അന്ന് മെസേജ് അയച്ചതാണ്, പൃഥ്വിരാജിനെ പിന്നെ കണ്ടിട്ടില്ല; ഗെറ്റ് ടുഗെദർ പോലെയായിരുന്നു ഞങ്ങൾക്ക്: പ്രിയാമണി
കരിയറിൽ മികച്ച പ്രൊജക്ടുകളുമായി മുന്നോട്ട് പോകുകയാണ് നടി പ്രിയാമണി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ പ്രിയാമണിക്ക് ലഭിക്കുന്നു. നായികാ വേഷവും വലിയ പ്രൊജക്ടുകളിൽ സഹനായികാ വേഷവും പ്രിയാമണി ഇന്ന് ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ ചെറിയ വേഷമാണ് പ്രിയാമണി ചെയ്തത്. മലയാളത്തിൽ അടുത്തിടെ റിലീസ് ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയിലാണ് പ്രിയാമണിയെ പ്രേക്ഷകർ കണ്ടത്.
കുഞ്ചാക്കോ ബോബനാണ് നായകനായെത്തിയത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ഓഫീസർ ഓൺ ഡ്യൂട്ടി. മലയാളത്തിൽ പ്രിയാമണിയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകൻ പൃഥ്വിരാജാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണിയിപ്പോൾ. താൻ കരിയറിൽ കൂടുതൽ സിനിമകൾ ചെയ്ത നായകൻ പൃഥ്വിരാജാണെന്ന് പ്രിയാമണി പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പൃഥ്വിക്കും ജഗപതി ബാബവിനും ഒപ്പമാണ് കരിയറിൽ ഏറ്റവും കൂടുതൽ നായികയായത്. പൃഥ്വിയുടെ കൂടെ ആറ് സിനിമകളും ജഗപതി ബാബുവിന്റെ കൂടെ അഞ്ച് സിനിമകളും ചെയ്തു. ലൂസിഫർ പുറത്തിറങ്ങിയ സിനിമയത്ത് ഞാൻ മെസേജ് അയച്ചിരുന്നു. എമ്പുരാന്റെ ട്രെയിലർ ഇതുവരെയും കണ്ടിട്ടില്ല. ലൂസിഫർ കാണാൻ പോകുകയാണെന്ന് പറഞ്ഞു. ബാഗ്ലൂരിൽ വെച്ചാണ് സിനിമ കണ്ടത്. എങ്ങനെയുണ്ടെന്ന് എന്നെ അറിയിക്കൂ എന്ന് പൃഥ്വിരാജ് മറുപടി നൽകി. പൃഥ്വിരാജിനെ കാണാനുള്ള അവസരം പിന്നീട് ലഭിച്ചിട്ടില്ല.
പക്ഷെ അദ്ദേഹത്തിന്റെ വളർച്ചയിൽ സന്തോഷമുണ്ട്. നടൻ ഇനിയും ഉയർച്ചകളിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രിയാമണി വ്യക്തമാക്കി. പൃഥ്വിയുടെ അമ്മ മല്ലികാന്റിയും എന്റെ അമ്മയും കോളേജ് മേറ്റ്സായിരുന്നു. ആ ഒരു കണക്ഷനുമുണ്ട്. പൃഥ്വിക്കൊപ്പം വർക്ക് ചെയ്യുന്നത് വളരെ നല്ല അനുഭവമായിരുന്നു. ഫ്രണ്ട്സിനൊപ്പം വർക്ക് ചെയ്യുന്നത് പോലെ. സത്യം, തിരക്കഥ, നിനെെത്താലെ എനിക്കും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചത് കോളേജ് ഫ്രണ്ട്സ് ഗെറ്റ് ടുഗെദർ പോലെയായിരുന്നു.

പൃഥ്വിയെ കണ്ടിട്ട് ഒരുപാട് കാലമായി. തിരക്കഥ എന്ന സിനിമയിൽ മല്ലികാന്റി തന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ടെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി. പൃഥ്വിരാജും പ്രിയാമണിയും ഒരുമിച്ച് അഭിനയിച്ചിട്ട് നാളേറെയായി. കുഞ്ചാക്കോ ബോബനൊന്നും അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും പ്രിയാമണി പറയുന്നുണ്ട്. ഡി ഫോർ ഡാൻസിൽ ഒരു ഓണം എപ്പിസോഡിൽ ചാക്കോച്ചൻ വന്നിരുന്നു. അന്ന് ഹായ് ഹലോ പറഞ്ഞു.
ഒരുമിച്ച് സിനിമ ചെയ്തപ്പോൾ ആദ്യമായാണെന്ന തോന്നലുണ്ടായില്ല. പക്ഷെ ചാക്കോച്ചനൊപ്പം ഡാൻസ് ചെയ്യാനായില്ല എന്ന വിഷമമുണ്ട്. അടുത്ത തവണ ചെയ്യുമ്പോൾ ഒരുമിച്ച് ഡാൻസ് നമ്പർ ചെയ്യണമെന്നുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. മലയാളത്തിൽ പ്രിയാമണി ചെയ്ത ഭൂരിഭാഗം സിനിമകളും ശ്രദ്ധിക്കപ്പെട്ടതാണ്. തിരക്കഥ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഗ്രാന്റ് മാസ്റ്റർ, പുതിയ മുഖം എന്നീ സിനിമകളെല്ലാം ഉദാഹരണം.
പ്രിയാമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഫാമിലി മാൻ സീസൺ ത്രീ ആണ് നടിയുടെ വരാനുള്ള വലിയ പ്രൊജക്ടുകളിലൊന്ന്. ഈ സീരിസിലൂടെയാണ് താരത്തിന് ബോളിവുഡിൽ ശ്രദ്ധ ലഭിക്കുന്നത്. ഇന്ന് ഹിന്ദി സിനിമകളിലും സീരീസുകളിലും പ്രിയാമണി സാന്നിധ്യം അറിയിക്കുന്നു. ഓഫീസർ ഓൺ ഡ്യൂട്ടിയുടെ വിജയത്തിളക്കത്തിലാണ് പ്രിയാമണിയിപ്പോൾ. മലയാളത്തിൽ നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications











