എന്റെ സിനിമ കണ്ട് അമ്മായിയമ്മയ്ക്ക് വിഷമമായി, ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു; ബൊഹ്റ മുസ്ലിംസ് ആണവർ; പ്രിയാമണി
കരിയറിലെ തിരക്കുകളിലാണ് നടി പ്രിയാമണി. ഒന്നിന് പിറകെ ഒന്നായി നടിയുടെ സിനിമകൾ റിലീസിനെത്തുകയാണ്. ഒന്നിലേറെ ഭാഷകളിൽ സാന്നിധ്യമറിയിക്കാൻ പ്രിയാമണിക്ക് കഴിയുന്നു. നായികാ റോൾ മാത്രമേ ചെയ്യൂ എന്ന നിർബന്ധം ഇന്ന് പ്രിയാമണിക്കില്ല. ഈ തീരുമാനം പ്രിയാമണിക്ക് ഗുണകരമായിട്ടുണ്ട്. ജവാൻ ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷമാണ് നടി ചെയ്തത്. എങ്കിലും ഷാരൂഖിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ നായികയായത് കരിയർ ഗ്രാഫിന് ഗുണകരമായി. നടിക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഭർത്താവ് മുസ്തഫ രാജ് ഒപ്പമുണ്ട്.
അതേസമയം ഭർത്താവ് കാരണം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ചില നിയന്ത്രണം പ്രിയാമണി വെച്ചിട്ടുണ്ട്. വിവാഹിതയായ ശേഷം ഗ്ലാമറസ് വേഷങ്ങൾ നടി ചെയ്തിട്ടില്ല. ഒരു കാലത്ത് ഗ്ലാമറസായി അഭിനയിക്കാൻ നടി മടിച്ചിരുന്നില്ല. ഐറ്റം ഡാൻസ് ഉൾപ്പെടെ ചെയ്തിട്ടുമുണ്ട്. എന്നാൽ മുസ്തഫ രാജ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം ഗ്ലാമറസ്, വേഷങ്ങൾ ഇൻറിമേറ്റ് രംഗങ്ങൾ എന്നിവയോട് പ്രിയാമണി നോ പറഞ്ഞു. സിനിമകളുടെ കഥ ഭർത്താവുമായി ചർച്ച ചെയ്യാറുണ്ടെന്നും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്നും നടി തുറന്ന് പറഞ്ഞിട്ടുണ്ട്.

ഭാര്യ, മരുമകൾ എന്നീ നിലകളിൽ ഇത്തരം സിനിമകൾ ഒഴിവാക്കാൻ താൻ തീരുമാനിക്കുകയിരുന്നെന്നും പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്.
കരിയറിനും കുടുംബ ജീവിതത്തിനും വലിയ പ്രാധാന്യം പ്രിയാമണി നൽകുന്നുണ്ട്. ഭർത്താവിനും ഭർത്താവിന്റെ അമ്മയ്ക്കുമൊപ്പം മുംബൈയിലാണ് പ്രിയാമണി ഇന്ന് താമസിക്കുന്നത്. ഇപ്പോഴിതാ അമ്മായിയമ്മയെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. തന്റെ ഒരു സിനിമ കണ്ട് അമ്മായിയമ്മയ്ക്ക് വിഷമം തോന്നിയെന്ന് പ്രിയാമണി പറയുന്നു. ഒരു തെലുങ്ക് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ജവാൻ എന്ന സിനിമയെക്കുറിച്ചാണ് പ്രിയാമണി പരാമർശിച്ചത്. റിലീസ് സമയത്ത് മുസ്തഫ യുഎസിലായിരുന്നു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമായി മുപ്പതോളം ടിക്കറ്റുകൾ അദ്ദേഹം ബുക്ക് ചെയ്തു. എല്ലാവർക്കും ജവാൻ ഇഷ്ടമായി. അമ്മായിയമ്മയ്ക്ക് വിഷമമായി. എന്റെ കഥാപാത്രം മരിക്കുന്നത് കണ്ടായിരുന്നു അത്. ഇങ്ങനെയുള്ള സിനിമ ചെയ്യാതിരിക്കൂ, എനിക്ക് നീ മരിക്കുന്നത് കാണാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മായിയമ്മ കുറച്ച് ഇമോഷണലായെന്നും പ്രിയാമണി ഓർത്തു.

അമ്മായിയമ്മയുമായി ഹിന്ദിയിലാണ് സംസാരിക്കാറ്. അതേസമയം അവരുടെ ഭാഷ ശൈലിയല്ല തനിക്കെന്നും പ്രിയാമണി വ്യക്തമാക്കി. അവർ ബൊഹ്റ മുസ്ലിംസ് ആണ്. അവരുടെ ഭാഷയിൽ ഗുജറാത്തി ഭാഷയുടെ അംശമുണ്ട്. പറയുന്നത് മനസിലാക്കാം. പക്ഷെ അത് പോലെ പറയാൻ തനിക്ക് സാധിക്കില്ലെന്നും പ്രിയാമണി വ്യക്തമാക്കി.
2017 ലാണ് പ്രിയാമണി വിവാഹം ചെയ്തത്. സിസിഎല്ലിനിടെയാണ് മുസ്തഫയെ പ്രിയാമണി പരിചയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതാണ് നേരത്തെ മുസ്തഫയ്ക്കെതിരെ ആദ്യ ഭാര്യ ആയിഷ രംഗത്ത് വന്നിരുന്നു. പ്രിയാമണിയുമായുള്ള വിവാഹ ബന്ധത്തിന് നിയമ സാധുത ഇല്ലെന്നും കാരണം താനും മുസ്തഫയും നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും ഇവർ ആരോപിച്ചു. കുട്ടികൾക്ക് ചെലവിന് പണം തരുന്നില്ലെന്നും ആയിഷ തുറന്നടിച്ചു.
എന്നാൽ ആരോപണങ്ങൾ അന്ന് മുസ്തഫ നിഷേധിക്കുകയാണുണ്ടായത്. വിവാദങ്ങളൊന്നും പ്രിയാമണിയുടെ വിവാഹ ജീവിതത്തെ ബാധിച്ചില്ല. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് നേര് എന്ന സിനിമയിലൂടെ പ്രിയാമണി മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മോഹൻലാൽ നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. ജിത്തു ജോസഫാണ് നേര് സംവിധാനം ചെയ്തത്.


Click it and Unblock the Notifications