ഭർത്താവിന്റെ വീട്ടുകാർക്ക് മറുപടി നൽകണം; വിവാഹ ശേഷമുണ്ടായ ആശങ്കയെക്കുറിച്ചും പ്രിയാമണി
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. മുമ്പ് നായികാ വേഷം മാത്രം ചെയ്തിരുന്ന പ്രിയാമണി ഇന്ന് കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കിൽ സഹനായിക വേഷം ചെയ്യാനും തയ്യാറാവുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിരാടപർവം എന്ന തെലുങ്ക് സിനിമയിൽ സായ് പല്ലവിയാണ് കേന്ദ്ര കഥാപാത്രം. സിനിമയിൽ പ്രിയാമണിയും ഒരു വേഷം ചെയ്തു. നായികയല്ലെങ്കിലും വിരാടപർവത്തിൽ പ്രിയാമണി ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു.
വിവാഹ ശേഷമാണ് പ്രിയാമണിയുടെ കരിയറിൽ തിരക്കുകൾ കൂടിയത്. ഭർത്താവാണ് തന്റെ ഭാഗ്യമെന്നും അദ്ദേഹം ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും മുമ്പൊരിക്കൽ പ്രിയാമണി പറഞ്ഞിട്ടുണ്ട്. അതേസമയം മറ്റ് ഭാഷകളിൽ തിരക്കേറുമ്പോഴും പ്രിയാമണിയെ മലയാള സിനിമകളിൽ കണ്ടിട്ട് നാളുകളായി. തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടൻ, ഗ്രാന്റ് മാസ്റ്റർ തുടങ്ങി ശ്രദ്ധിക്കപ്പെട്ട ഒരുപിടി മലയാള സിനിമകളിൽ അഭിനയിച്ച പ്രിയാമണി എന്തുകൊണ്ടാണ് മലയാളത്തിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് ആരാധരുടെ ചോദ്യം.

ഫാമിലി മാൻ എന്ന സീരീസിന് ശേഷം നടിക്ക് ഹിന്ദി സിനിമാ രംഗത്തുൾപ്പെടെ തിരക്ക് കൂടിയത് ഇതിന് കാരണമാണ്. ദേശീയ പുരസ്കാരം ഉൾപ്പെടെ ലഭിച്ച നടിയാണെങ്കിലും കരിയറിൽ പ്രിയാമണിക്ക് വലിയ വഴിത്തിരിവായത് ഫാമിലി മാൻ സീരീസിലെ വേഷമാണ്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രിയാമണിയെ തേടി ബോളിവുഡിൽ നിന്നുൾപ്പടെ അവസരങ്ങൾ വരാൻ തുടങ്ങി.
തന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയാമണിയിപ്പോൾ. വിവാഹ ശേഷം തനിക്ക് അവസരങ്ങൾ ലഭിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം ഇൻഡസ്ട്രി എന്നെ സ്വീകരിക്കുമോ എന്ന് ആലോചിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ രംഗത്ത് അങ്ങനെ സംഭവിക്കാറുണ്ട്. നടിമാർ വിവാഹം ചെയ്ത ശേഷം തിരിച്ചെത്തുമ്പോൾ ലീഡ് റോൾ ലഭിക്കില്ലായിരുന്നു. സഹനടി വേഷങ്ങളാണ് പകരം ലഭിക്കുക. എന്നാൽ ഇന്ന് ഈ പ്രവണത മാറി. വിവാഹിതരായ സ്ത്രീകൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.

അതേസമയം വിവാഹിതയായ ശേഷം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ നടിമാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടാകുമെന്നും പ്രിയാമണി അഭിപ്രായപ്പെട്ടു. കഥാപാത്രം ഉചിതമാണോയെന്നും സ്ക്രീനിൽ മോശമായി തോന്നുമോയെന്നും നടിമാർ നോക്കണ്ടി വരും. ഭർത്താവിന്റെ വീട്ടുകാർക്ക് മറുപടി നൽകേണ്ടതാണ് ഇതിന് കാരണമെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.
മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. 2017 ലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവന്റ് മാനേജരായിരുന്ന മുസ്തഫയുമായി സിസിഎൽ മാച്ചിന്റെ സമയത്താണ് നടി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ ഭർത്താവിനോട് അഭിപ്രായം ചോദിക്കാറുണ്ടെന്ന് പ്രിയാമണി നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.
സിനിമകൾ ചെയ്യരുതെന്ന് മുസ്തഫ പറഞ്ഞിട്ടില്ല. പക്ഷെ കഥകൾ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. വരുന്ന പ്രൊജക്ടുകളുടെ സിനോപ്സിസ് അദ്ദേഹത്തിന് അയക്കും. മുസ്തഫയുടെ അഭിപ്രായം കേട്ട ശേഷമാണ് സിനിമ ചെയ്യണോ എന്ന് തീരുമാനിക്കുന്നതെന്നും പ്രിയാമണി അന്ന് പറഞ്ഞു.
മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്. നേരത്തെ പ്രിയാമണി- മുസ്തഫ വിവാഹ ബന്ധം നിലനിൽക്കില്ലെന്ന വാദവുമായി ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു. താനുമായി നിയമപരമായി മുസ്തഫ വേർപിരിഞ്ഞിട്ടില്ലെന്നായിരുന്നു ആദ്യ ഭാര്യയുടെ ആരോപണം. എന്നാൽ ആരോപണം മുസ്തഫ നിഷേധിച്ചു. തന്റെ കൈയിൽ നിന്നും പണം കൈക്കലാക്കാനുള്ള ശ്രമമാണിതെന്നായിരുന്നു മുസ്തഫയുടെ വാദം.


Click it and Unblock the Notifications