ഞാൻ അവന്റെ സഹോദരിയല്ലെന്ന് പറഞ്ഞു, ഇപ്പോൾ എന്റെ ലേബലില്ല, പിശുക്കുന്നതിന് അമ്മ കളിയാക്കും; പ്രിയ വാര്യർ
ഒറ്റ രാത്രികൊണ്ട് ഇന്ത്യയൊട്ടാകെ സെൻസേഷനായി മാറിയ നടിയാണ് പ്രിയ വാര്യർ. അതിന്റേതായ ഗുണവും ദോഷവും ഇതുവരെയുള്ള കരിയറിൽ പ്രിയയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലം മുതൽ സിനിമയും അഭിനയവും പ്രിയയുടെ സ്വപ്നമായിരുന്നു. ഒരു അഡാർ ലവ് ആ സ്വപ്നങ്ങളിലേക്ക് എത്താൻ പ്രിയയ്ക്ക് വഴി തെളിച്ചു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം നടിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്.
ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഗുഡ് ബാഡ് അഗ്ലിയിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ കാലത്തിനുശേഷം പ്രിയ വീണ്ടും വൈറലായതും ചർച്ചയായതും ഗുഡ് ബാഡ് അഗ്ലിയിലൂടെയാണ്. സോഷ്യൽമീഡിയയിൽ ആക്ടീവായ താരം തന്റെ പുതിയ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണിപ്പോൾ.

ഒറിജിനൽസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെഗറ്റീവ് കമന്റുകളെ കുറിച്ചും പ്രിയ സംസാരിച്ചു. വസ്ത്രധാരണത്തിന്റെ പേരിലാണ് ഏറെയും വിമർശനം പ്രിയയ്ക്ക് വരാറുള്ളത്. മുമ്പ് ഞാൻ എനിക്ക് വരുന്ന കമന്റ്സ് വായിക്കുമായിരുന്നു. മൂഡ് എന്തിന് വെറുതെ നശിപ്പിക്കണമെന്ന് കരുതി ഇപ്പോൾ വായിക്കാറില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. അതിൽ ഞാൻ ഹാപ്പിയുമാണ്. പിന്നെ എന്തിന് വേറൊരാളുടെ അഭിപ്രായം വായിച്ച് മൂഡ് ഓഫ് ആകണം.
എനിക്ക് ഇഷ്ടമുള്ളത് ഇടാൻ അനുവദിക്കുന്ന വീട്ടുകാരാണ് എന്റേത്. അത്തരമൊരു പ്രശ്നങ്ങളും എനിക്ക് ഫെയ്സ് ചെയ്യേണ്ടി വന്നിട്ടില്ല. അടുത്തിടെയാണ് പ്രിയ കൊച്ചിയിലേക്ക് താമസം മാറിയത്. കുടുംബത്തോടൊപ്പം കഴിയാൻ എന്നും ഇഷ്ടപ്പെടുന്നയാളാണ് താരം.
എന്നാൽ ഒറ്റയ്ക്കുള്ള ജീവിതവും ആസ്വദിച്ച് തുടങ്ങിയെന്ന് നടി പറയുന്നു. ഭക്ഷണം ഉണ്ടാക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. എന്റെ വീട്ടിൽ ബ്രേക്ക് ഫാസ്റ്റിനും ലഞ്ചിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത വിഭവങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിലേക്ക് വന്നപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. സ്വയം തയ്യാറാക്കി കഴിക്കുക എന്നതാണ് ഏറ്റവും പ്രയാസകരം.
കഴിക്കാൻ താൽപര്യമില്ലാത്ത ഭക്ഷണങ്ങൾ വരെ സ്വന്തമായി ഉണ്ടാക്കി കഴിച്ച് തുടങ്ങി എന്നും പ്രിയ പറയുന്നു. മണി മാനേജ്മെന്റിനെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ... ഫൈനാൻസിനെ ഞാൻ മാനേജ് ചെയ്യാറുണ്ട്. എനിക്ക് സേവിങ്സുണ്ട്. ഉത്തരവാദിത്വമില്ലാതെ ചിലവാക്കുന്ന കൂട്ടത്തിലല്ല. പ്ലാൻ ചെയ്ത് മാത്രമെ ഷോപ്പിങ് നടത്താറുള്ളു. പിശുക്കുന്നതിന് അമ്മ കളിയാക്കും.

പക്ഷെ എനിക്ക് ഹാപ്പിനസ് തരുന്ന കാര്യങ്ങളും ഒരു വശത്ത് കൂടി ഞാൻ ചെയ്യുന്നുണ്ട്. ടിഫിനി ബ്രാന്റിന്റെ ഒരു റിങ് ഞാൻ അടുത്തിടെ ആശിച്ച് മോഹിച്ച് വാങ്ങി. എന്റെ പേര് അതിൽ എഴുതിയിട്ടുണ്ടെന്നും പ്രിയ പറയുന്നു. കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാത്തതിന്റെ കാരണവും നടി വെളിപ്പെടുത്തി. തൃശൂരിൽ ഒരു സോഷ്യൽലൈഫുള്ളവരാണ് എന്റെ കുടുംബാംഗങ്ങൾ. അവരുടെ പ്രൈവസി നശിപ്പിക്കുന്നതൊന്നും ചെയ്യണമെന്ന് എനിക്കില്ല. പ്രത്യേകിച്ച് എന്റെ അനിയന്റേത്. അവൻ ബാംഗ്ലൂരിൽ കോളേജിൽ പഠിക്കുകയാണ്.
പ്രിയയുടെ ബ്രദറെന്ന ഷാഡോയിൽ നിൽക്കുന്നുവെന്ന ഫീൽ അവന് സ്കൂൾ കാലത്ത് ഉണ്ടായിട്ടുണ്ട്. കൾച്ചറൽസിലൊക്കെ ഞാൻ ആക്ടീവായിരുന്നു. അവന് പക്ഷെ ആർട്സിനോട് താൽപര്യമില്ല. എന്നിട്ടും എല്ലാത്തിനും അവനെ ആളുകൾ പിടിച്ച് ഇടും. ഇപ്പോൾ അവന് പ്രിയ വാര്യരുടെ ലേബലില്ല. അവന്റെ അടുത്ത ഒന്ന്, രണ്ട് സുഹൃത്തുക്കൾക്ക് അല്ലാതെ മറ്റാർക്കും അറിയില്ല.
ഒരു ദിവസം കോളേജിലേക്ക് ഞാൻ ഒരു വരവ് വരുമെന്ന് ഇടയ്ക്കിടെ തമാശയ്ക്ക് അവനോട് പറയും. എന്റെ സമാധാനം കളയരുതെന്ന് അവൻ പറയും. നേരത്തെ വേറൊരു കോളേജിൽ അവൻ അപ്ലൈ ചെയ്തിരുന്നു. ഇന്റർവ്യുവിന് ചെന്നപ്പോൾ പ്രിയ വാര്യരെ പേഴ്സണലി പരിചയമുണ്ടോയെന്ന് ഇന്റർവ്യു പാനലിൽ നിന്നും ചോദിച്ചു. അറിയില്ലെന്നാണ് അവൻ മറുപടി പറഞ്ഞത്. അറിയുമെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ അവർ തനിക്ക് അഡ്മിഷൻ തരുമോയെന്ന തോന്നൽ അവന് വന്നുവെന്നും പ്രിയ പറയുന്നു.


Click it and Unblock the Notifications











