അവസരം ലഭിക്കാൻ അവരെ നിന്റെ പോക്കറ്റിൽ വെക്കണം; ആ വ്യക്തി തന്ന മോശം ഉപദേശം; പ്രിയാമണി
വർഷങ്ങളായി നായിക നിരയിൽ ശ്രദ്ധേയ സാന്നിധ്യമായി തുടരുന്ന നടിയാണ് പ്രിയാമണി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ പ്രിയാമണിക്ക് ലഭിക്കുന്നു. അന്നും ഇന്നും മലയാള സിനിമാ രംഗത്ത് പ്രിയാമണിക്ക് തന്റേതായ സ്ഥാനമുണ്ട്. തിരക്കഥ, പ്രാഞ്ചിയേട്ടൻ, ഗ്രാന്റ് മാസ്റ്റർ, നേര് തുടങ്ങിയ ശ്രദ്ധേയ മലയാള ചിത്രങ്ങളുടെ ഭാഗമാകാൻ പ്രിയാമണിക്ക് സാധിച്ചു. കരിയറിൽ പല ഘട്ടങ്ങൾ പ്രിയാമണിക്കുണ്ടായിട്ടുണ്ട്. വിജയ പരാജയങ്ങൾ നടിക്ക് ഒരു പോലെ വന്നു.
ഇന്ന് കരിയറിലെ ഏറ്റവും മികച്ച സമയത്താണ് പ്രിയാമണിയുള്ളത്. ബോളിവുഡിൽ നിന്നുൾപ്പെടെ വലിയ അവസരങ്ങൾ താരത്തെ തേടി വരുന്നു. കരിയറിലെ തുടക്ക കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രിയാമണിയിപ്പോൾ. ഒരു വ്യക്തിയിൽ നിന്നും തനിക്ക് മോശം ഉപദേശം ലഭിച്ചിട്ടുണ്ടെന്ന് പ്രിയാമണി പറയുന്നു. ആളുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ ഏറെക്കാലം മുമ്പ് എന്നോടൊപ്പം വർക്ക് ചെയ്ത ആളാണ്. എന്നോടിങ്ങനെ പറഞ്ഞത് എനിക്ക് ഷോക്കായിരുന്നു.

കരിയറിൽ മുന്നേറണമെങ്കിൽ ഹീറോയ്ക്കോ സംവിധായകർക്കോ മെസേജ് അയക്കണം. അവരെ നിന്റെ പോക്കറ്റിൽ നിർത്തണം എന്ന് പറഞ്ഞു. നേരിട്ടുള്ള മെസേജ് ആയിരിക്കണം എന്നില്ല, പക്ഷെ ഹായ്, ഹൗ ആർ യു എന്നൊക്കെ മെസേജ് അയക്കണം എന്നാണ് അയാൾ പറഞ്ഞത്. തനിക്കത് പറ്റില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞു. അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല ഞാൻ, എന്റെ വർക്കും കഴിവുമാണ് സംസാരിക്കേണ്ടത്. എനിക്ക് രാത്രി സമാധാനമായി കിടന്നുറങ്ങണം.
എന്റെ മാതാപിതാക്കളെ നാണം കെടത്തരുത്. ഇങ്ങനെ ചെയ്ത് ഒരു സിനിമ ലഭിച്ചാൽ പിന്നീട് എങ്ങനെ തനിക്ക് ജീവിക്കാൻ പറ്റുമെന്ന് താൻ ചിന്തിച്ചെന്നും പ്രിയാമണി വ്യക്തമാക്കി. തനിക്ക് അങ്ങോട്ട് അവസരങ്ങൾ ചോദിച്ച് പോകാൻ താൽപര്യമില്ലെന്നും പ്രിയാമണി പറയുന്നു. അങ്ങനെ ചെയ്യുന്നവരുണ്ടാകാം. പക്ഷെ തനിക്കത് പറ്റില്ലെന്നും നടി വ്യക്തമാക്കി.

മറ്റ് നായികമാർ കാരണം തന്റെ സീനുകൾ സിനിമകളിൽ കട്ട് ചെയ്ത സാഹചര്യമുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. തിരക്കഥ എന്ന സിനിമയ്ക്ക് തനിക്ക് ദേശീയ പുരസ്കാരം ലഭിക്കാതെ പോയത് സ്വന്തമായി ഡബ് ചെയ്യാത്തത് കൊണ്ടായിരുന്നെന്നും പ്രിയാമണി പറയുന്നുണ്ട്. പരുത്തിവീരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്.
അക്കാലത്ത് കരിയറിലെ മോശം കാലഘട്ടത്തിലൂടെ കടന്ന് പോകവെയാണ് പരുത്തിവീരൻ നടിക്ക് ലഭിക്കുന്നത്. ഇത് കരിയറിൽ വഴിത്തിരിവായി. അതേസമയം തമിഴകത്ത് മുൻ നിര നായിക നടിയായി പ്രിയാമണിക്ക് മാറാൻ സാധിച്ചില്ല. മലയാളം, തെലുങ്ക്, കന്നഡ സിനിമാ രംഗത്താണ് താരത്തിന് കൂടുതൽ അവസരം ലഭിച്ചത്. ഇന്ന് ബോളിവുഡിൽ നിന്നും പ്രിയാമണിക്ക് മികച്ച സിനിമകളും സീരീസുകളും ലഭിക്കുന്നു. ഫാമിലി മാൻ എന്ന സീരീസാണ് പ്രിയാമണിക്ക് ബോളിവുഡിൽ കരിയറിൽ വഴിത്തിരിവായത്.


Click it and Unblock the Notifications