യേശുദാസിന്റെ പെരുമാറ്റം; അതോടെ എആർ റഹ്മാന് പോലും എംജി ശ്രീകുമാറിനെ പ്രിയദർശൻ റെക്കമന്റ് ചെയ്തു
സംഗീത ലോകത്ത് പകരം വെക്കാനില്ലാത്ത സാന്നിധ്യമായ യേശുദാസിന് പ്രശസ്തിക്കപ്പുറം വിമർശനങ്ങൾ കേട്ടത് മുൻകോപത്തിന്റെ പേരിലാണ്. സഹപ്രവർത്തകർക്കും ആരാധകർക്കുമെല്ലാം ഇക്കാര്യത്തിൽ സമാന അഭിപ്രായമാണ്. കരിയറിൽ എന്നും തന്റേതായ ചില ചിട്ട വട്ടങ്ങൾ യേശുദാസ് പുലർത്തിയിട്ടുണ്ട്. ചില കടുംപിടുത്തങ്ങൾ വിനയായിട്ടുമുണ്ട്. ഇതിന് ഉദാഹരണമാണ് പ്രിയദർശൻ സിനിമകളിൽ യേശുദാസിന് നഷ്ടപ്പെട്ട അവസരങ്ങൾ. ഇതേക്കുറിച്ച് സംവിധായകൻ ആലപ്പി അഷറഫ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ബോയിങ് ബോയിങ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്ന സംഭവങ്ങളാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
ഒരു പാട്ട് റെക്കോഡ് ചെയ്യുമ്പോൾ ആദ്യം രചയിതാവ് വന്ന് ദാസേട്ടന് വരികൾ പറഞ്ഞ് കൊടുക്കും. ആ വരികൾ ദാസേട്ടൻ എഴുതിയെടുക്കും. അതിന് ശേഷം മ്യൂസിക് ഡയറക്ടർ വന്ന് ട്യൂൺ പറഞ്ഞ് കൊടുക്കും. പിന്നീട് അദ്ദേഹം പ്രാക്ടീസ് ചെയ്യും. ആ സമയത്ത് എല്ലാവരും ഒന്ന് മാറിത്തരണേ എന്ന് പറയും. എല്ലാവരും ഒഴിഞ്ഞ് പോകും.

ചിലപ്പോൾ മ്യൂസിക് ഡയറക്ടറോ രചയിതാവോ അടുത്തുണ്ടാകും. വേറെ ആരെയും അനുവദിക്കില്ല. ബോയിങ് ബോയിങിലും അത് പോലെയായിരുന്നു. എല്ലാവരും പോയി. പക്ഷെ സംവിധായകൻ പ്രിയദർശൻ മാത്രം അവിടെ ഇരുന്നു. സംവിധായകനാണെന്ന് രഘുകുമാർ പറഞ്ഞപ്പോൾ ആണെങ്കിലെന്തായെന്ന് ദാസേട്ടൻ. അത് പ്രിയൻ കേട്ടു. അദ്ദേഹം അവിടെ നിന്നിറങ്ങിയെന്നും ആലപ്പി അഷറഫ് പറയുന്നു.
ഇതേക്കുറിച്ച് പ്രിയദർശൻ തന്നോട് സംസാരിച്ചിരുന്നെന്നും ആലപ്പി അഷറഫ് പറയുന്നു. അഷറഫേ, ഇറങ്ങി വന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു, അത് കണ്ട് നിർമാതാവ് പ്രിയന് എന്ത് തീരുമാനവും എടുക്കാമെന്ന് പറഞ്ഞതാണ്. അദ്ദേഹം പാടിക്കോട്ടെയെന്നാണ് താൻ മറുപടി നൽകിയതെന്നും പ്രിയൻ എന്നോട് പറഞ്ഞു.

പ്രിയദർശൻ പല പടങ്ങളിൽ നിന്നും യേശുദാസിനെ ഒഴിവാക്കി. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും എന്ന് പറഞ്ഞ പോലെ എംജി ശ്രീകുമാറിന്റെ കുതിച്ചുയരൽ അവിടെയാണ്. എല്ലാ പ്രിയദർശൻ പടത്തിലും എംജി ശ്രീകുമാർ പാടാൻ തുടങ്ങി. പാട്ടുകൾ സൂപ്പർ ഹിറ്റായി. എംജി ശ്രീകുമാറിന്റെ മാർക്കറ്റ് റോക്കറ്റ് പോലെ കുതിച്ചുയർന്നു. എആർ റഹ്മാനോട് പോലും പ്രിയൻ എംജി ശ്രീകുമാറിന് വേണ്ടി റെക്കമന്റ് ചെയ്തെന്നും ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി.
യേശുദാസിന്റെ ദേഷ്യത്തെക്കുറിച്ച് നേരത്തെ മകൻ വിജയ് യേശുദാസ് സംസാരിച്ചിട്ടുണ്ട്. ആരെങ്കിലും വന്ന് അനാവശ്യമായി ചൊറിഞ്ഞാലാണ് ദേഷ്യം വരികയെന്ന് വിജയ് യേശുദാസ് പറഞ്ഞു. ദേഷ്യം വരാത്ത ആളുകൾ ആരാണുള്ളത്. തന്റെ പൂർണ സമയവും കലയ്ക്ക് വേണ്ടി നൽകിയ ഒരാളെ ഇടയ്ക്ക് ആരെങ്കിലും വന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ തന്നെയാണ്. തനിക്കും ആ ദേഷ്യം ലഭിച്ചിട്ടുണ്ടെന്നും വിജയ് യേശുദാസ് അന്ന് പറഞ്ഞു. അമേരിക്കയിലാണ് യേശുദാസ് ഇന്നുള്ളത്.


Click it and Unblock the Notifications











