മുസ്തഫയുടെ ആദ്യ ഭാര്യയുണ്ടാക്കിയ പ്രശ്നം; അച്ഛനും അമ്മയും ആശങ്കപ്പെട്ടിരുന്നെന്ന് പ്രിയാമണി; മുസ്തഫ പറഞ്ഞത്
വിവാഹം കരിയറിന് വിലങ്ങ് തടിയല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. വിവാഹ ശേഷമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വളർച്ചയുണ്ടായത്. ബോളിവുഡിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് പ്രിയാമണി ഇപ്പോൾ. മൈദാൻ ആണ് പുതിയ ചിത്രം. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പ്രിയാമണിക്ക് ബോളിവുഡിൽ തുടരെ അവസരങ്ങൾ ലഭിച്ച് തുടങ്ങിയത്. കരിയറിനൊപ്പം വിവാഹ ജീവിതവും നടി മുന്നോട്ട് കൊണ്ട് പോകുന്നു. 2017 ലാണ് പ്രിയാമണി വിവാഹിതയായത്. മുസ്തഫ രാജ് എന്നാണ് ഭർത്താവിന്റെ പേര്.
അടുത്തിടെയാണ് മുസ്തഫയ്ക്കെതിരെ മുൻ ഭാര്യ ആയിഷ രംഗത്ത് വന്നത്. മുസ്തഫ താനുമായി ഔദ്യോഗികമായി വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം നിയമ പ്രകാരം അസാധുവാണെന്ന് ആയിഷ വാദിച്ചു. വാർത്ത വലിയ തോതിൽ ചർച്ചയായി. മുസ്തഫ നേരത്തെ വിവാഹിതനാണെന്നും ഈ ബന്ധത്തിൽ മക്കളുണ്ടെന്നും അപ്പോഴാണ് മിക്കവരും അറിയുന്നത്. എന്നാൽ ആദ്യ ഭാര്യ ഉന്നയിച്ച ആരോപണങ്ങളെ മുസ്തഫ നിഷേധിച്ചു. 2021 ലാണ് ഈ സംഭവം നടന്നത്. അന്നുണ്ടായ വിവാദങ്ങൾ പതിയെ കെട്ടടങ്ങി.

ഇതേക്കുറിച്ച് പരോക്ഷമായി സംസാരിക്കുകയാണ് പ്രിയാമണിയിപ്പോൾ. തന്റെ വിവാഹത്തിന് നേരെ വന്ന വിവാദങ്ങൾ മാനസികമായി ബാധിച്ചിരുന്നെന്ന് പ്രിയാമണി പറയുന്നു. എന്റെ മാത്രമല്ല എന്റെ അച്ഛനെയും അമ്മയെയും ബാധിച്ചു. ഭർത്താവ് ഞങ്ങൾക്കൊപ്പം പാറ പോലെ ഉറച്ച് നിന്നു. എന്ത് സംഭവിച്ചാലും, ആദ്യം ഞാൻ ഏറ്റ് വാങ്ങും. എന്നിട്ടേ നിങ്ങളിലേക്കെത്തൂ. ഒന്നും പേടിക്കേണ്ട. എന്റെ കൈ പിടിച്ച് എന്നോടൊപ്പം നിൽക്കൂ എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ. ഞങ്ങൾ പ്രണയത്തിലായ സമയത്ത് തന്നെ കുറേ അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. അന്ന് ഞാൻ ഇതേ കാര്യമാണ് പറഞ്ഞത്.
നമ്മൾ ഒരുമിച്ചാണ് ഇങ്ങനെയൊരു സ്റ്റെപ്പ് എടുത്തത്, ഇനിയുള്ള ജീവിതം ഒരുമിച്ച് ചെലവഴിക്കാൻ നമ്മൾ തീരുമാനിച്ചതാണ്. ഇതിലൂടെ നമ്മൾ കടന്ന് പോകുമെന്നാണ് ഭർത്താവ് പറഞ്ഞു. എന്നെ നന്നായി മനസിലാക്കുന്ന പങ്കാളിയാണ്. എല്ലാം കൈകാര്യം ചെയ്യാൻ അറിയാം. ഇങ്ങനെയൊരു പങ്കാളിയെ ലഭിച്ചതിൽ താൻ സന്തോഷവതിയാണെന്നും പ്രിയാമണി വ്യക്തമാക്കി.

അന്ന് വന്ന ഗോസിപ്പുകൾ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷെ അന്ന് ഞാൻ ബോംബെയിൽ ഇല്ല. ബാംഗ്ലൂരിൽ എന്റെ വീട്ടിലായിരുന്നു. ഭർത്താവ് യുഎസിലും. ഞങ്ങളത് കൈ കാര്യം ചെയ്തു. എന്റെ മാതാപിതാക്കളെ അത് ബാധിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചു. ആളുകൾ പറയുന്നത് ശ്രദ്ധിക്കാതിരിക്കാൻ അവരോട് പറഞ്ഞു. ചിലപ്പോൾ, ഗോസിപ്പാകാം, ചിലപ്പോൾ സത്യമാകാം, എന്ത് തന്നെയായാലും ഞങ്ങൾ രണ്ട് പേരും നോക്കും. ഞങ്ങളെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്താൽ മതിയെന്ന് അവരോട് പറഞ്ഞെന്നും പ്രിയാമണി വ്യക്തമാക്കി. ഗലാട്ട ഇന്ത്യയോടാണ് പ്രതികരണം.
ആദ്യ ഭാര്യ ആയിഷയുടെ ആരോപണങ്ങൾക്കെതിരെ മുസ്തഫ രാജ് അന്ന് രംഗത്ത് വന്നിരുന്നു. 2010 മുതൽ ആയിഷയുമായി വേർപിരിഞ്ഞ് താമസിക്കുകയാണ്. 2013 ൽ ഔദ്യോഗികമായി വേർപിരിഞ്ഞു. ആയിഷയ്ക്കും മക്കൾക്കും പണം നൽകുന്നുണ്ട്. തന്നിൽ നിന്നും ഇനിയും പണം കൈക്കലാക്കാനുള്ള ശ്രമമാണിത്. 2017 ലാണ് താൻ പ്രിയാമണിയെ വിവാഹം ചെയ്തത്. ഇതിന് ശേഷം നാല് വർഷം കഴിഞ്ഞാണ് ആയിഷ ആരോപണം ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്നും മുസ്തഫ ചോദിച്ചു.


Click it and Unblock the Notifications