടെ അച്ഛനുമാണ് ഗോപി സുന്ദർ. പ്രിയയാണ് ഗോപി സുന്ദറിന്റെ ഭാര്യ.
പിന്നീട് പതിനാല് വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ആ ബന്ധം തകർന്നശേഷമാണ് അമൃത സുരേഷുമായി പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരായിരുന്നുവോ എന്നതിൽ വ്യക്തതയില്ല.


Click it and Unblock the Notifications











