നായകൻ തലകറങ്ങി വീണു, സുപർണയെ മാറ്റാൻ ആലോചിച്ചു; ഫിലോമിനയ്ക്ക് പനി; ഞാൻ ഗന്ധർവന് പിന്നിൽ
മലയാളത്തിലെ ക്ലാസിക് സിനിമയാണ് 1991 ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവൻ. 1991 ൽ പുറത്തിറങ്ങിയ സിനിമ വലിയ ജനശ്രദ്ധ നേടി. ഗന്ധർവനെന്ന സങ്കൽപ്പത്തെ ആസ്പദമാക്കിയെടുത്ത സിനിമ പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു. നിതീഷ് ഭരദ്വാജ്, സുപർണ ആനന്ദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവനെക്കുറിച്ച് പല കഥകളും ഇന്നും സിനിമാ ലോകത്ത് പ്രചരിക്കുന്നുണ്ട്. ഗന്ധർവനെക്കുറിച്ച് സിനിമയെടുത്തത് വിശ്വാസപരമായി തെറ്റാണെന്നും ഇത് കൊണ്ടാണ് പത്മരാജൻ സിനിമ പൂർത്തിയായതിന് ശേഷം മരണപ്പെട്ടതെന്നും വാദമുണ്ട്.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടൻ പൂജപ്പുര രാധാകൃഷ്ണൻ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ഞാൻ ഗന്ധർവൻ ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് ഒരുപാട് നെഗറ്റീവുകൾ പ്രത്യക്ഷത്തിൽ കാണാൻ പറ്റി. മന്യൻ മുഹമ്മദായിരുന്നു ആദ്യം പ്രൊഡ്യൂസർ. ന്യൂ ഇയർ സമയത്താണ് തുടങ്ങുന്നത്. എല്ലാവരെയും വിളിച്ച് ഓരോ ഷോട്ടുകളെല്ലാമെടുത്ത് സിനിമ തുടങ്ങാൻ തുടങ്ങാൻ പോകുന്ന മുന്നറിയിപ്പ് തന്നിരുന്നു. അതിൽ ബഹുമാന്യനായ കെബി ഗണേഷ് കുമാറുമുണ്ടായിരുന്നു. നിതീഷിനെ ബുക്ക് ചെയ്യാൻ ഫ്ലെെറ്റിൽ പോയപ്പോൾ ഒരു പരുന്ത് വന്ന് ഫ്ലെെറ്റിലിടിച്ചു. ഉടനെ എമർജൻസി ലാൻഡിംഗ് നടത്തി തിരിച്ച് വന്നു.

എല്ലാവർക്കും മനസിന് പ്രയാസമായി. അന്ന് ഈ തുണത്ത വെളുപ്പാൻ കാലത്തെന്ന് പറഞ്ഞ സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്.. അപ്പോഴാണ് ഈ വിവരമറിയുന്നത്. പിന്നീട് കുറച്ച് ദിവസം ഇതേക്കുറിച്ച് അനക്കമില്ല. വീണ്ടും അനങ്ങി വന്നതാണ്. ഗുഡ് നെെറ്റ് മോഹനൻ സിനിമയെടുക്കാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ശ്രമഫലമായി വീണ്ടും തുടങ്ങി. ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗിനിടയിൽ കുറേ ബുദ്ധിമുട്ടുകളുണ്ടായി. നിതീഷ് ഭരദ്വാജിന്റെ കാൽ മടങ്ങി വർക്ക് ചെയ്യാൻ പറ്റാത്ത കുറേ ദിവസമുണ്ടായി.
അതേ പോലെ ഫിലോമിന ചേച്ചിക്ക് പനി വന്ന് കുറേ ദിവസം കിടന്നു. ഓരോ തടസങ്ങൾ വന്നു. സുപർണയുടെ മുഖത്ത് ഭാവമൊന്നും വരുന്നില്ലെന്ന് പറഞ്ഞ് അവരെ മാറ്റാനുള്ള ആലോചന നടന്നു. ദേവാങ്കണങ്ങൾ എന്ന പാട്ട് കൊള്ളില്ലെന്ന് നിർമാതാവും വേറെ ചില ആളുകളും പറഞ്ഞു. രണ്ടാമത് ആ പാട്ട് ഉണ്ടാക്കിയെടുക്കണം. ദിവസങ്ങളോളം എത്ര ചെയ്തിട്ടും പാട്ട് ഇത്രത്തോളം ഭംഗിയാകുന്നില്ല. അടുത്ത ഷൂട്ട് കന്യാകുമാരിയിലാണ്. സുപർണയെ തന്നെ അഭിനയിപ്പിക്കാമെന്ന് തീരുമാനിച്ചു. ഫിലോമിന ചേച്ചിയുടെ പനിയെല്ലാം പോയി. നിതീഷിന്റെ കാലിന്റെ പ്രശ്നം മാറി.
ദേവാങ്കണങ്കൾ എന്ന പാട്ട് അവസാനിക്കുമ്പോൾ ഫിലോമിന ചേച്ചി ഗന്ധർവന് പാക്കും വെറ്റിലയും കൊടുക്കും. റിഹേഴ്സലിൽ കൊടുത്തിരുന്നത് നല്ല പാക്കും വെറ്റിലയുമാണ്. ഗന്ധർവൻ രുചിച്ച് ചവച്ച് തുപ്പിക്കൊണ്ടിരുന്നു. പല ഷോട്ടുകളെടുത്തപ്പോൾ പാക്കും വെറ്റിലയും തീർന്നു. അന്ന് കൊടുത്തത് എക്സോ ബീസും വെറ്റിലയുമെല്ലാം കൊടുത്തു. ഗന്ധർവൻ അത് കഴിച്ച് തലകുത്തനെ വീണു.
പിന്നെ മൂത്രമൊഴിക്കലും ഛർദിലും. അത് കഴിഞ്ഞ് രണ്ടായി. അവിടെ വേറൊരാൾക്ക് ബാത്ത്റൂമിൽ പോകാൻ പറ്റാതായി. കുറച്ച് ഷൂട്ട് ചെയ്ത് തീർക്കുകയും വേണം. കരിക്കിൻ വെള്ളം ധാര പോലെ കൊടുത്തു. ഇവൻമാർ ഇങ്ങനെ കൊടുക്കുമെന്ന് ആരും വിചാരിച്ചിരുന്നില്ലെന്നും പൂജപ്പുര രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം പത്മരാജന്റെ മരണം ഈ സിനിമ എടുത്തത് കാരണമല്ലെന്നും പൂജപ്പുര രാധാകൃഷ്ണൻ വ്യക്തമാക്കി.


Click it and Unblock the Notifications











