40 വയസായി, ഈ പ്രായത്തിൽ എനിക്കെന്തിനാണ് സർജറി; വെളുക്കാൻ ഇഞ്ചക്ഷൻ എടുത്തോയെന്ന് ചോദിച്ചു; പ്രിയാമണി
മികച്ച അഭിനേത്രിയെന്ന ഖ്യാതി നേടിയ നടി പ്രിയാമണിക്ക് ദേശീയ പുരസ്കാരമുൾപ്പെടെയുള്ള നേട്ടങ്ങൾ സ്വന്തമാക്കാനായി. തിരക്കഥ, ഗ്രാന്റ് മാസ്റ്റർ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയ്ന്റ്, നേരം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ പ്രിയാമണിക്ക് മലയാളത്തിൽ നിന്ന് ലഭിച്ചു. തമിഴ് ചിത്രം പരുത്തിവീരനിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയാമണിക്ക് ലഭിച്ചത്. ഇന്ന് ബോളിവുഡിലും പ്രിയാമണി ശ്രദ്ധേയ സാന്നിധ്യമാണ്.
ഇപ്പോഴിതാ സിനിമാ രംഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രിയാമണി. ഫിലിം ഫെയറുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. തനിക്ക് നേരെ വന്ന മോശം കമന്റുകളെക്കുറിച്ച് പ്രിയാമണി സംസാരിച്ചു. ഇൻഡസ്ട്രിയിൽ നിന്ന് ബോഡി ഷെയ്മിംഗ് നേരിട്ടില്ല. പക്ഷെ സോഷ്യൽ മീഡിയയിൽ നിന്നും വന്നിട്ടുണ്ട്. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നുള്ള ഫോട്ടോ വന്നപ്പോൾ എന്റെ കാലിന്റെ ഭാഗം കറുത്തിട്ടായിരുന്നു.

അതിന്റെ പേരിൽ ഒരുപാട് കമന്റുകൾ വന്നു. ഫോട്ടോഗ്രാഫർ നന്നായി എഡിറ്റ് ചെയ്തിട്ടില്ല, നിങ്ങൾ കറുത്തിട്ടായിരുന്നു എങ്ങനെ ഇത്ര വെളുത്തു, ഇഞ്ചക്ഷൻ എടുത്തോ എന്നൊക്കെ ചോദ്യം വന്നു. ഞാനൊന്നും ചെയ്തിട്ടില്ല. കോസ്മെറ്റിക് സർജറി ചെയ്യണമെന്ന് എന്നോട് സിനിമാ രംഗത്ത് നിന്ന് ആരും പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളോട് താൽപര്യവും തോന്നിയിട്ടില്ല. എനിക്ക് നാൽപത് വയസായി. സർജറി എന്നിൽ ഇനിയെന്ത് ചെയ്യാനാണെന്നും പ്രിയാമണി വ്യക്തമാക്കി.
ഇപ്പോൾ തനിക്ക് വരുന്ന റോളുകൾ പ്രായത്തിനനുസരിച്ചുള്ളതാണെന്നും പ്രിയാമണി പറയുന്നു. എനിക്ക് 40 വയസായെന്ന് പറയുന്നതിൽ അഭിമാനമാണ്. എന്തിന് പ്രായം ഒളിക്കണം. ഏറെക്കാലം മുമ്പേ ഞാൻ അമ്മ വേഷം ചെയ്യുന്നതാണ്. മുപ്പത് വയസുള്ളപ്പോഴാണ് ഗ്രാന്റ്മാസ്റ്ററിൽ അമ്മ വേഷം ചെയ്യുന്നത്. അമ്മ വേഷങ്ങൾ മാത്രമേ ഇനി വരൂ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ വരുന്ന റോളുകൾ എനിക്ക് ഓക്കെയായിരുന്നു.

എന്റെ സമകാലീനരായ നടിമാരും ഇത്തരം വേഷങ്ങൾ ചെയ്യുന്നുണ്ട്. ആ മെന്റൽ ബ്ലോക്ക് ഒഴിവാക്കി. അതുകൊണ്ടാണ് താനിപ്പോൾ അമ്മ വേഷങ്ങൾ ചെയ്യുന്നതെന്നും പ്രിയാമണി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പോസ്റ്റ് ചെയ്യാൻ താൽപര്യമില്ലെന്നും പ്രിയാമണി വ്യക്തമാക്കി. എനിക്ക് പിആർ ടീം ഇല്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും പോസ്റ്റ് ചെയ്യാൻ താൽപര്യമില്ല. അങ്ങനെ ചെയ്യുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഫോട്ടോ പോസ്റ്റ് ചെയ്യും. ഞാൻ കഴിക്കുന്നതെന്തെന്ന് ആളുകളെ കാണിക്കാൻ താൽപര്യമില്ല. കൊവിഡിന്റെ സമയത്ത് ഒരുപാട് പേർ എന്നോട് യൂട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞു. അത് ഞാൻ ചെയ്യില്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്ന് ഞാൻ കരുതുന്നു. ജനങ്ങളെ കാണിക്കേണ്ടത് മാത്രമേ കാണിക്കാൻ പാടുള്ളൂ. സോഷ്യൽ മീഡിയയിലെ ജീവിതം ടെക്നിക്കലി ബിഗ് ബോസ് പോലെയാണ്. തനിക്കതിന് താൽപര്യമില്ലെന്നും പ്രിയാമണി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications