ഭർത്താവിനും വീട്ടുകാർക്കുമൊപ്പം നോമ്പെടുത്തു; ഞാൻ ചോദിച്ചപ്പോൾ മുസ്തഫ പറഞ്ഞത്; പ്രിയാമണി
മികച്ച പ്രകടനം കാഴ്ച വെക്കുന്ന അഭിനേത്രിയായാണ് പ്രിയാമണി എല്ലാ ഭാഷകളിലും അറിയപ്പെടുന്നത്. തെന്നിന്ത്യൻ ഭാഷകളും ഹിന്ദിയും ഒരുപോലെ വഴങ്ങുന്ന പ്രിയാമണിക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. നായികയായി മാത്രമേ സിനിമകളിൽ അഭിനയിക്കൂയെന്ന നിർബന്ധം പ്രിയാമണിക്ക് ഇല്ല. വെബ് സീരീസുകളിലും പ്രിയാമണി ശ്രദ്ധേയ വേഷം ചെയ്യുന്നു. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയാമണി ഇന്ന് പ്രാധാന്യം നൽകുന്നു. തുടക്കകാലത്ത് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ മടിക്കാതിരുന്ന പ്രിയാമണി ഇപ്പോൾ അതിന് തയ്യാറല്ല.
തനിക്ക് ഭർത്താവിനോടും വീട്ടുകാരോടും മറുപടി പറയേണ്ടി വരുമെന്നും ചുംബനരംഗത്തിൽ അഭിനയിക്കാൻ തയ്യാറല്ലെന്നും നടി അടുത്തിടെ വ്യക്തമാക്കിയിട്ടുമുണ്ട്. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്. സിസിഎൽ മാച്ചിനിടെയാണ് ഇവർ അടുക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. ആദ്യം പ്രണയം തുറന്ന് പറയുന്നതും പ്രിയാമണിയാണ്. മുസ്തഫയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഈ ബന്ധത്തിൽ കുട്ടികളുമുണ്ട്. പ്രിയാമണിയും മുസ്തഫയും രണ്ട് മതസ്ഥരുമാണ്.

എന്നാൽ ഇതൊന്നും ഇവരുടെ പ്രണയത്തെ ബാധിച്ചില്ല. വിവാഹം കഴിഞ്ഞ് സന്തോഷകരമായി രണ്ട് പേരും ജീവിക്കുന്നു. മുസ്ലിമിനെ വിവാഹം ചെയ്ത പ്രിയാമണി മതം മാറുന്നു എന്ന് വരെ ഒരു ഘട്ടത്തിൽ വ്യാജപ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങളെ പ്രിയാമണി നിഷേധിച്ചു. ഇപ്പോഴിതാ ഭർത്താവിനൊപ്പം നോമ്പ് എടുത്തതിനെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഞാൻ ഫാസ്റ്റിംഗ് ചെയ്തു. മുഹറത്തിനായിരുന്നു അത്. എന്റെ ഭർത്താവും കുടുംബവും നോമ്പ് എടുക്കുന്നുണ്ടായിരുന്നു.
അവർ മസ്കറ്റിലാണ്. ഇത് പറയുമ്പോൾ ഞാൻ മതം മാറിയെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞാൻ ഹിന്ദുവാണ്. പക്ഷെ ആ നോമ്പിന് പിന്നിലെ ആശയം എനിക്കിഷ്ടമായി. ആ ദിവസമാണ് മൗലാന ഹുസൈൻ രക്തസാക്ഷിയായത്. ഞങ്ങൾ നോമ്പ് എടുക്കുകയാണെന്ന് ഭർത്താവ് പറഞ്ഞു. എനിക്കും നോമ്പെടുക്കാൻ പറ്റുമോ എന്ന് ഞാൻ ചോദിച്ചു. പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ നാലരയ്ക്ക് ഫാസ്റ്റിംഗ് തുടങ്ങിയെന്നും പ്രിയാമണി ഓർത്തു. ഒരു തെലുങ്ക് ചാനലിനോടാണ് പ്രതികരണം.

വിവാഹത്തിന്റെ സമയത്ത് വന്ന വിമർശനങ്ങളെക്കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്. എന്തിനാണ് സ്വന്തം മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം ചെയ്യുന്നത്, ഇത് ലൗ ജിഹാദ് ആണ് തുടങ്ങിയ കുറ്റപ്പെടുത്തലുകൾ വന്നു. ഞാൻ വിവാഹം കഴിച്ചത് എനിക്ക് പ്രണയം തോന്നിയ ആളെയാണ്. പ്രണയിച്ച് വിവാഹം ചെയ്യുമ്പോൾ മറ്റൊരു ജാതിയിലോ മതത്തിലോ പെട്ടയാളാണെങ്കിൽ എന്താണ് തെറ്റെന്നും പ്രിയാമണി ചോദിച്ചു.
തനിക്ക് വരുന്ന സിനിമകളുടെ കഥകൾ ഭർത്താവ് മുസ്തഫയുമായി ചർച്ച ചെയ്യാറുണ്ടെന്നും ഒരുമിച്ചാണ് തീരുമാനം എടുക്കാറെന്നും പ്രിയാമണി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇന്റിമേറ്റ് രംഗത്തിൽ അഭിനയിക്കില്ല എന്ന നിർബന്ധം ഇന്ന് നടിക്കുണ്ട്. അടുത്തിടെ ഹിസ് സ്റ്റോറി എന്ന സീരീസിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കിയതിനെക്കുറിച്ച് പ്രിയാമണി സംസാരിച്ചിരുന്നു.
സീരീസിൽ ഒരു മേക്കൗട്ട് സീനുണ്ട്. എന്നാൽ ഇത്തരം രംഗങ്ങൾ ചെയ്യില്ലെന്ന് കരാറിൽ പറഞ്ഞിട്ടുണ്ടെന്ന് അണിയറ പ്രവർത്തകരോട് വ്യക്തമാക്കി. കവിളിൽ ഒരു ചുംബനം. അതിൽ കവിഞ്ഞ് ഒന്നിലും താൻ കംഫർട്ടബിൾ അല്ല. ഇത്തരം രംഗങ്ങളുള്ള സിനിമകൾ താൻ ഒഴിവാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സ്വയം എടുത്ത തീരുമാനമാണ് അതെന്നും പ്രിയാമണി വ്യക്തമാക്കി. ജവാനാണ് പ്രിയാമണിയുടെ റിലീസിന് ഒരുങ്ങുന്ന സിനിമ. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് പ്രിയാമണിക്ക് ലഭിച്ചത്.


Click it and Unblock the Notifications