ചുംബിച്ചാൽ ഭർത്താവിന് ഇഷ്ടപ്പെടില്ല, ഉത്തരം പറയണം; സ്ക്രിപ്റ്റുകൾ മുസ്തഫയ്ക്ക് അയക്കുന്നു; പ്രിയാമണി പറഞ്ഞത്
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞ പ്രിയാമമണി കരിയറിൽ പക്ഷെ പല ഘട്ടങ്ങൾ കണ്ടിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയെങ്കിലും പ്രിയാമണിക്ക് അവസരങ്ങൾ കുറവായിരുന്നു. തമിഴ് ചിത്രം പരുത്തിവീരനിലെ പ്രകടനത്തിനാണ് പ്രിയാമണിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. എന്നാൽ തമിഴിൽ പിന്നീട് വളരെ കുറച്ച് സിനിമകളേ നടി ചെയ്തിട്ടുള്ളൂ. തെലുങ്കിലും കന്നഡയിലും ഒരുപരിധി വരെ ഗ്രാഫ് ഉയർത്താനായി.
മലയാളത്തിൽ നടി അഭിനയിച്ച ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടു. തിരക്കഥയിലെ പ്രകടനം ഇന്നും മലയാളി പ്രേക്ഷകർ ഓർക്കുന്നു. കരിയറിൽ ഒരു ഘട്ടം വരെ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തയ്യാറായ നടിയാണ് പ്രിയാമണി. ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹ ശേഷം ഇത്തരം റോളുകൾ ചെയ്യില്ലെന്ന് പ്രിയാമണി തീരുമാനിച്ചു. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഭർത്താവിന്റെ അഭിപ്രായവും നടി തേടാറുണ്ട്. ഞാൻ ഓൺസ്ക്രീനിൽ ചുംബിക്കില്ല.

നോ പറയും. ഒരു റോൾ മാത്രമാണെന്നും എന്റെ ജോലിയാണതെന്നും അറിയാം. പക്ഷെ മറ്റൊരു പുരുഷനെ ചുംബിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ല. കാരണം ഭർത്താവിനോട് ഞാൻ ഉത്തരം പറയേണ്ടതുണ്ട്. ഹിസ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഇക്കാരണത്താൽ താൻ ഒഴിവാക്കിയെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.
കവിളിൽ ഒരു ചുംബനത്തിനപ്പുറം ഒന്നിലും ഞാൻ കംഫർട്ടബിൾ അല്ല. അത്തരം സീനുകളുള്ള ഒരുപാട് പ്രൊജക്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഈ സീനുകളിൽ കംഫർട്ട് അല്ലെന്ന് താൻ പറയുകയായിരുന്നെന്നും പ്രിയാമണി വ്യക്തമാക്കി. എന്റെ രണ്ട് കുടുംബവും പ്രൊജക്ടുകൾ പുറത്തിറങ്ങുമ്പോൾ കാണുമെന്ന് എനിക്കറിയാം. എന്റെ ജോലിയാണെന്ന് അവർക്കറിയാം. പക്ഷെ മരുമകൾ വിവാഹത്തിന് ശേഷവും ഇങ്ങനെ ചെയ്യുന്നു, എന്തിനാണ് മറ്റൊരാൾ അവളുടെ ദേഹത്ത് കെെ വെക്കുന്നതെന്ന് ഭർതൃ മാതാവിന് തോന്നാൻ പാടില്ല. അവർ അങ്ങനെ പുറത്തേക്ക് പറയില്ല. പക്ഷെ തന്റെ ചോയ്സ് ഇതാണെന്നും പ്രിയാമണി വ്യക്തമാക്കി.

മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. 2017 ലായിരുന്നു പ്രണയ വിവാഹം. മുസ്തഫയുടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ്. ഈ ബന്ധത്തിൽ മക്കളുമുണ്ട്. ഒരു അഭിമുഖത്തിൽ ഭർത്താവിന് സ്ക്രിപ്റ്റ് അയച്ച് അഭിപ്രായം ചോദിക്കുന്നതിനെക്കുറിച്ചും പ്രിയാമണി സംസാരിക്കുകയുണ്ടായി. നടിയുടെ കരിയറിന് വലിയ പിന്തുണ മുസ്തഫ രാജ് നൽകുന്നുണ്ട്.
ഭർത്താവിന് ഇപ്പോൾ ഓയിൽ മേഖലയിൽ വിദേശത്താണ് ജോലിയെന്നും അതിനാൽ തങ്ങളുടേത് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായി മാറിയെന്നും നടി അടുത്തിടെ വ്യക്തമാക്കിയിരുന്നു. മൂന്ന് മാസത്തിലൊരിക്കലാണ് കാണാറ്. ഒരുമിച്ചുള്ള സമയത്തിന് രണ്ട് പേരും പ്രാധാന്യം നൽകുന്നെന്നും പ്രിയാമണി വ്യക്തമാക്കി. മുംബെെയിലാണ് നടി താമസിക്കുന്നത്. മലയാളത്തിൽ നേര്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നിവയാണ് പ്രിയാമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും മികച്ച വിജയം നേടി.
താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ വലിയ ഇടവേള പ്രിയാമണിക്ക് വന്നിരുന്നു. നേര് എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തുന്നത്. മോഹൻലാലാണ് ചിത്രത്തിൽ നായകനായെത്തിയത്. നേരത്തെ ഗ്രാന്റ് മാസ്റ്റർ എന്ന സിനിമയിലും ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











