'മമ്മൂട്ടി ആരാ മഹാരാജാവോ? അയാളെ വന്ദിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചോദിച്ചു, എല്ലാം മറന്നെന്ന് അദ്ദേഹം പറഞ്ഞു'
നൂറ്റിയമ്പതിൽ അധികം മലയാള സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിക്കുകയും നിർമാതാവ്, തിരക്കഥാകൃഥാത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രതിഭ തെളിയിക്കുകയും ചെയ്ത വ്യക്തിത്വമാണ് പി. ശ്രീകുമാർ. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുമായും അടുത്ത സൗഹൃദം ശ്രീകുമാറിനുണ്ട്. ഒരു സമയത്ത് എല്ലാം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നപ്പോൾ സഹായിച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് ശ്രീകുമാർ ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.
നിവൃത്തിയില്ലാതിരുന്ന തന്നെ ഈ നിലയില്‍ എത്തിച്ചത് മമ്മൂട്ടിയാണെന്ന് മുമ്പ് സഫാരി ചാനലിലെ പരിപാടിയായ ചരിത്രം എന്നിലൂടെയിൽ ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയെ ഒരു സമയത്ത് തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് മമ്മൂട്ടി എന്നുമാണ് ശ്രീകുമാർ പറഞ്ഞത്.

നടന്റെ പഴയ അഭിമുഖം വീണ്ടും മമ്മൂട്ടി ആരാധകർക്കിടയിൽ വൈറലായി മാറിയിട്ടുണ്ട്. ശ്രീകുമാറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കൈയും തലയും പുറത്തിടരുതെന്ന സിനിമയുടെ കഥ പറയാന്‍ വേണ്ടി ഞാനും തോപ്പില്‍ ഭാസിയും കൂടി മദ്രസില്‍ മമ്മൂട്ടിയെ കാണാന്‍ എത്തി. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടൈറ്റ് ബെനിയനൊക്കെ ഇട്ട് സുന്ദരനായി മമ്മൂട്ടി അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കുന്നുണ്ടായിരുന്നു.
അതില്‍ ജിയോ കുട്ടപ്പന്‍ ഉണ്ട്, ജൂബിലി ജോയ് ഉണ്ട്, അങ്ങനെ നാലഞ്ച് പേരുണ്ട്. ഞാന്‍ മമ്മൂട്ടിയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ഒന്നും മിണ്ടിയില്ല. കുറേ നേരത്തിനുശേഷം അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പെട്ടെന്ന് ഇറങ്ങി വരാന്‍ സാധിച്ചില്ലെന്നും കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രി നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം മതിയെന്നും പറഞ്ഞു. എന്നാല്‍ തനിയ്ക്ക് സമയമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞ് നോക്കമെന്നുമായിരുന്നു മറുപടി. കുറച്ചുനേരം മൗനമായി ഇരുന്നശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. മമ്മൂക്ക ഉടന്‍ പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും ചോദിച്ചു.
ഞാനിങ്ങനെ മമ്മൂട്ടിയുടെ മുമ്പില്‍ ഇളിഭ്യനായി നിന്നു. അതേസമയം മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമല്ലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറില്‍ ഡേറ്റ് താരാമെന്ന് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഞാന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു.

മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ ഞാന്‍ അങ്ങോട്ട് തിരിച്ച് പറഞ്ഞു. അവിടെവെച്ച് ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി പിരിഞ്ഞു. അന്ന് ഹോട്ടലിലെത്തിയിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. ഇയാളെ രണ്ട് ചീത്ത കൂടി വിളിക്കണമെന്ന തോന്നല്‍. അങ്ങനെ കാറെടുത്തു പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. അവിടെ മമ്മൂട്ടിയുടെ കൂടെ ജോസ് പ്രകാശും ഉണ്ടായിരുന്നു അപ്പോള്‍. മമ്മൂട്ടി ശുദ്ധനാണ് പറഞ്ഞതൊക്കെ അപ്പോഴേക്കും മറന്നിരുന്നു. എന്നെ കണ്ട ഉടനെ ചോദിച്ചു ആ സിനിമയിലേക്ക് ആളായിട്ടില്ലെങ്കില്‍ ആ കഥാപാത്രം ജോസിന് കൊടുക്കുമോന്ന്.
കേട്ടപാതി അവസരം വീണ് കിട്ടിയ ഞാന്‍ വീണ്ടും ചൂടായി. കുറെ അസഭ്യം പറഞ്ഞു. ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്. എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു. എന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അപ്പോൾ അവിടെ എനിക്കൊപ്പം ഉണ്ടായിരുന്ന നാന വാരികയുടെ ആളുകൾ എന്നോട് ചോദിച്ചു.
എന്താ മമ്മൂട്ടി സലാം ചെയ്തിട്ട് മൈന്റ് ചെയ്യാത്തതെന്ന്. മമ്മൂട്ടി ആര് മഹാരാജവോ? അയാളെ കണ്ടാൽ വന്ദിക്കേണ്ട ആവശ്യമുണ്ടോയെന്നായിരുന്നു എന്റെ മറുപടി. ഞാൻ സലാം തിരിച്ച് പറയാതിരുന്നതുകൊണ്ട് മമ്മൂട്ടി ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടി. എന്നെ കെട്ടി പിടിച്ച് നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേയെന്ന് ചോദിച്ചു. അതോടെ എന്റെ ഗ്യാസ് പോയി. അത് പിന്നീട് നാനയിൽ ആർട്ടിക്കിളായി വന്നിട്ടുണ്ട്.
പിന്നീട് സിനിമ നിര്‍മ്മാണത്തിൽ ഞാൻ പൊട്ടിപൊളിഞ്ഞ് ജീവിക്കാൻ നിവർത്തിയില്ലാത്തവനായി തറയിൽ വീണ് കിടന്നപ്പോൾ എനിക്ക് കൈതാങ്ങായി കൂടെ നിന്നത്. അന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം എന്നായിരുന്നു ശ്രീകുമാറിന്റെ വാക്കുകൾ.


Click it and Unblock the Notifications