മുസ്തുവും അമ്മയും യുഎസിലാണ്; ഡി ഫോർ ഡാൻസിന്റെ സെറ്റിലെത്തിയപ്പോൾ ചെയ്യണോ എന്ന് തോന്നി; പ്രിയാമണി
സിനിമകളിൽ തിരക്കേറി വരികയാണ് നടി പ്രിയാമണിക്ക്. തെന്നിന്ത്യയിലും ബോളിവുഡിലും നടിക്ക് തുടരെ അവസരങ്ങൾ ലഭിക്കുന്നു. ജവാൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണിയിപ്പോൾ. നായികാ വേഷം അല്ലെങ്കിലും പ്രാധാന്യമുള്ള കഥാപാത്രമാണ് നടിക്ക് ഷാരൂഖ് ചിത്രത്തിൽ ലഭിച്ചത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് പ്രിയാമണി. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നേര് എന്ന സിനിമയിലൂടെയാണ് തിരിച്ച് വരവ്.
സിനിമകൾക്ക് പുറമെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയും പ്രിയാമണി നേരത്തെ മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. ഷോയിലെ മൂന്ന് ജഡ്ജസിൽ ഒരാളായിരുന്നു പ്രിയാമണി. ഷോയിലേക്ക് എത്തിയതിനെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് പ്രിയാമണിയിപ്പോൾ. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഡി ഫോർ ഡാൻസിലാണ് ആദ്യമായി ഞാൻ ജഡ്ജായി എത്തിയത്. ഡാൻസ് എനിക്ക് വളരെ ഇഷ്ടമാണ്. പ്രസന്ന മാസ്റ്റർ ഇൻഡസ്ട്രിയിൽ എനിക്ക് ലഭിച്ച ആദ്യത്തെ സുഹൃത്തുക്കളിൽ ഒരാളാണ്. പ്രസന്ന ആയിരുന്നു എന്നെ റെക്കമെന്റ് ചെയ്തത്. എനിക്കൊരു ഹോളി ഡേ പോലെയായിരുന്നു. നന്നായിട്ടുണ്ട്, നന്നായിട്ടില്ല എന്ന് പറയണം എന്ന് വിചാരിച്ചാണ് ഞാൻ കയറിയത്. പക്ഷെ സെറ്റിലെത്തി ടാലന്റ് കണ്ടപ്പോൾ ഇത് ഞാൻ ജഡ്ജ് ചെയ്യണോ എന്ന് തോന്നി. ഇത് ഗൗരവമുള്ളതാണെന്ന് അന്ന് തിരിച്ചറിഞ്ഞതെന്നും പ്രിയാമണി വ്യക്തമാക്കി.
ഞാൻ ജഡ്ജ് ചെയ്യുമ്പോൾ നന്നായിട്ടില്ല എന്ന് പറയുന്ന ആളല്ല. ഓഫ് ക്യാമറയിൽ നന്നാകാത്ത ഭാഗങ്ങൾ അവരോട് ചിലപ്പോൾ പറയും. കുറച്ച് റഫറൻസുകൾ അയക്കും. നാല് ഭാഷകളിലും താൻ ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്തിട്ടുണ്ടെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.

ചെന്നെെ എക്സ്പ്രസിന് ശേഷം ഡാൻസ് നമ്പറുകൾ ചെയ്യാത്തതിനെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. കന്നഡിയിൽ നിന്നും തമിഴിൽ നിന്നും ഓഫർ വന്നു. പക്ഷെ നിരസിച്ചു. ആ കാറ്റഗറിയിലേക്ക് മാറിപ്പോകാനിടയുണ്ട്. ഹിന്ദിയിൽ ഡാൻസ് നമ്പർ ചെയ്താൽ അങ്ങനെയാെരു കുഴപ്പമില്ലെന്നും പ്രിയാമണി അഭിപ്രായപ്പെട്ടു.
ഞാനിപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്. ഞാനും മുസ്തുവും മുസ്തുവിന്റെ അമ്മയുമാണ് വീട്ടിൽ. മുസ്തു ഇപ്പോൾ യുഎസിലാണ്. അമ്മയും പോയിട്ടുണ്ട്. ഇപ്പോൾ ഞാൻ മാത്രമാണ് വീട്ടിൽ. വൈകാതെ ഞാനും യുഎസിലെത്തും. എനിക്ക് വളരെ സെലക്ടീവായ സുഹൃത്തുക്കളുണ്ട്. ചിലപ്പോൾ അവരുടെ കൂടെ സിനിമയ്ക്കും ഡിന്നറിനും പോകും. ഇല്ലെങ്കിൽ ഞാൻ വീട്ടിൽ തന്നെയായിരിക്കുമെന്നും പ്രിയാമണി വ്യക്തമാക്കി.
2017 ലാണ് പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. സിസിഎൽ മാച്ചിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രിയാമണിയുടെ കരിയറിന് വലിയ പിന്തുണയാണ് ഭർത്താവ് നൽകുന്നത്. അതേസമയം ഭർത്താവിന്റെ കുടുംബത്തെ അസ്വസ്ഥമാക്കുന്ന സിനിമകൾ ചെയ്യാൻ താൽപര്യമില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രിയാമണി തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ വരുമ്പോൾ ഒഴിവാക്കാറാണ്ടെന്നും നടി വ്യക്തമാക്കി.
പ്രിയാമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മൈദാൻ എന്ന ബോളിവുഡ് ചിത്രമുൾപ്പെടെ നടിയുടേതായി റിലീസ് ചെയ്യാനുണ്ട്. തിരക്കഥ, പുതിയമുഖം, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയവയാണ് പ്രിയാമണി അഭിനയിച്ച ശ്രദ്ധേയ മലയാള സിനിമകൾ. കരിയറിന്റെ ഒരു ഘട്ടത്തിൽ മലയാള സിനിമകളിൽ പ്രിയാമണിയെ കാണാതായി. നേര് എന്ന ചിത്രത്തിന് ശേഷം നടി മോളിവുഡിൽ സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications