മുഖത്തിനും കാലിനും വേറെ നിറമെന്ന് കമന്റുകൾ; ആ നടൻ എന്നെ വിളിച്ചാലും എനിക്ക് തോന്നിയാലേ ചെയ്യൂ; പ്രിയാമണി
അഭിനയ മികവിന്റെ കാര്യത്തിൽ പ്രിയാമണിക്ക് എപ്പോഴും പ്രശംസകളാണ് ലഭിച്ചിട്ടുള്ളത്. പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ പ്രിയാമണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. ഫാമിലി മാൻ എന്ന സീരീസിലൂടെ ബോളിവുഡിലും നടി ജനപ്രീതി നേടി. കൈ നിറയെ അവസരങ്ങളാണ് പ്രിയാമണിക്ക് ഇന്ന് സിനിമാ രംഗത്ത്. അടുത്തിടെ റിലീസ് ചെയ്ത ജവാൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് പ്രിയാമണിക്ക് ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കെതിരെ പലപ്പോഴും പ്രിയാമണി സംസാരിച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗ് കമന്റുകൾ തനിക്കെതിരെ തുടരെ വന്നിരുന്നെന്ന് അടുത്തിടെ താരം തുറന്ന് പറയുകയുണ്ടായി. തന്റെ നിറത്തെക്കുറിച്ച് വന്ന കമന്റുകളെക്കുറിച്ച് പ്രിയാമണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

മുഖം അറിയാത്ത ഒരാൾക്ക് നമ്മൾ പ്രാധാന്യം കൊടുത്താൽ അവർക്ക് ഒരു മിനുട്ടിന്റെ പ്രശസ്തി നൽകുന്നത് പോലെയാണ്. പക്ഷെ പറയുന്നതിൽ സെൻസുണ്ടാകണം. എന്ത് ചെയ്താലും കുറ്റം പറയുന്നവരുണ്ട്. തടി വെച്ചാൽ ഭാരം കൂടിയെന്ന് പറയും. കുറച്ചാൽ മെലിഞ്ഞ് പോയല്ലോ എന്ന് പറയും. പോസിറ്റീവായി എടുക്കുക. ഈയടുത്ത് കുറേ പേർ എന്റെ നിറത്തെക്കുറിച്ച് കമന്റ് ചെയ്തു. കാൽ കറുത്തിട്ടും മുഖം വെളുത്തിട്ടുമാണെന്ന്. ചിലപ്പോൾ അത് ലൈറ്റിംഗോ എഡിറ്റിംഗോ കൊണ്ടാകാം.
അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലിന്റെ നിറവും മുഖത്തിന്റെ നിറവും വ്യത്യാസപ്പെടാം. കാരണം ഞാൻ മേക്കപ്പിട്ടുണ്ട്. വിമർശനങ്ങളിൽ എന്തെങ്കിലും ഒരു അർത്ഥം ഉണ്ടാകണം. അടുത്തിടെ ജഗപതി ബാബു എന്ന നടന്റെ സിനിമയുടെ വീഡിയോ ഞാൻ പങ്കുവെച്ചു. പുള്ളിക്കാരന്റെ മാനേജരും എന്റെ മാനേജരും ഒരാളാണ്. ഈ പടത്തിന് വേണ്ടി ഒരു വീഡിയോ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു. മംമ്ത മോഹൻദാസും വിമല രാമനും ആ സിനിമയിലുണ്ട്.

മൂന്ന് പേരും എന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് സിനിമയെക്കുറിച്ച് വീഡിയോ ചെയ്തു. ജഗപതി ബാബു നന്ദി പറഞ്ഞു. പിന്നീട് അതിൽ കുറേ കമന്റുകൾ വന്നു. ഒരാൾ എന്നെ ടാഗ് ചെയ്ത് കമന്റിട്ടത് ജഗപതി ബാബു എന്തുകൊണ്ടാണ് നിങ്ങളെ വിളിക്കാത്തതെന്നാണ്. ജഗപതി ബാബു എന്തിന് എന്നെ വിളിക്കണം എന്ന് ഞാൻ ചോദിച്ചു. റെക്കമന്റ് ചെയ്താലും എനിക്ക് ചെയ്യാൻ തോന്നിയാലേ ചെയ്യൂ എന്നും പറഞ്ഞു.
പിന്നീട് അതൊരു നോൺസെൻസിലേക്ക് പോയി. പിന്നീട് ഞാനത് വിട്ടു. ഒരു ദിവസത്തിന് ശേഷം ആ വിഷയം പോയി. വിമർശിക്കുന്നത് കുഴപ്പമില്ല. പക്ഷെ അത് വ്യക്തിപരമാകരുത്. തന്റെ കുടുംബത്തെ വിമർശനങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രിയാമണി വ്യക്തമാക്കി.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നേര് എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുകയാണ് പ്രിയാമണി. ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് നേര്. നേരത്തെ ഗ്രാന്റ് മാസ്റ്റർ എന്ന സിനിമയിൽ പ്രിയാമണി മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജവാന് ശേഷം ബോളിവുഡിൽ നിന്നും നടിക്ക് തുടരെ അവസരങ്ങൾ വരുന്നുണ്ടെന്നാണ് വിവരം. പ്രിയമണിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications