'പിണക്കവും ഇണക്കവുമായി പ്രിയദർശനും ലിസിയും; അമ്മ നടിയെ തിരികെ കൊണ്ട് പോകാൻ വന്നപ്പോൾ'
സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് ലിസി-പ്രിയദർശൻ വിവാഹം. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ലിസി പ്രിയദർശനെ വിവാഹം ചെയ്യുന്നത്. ഒരുമിച്ച് സിനിമ ചെയ്യവെ പ്രണയത്തിലായ ഇരുവർക്കും സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. 1990 ലായിരുന്നു താര വിവാഹം. കല്യാണി, സിദ്ധാർത്ഥ് എന്നീ മക്കളും ദമ്പതികൾക്ക് ജനിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഇരുവരും പിരിഞ്ഞു. 2016 ലായിരുന്നു വേർപിരിയൽ. 26 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് സംവിധായകൻ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ലിസി-പ്രിയദർശൻ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ലിസി-പ്രിയദർശൻ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. അവർ തമ്മിൽ ഇടയ്ക്ക് പിണക്കങ്ങളുണ്ടാകും, ഇണക്കങ്ങളുണ്ടാകും. പ്രിയന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലിസിയെ കെട്ടുന്നതിൽ കടുത്ത എതിർപ്പുള്ളവരായിരുന്നു.
ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരും. അന്ന് കൊച്ചിൻ ഹനീഫയുടെ പകലിൽ ഒരു പൗർണമി എന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്നുണ്ട്. ശിവകുമാർ, രാധിക, ലിസി, റഹ്മാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ. ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകളുമായി ഹനീഫയുടെ സെറ്റിലെത്തി. സംഘർഷ ഭരിതമായ അന്തരീക്ഷം അവരവിടെ സൃഷ്ടിച്ചു.
ലിസി ഭയന്ന് വിറച്ചു. ഹനീഫ ഒരു തനി ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാത്തിനെയും കീച്ചിക്കളയും മര്യാദക്ക് ഇവിടെ നിന്നും പൊക്കോണം എന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരിച്ച് പോയെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇതേക്കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് എടാ അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കിൽ അവർ പെണ്ണിനെയും കൊണ്ട് പോയേനെ എന്നാണ്.

ഹനീഫിക്ക ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായെനെ എന്നാണ് ലിസി എന്നോട് പറഞ്ഞത്. സുകുമാരി ചേച്ചി, ഹനീഫ എന്നിവരോടേ തനിക്ക് ജീവിതത്തിൽ കടപ്പാടുള്ളൂ എന്ന് ലിസി പറഞ്ഞിട്ടുണ്ട്. ലിസി-പ്രിയദർശൻ വിവാഹത്തിന്റെ പ്രധാന കാർമികത്വം വഹിച്ചത് കൊച്ചിൻ ഹനീഫയായിരുന്നു.
അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്ത് കുഞ്ഞനുജത്തിയെ പോലെ കണ്ട് എന്റെ വിവാഹം നടത്തിയത് ഹനീഫിക്കയാണെന്ന് ലിസി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പോഴും ലിസിയുടെ കണ്ണ് നിറയുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. സിനിമകളിൽ ഇന്ന് ലിസിയെ കാണാറില്ല.
പ്രിയദർശൻ സംവിധാന രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും മകൾ കല്യാണി പ്രിയദർശൻ ഇതിനോടകം മുൻനിര നായിക നടിയായി മാറിക്കഴിഞ്ഞു. മലയാളത്തിൽ ഹൃദയം, വർഷങ്ങൾക്ക് ശേഷം, തല്ലുമാല തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ കല്യാണി പ്രിയദർശൻ നായികയായെത്തി. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലിസിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











