റേഷൻകട നടത്തിപ്പുക്കാരനിൽ നിന്ന് നിർമാതാവിലേക്ക്... ടെലിഫിലിമുകൾ നിർമിച്ച് തുടക്കം, എൻ.എം ബാദുഷയുടെ ജീവിതം!
കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമെല്ലാമായ എൻ.എം ബാദുഷയുടേത്. ചില സിനിമകളിൽ കൊച്ച് കൊച്ച് വേഷങ്ങൾ ചെയ്യുകയും ചെയ്തു.
നിർമാതാവെന്ന നിലയിൽ വോയ്സ് ഓഫ് സത്യനാഥന്റെ റിലീസിന് ശേഷമാണ് ബാദുഷ ചുവടുറപ്പിച്ച് തുടങ്ങിയത്. കുട്ടിക്കാലം മുതൽ സിനിമാ മോഹിയായിരുന്നു. പിതാവ് നോക്കാൻ ഏൽപ്പിച്ച റേഷൻ കടയിൽ ഇരുന്ന് അരി അളന്ന് കൊടുക്കുമ്പോഴും ബാദുഷയുടെ മനസിലെ കണക്ക് കൂട്ടലുകൾ ഏറെയും സിനിമയെ കുറിച്ചായിരുന്നു.
നിർമാണത്തിനൊപ്പം അഭിനയത്തിനും അവസരങ്ങൾ ലഭിക്കുന്നുവെന്നത് ബാദുഷയിലെ സിനിമാക്കാരനെ അതിയായി സന്തോഷിപ്പിക്കുന്നുണ്ട്. റിലീസിന് തയ്യാറെടുക്കുന്ന ഷെയ്ൻ നിഗം, സണ്ണി വെയ്ൻ സിനിമ വേലയുടെ കോ-പ്രൊഡ്യൂസറായ ബാദുഷ മാതൃഭൂമി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഇതുവരെയുള്ള സിനിമാ ജീവിതത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

'പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് വാപ്പയുടെ റേഷൻ കട ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചത്. അരൂര്‍ ആഞ്ഞിലിക്കാട്ടുള്ള റേഷന്‍ കടയിലിരിക്കുമ്പോഴും മനസ് നിറയെ സിനിമയായിരുന്നു. കുഞ്ഞുന്നാളിലെ ആ ആവേശമാണ് റേഷന്‍കടക്കാരന്റെ ലേബലില്‍ നിന്ന് നിര്‍മാതാവും നടനുമാക്കിയത്.'
'170ഓളം സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചു. വാപ്പയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ചന്തിരൂര്‍ സെലക്ട് തിയേറ്റര്‍. അവിടെ സിനിമ കണ്ടാണ് തുടക്കം. സിനിമകള്‍ കാണുന്തോറും അതിലേക്ക് എത്തിപ്പെടാനുള്ള ആഗ്രഹവും വർധിച്ചു. റേഷൻ കടയുടെ നടത്തിപ്പിനൊപ്പം തന്നെ അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.'
'ഇപ്പോള്‍ സീരിയല്‍ സംവിധായകനായ കൂട്ടുകാരന്‍ ഷിജു അരൂരിനൊപ്പം ചേർന്ന് ഡോക്യുമെന്ററിയും ടെലിഫിലിമുകളുമെടുത്തു. ദൂരദര്‍ശനില്‍ കിഴക്കിന്റെ വെനീസ് എന്ന ടെലിഫിലിം നിര്‍മിച്ചായിരുന്നു തുടക്കം. പിന്നെ ഒട്ടേറെ ആല്‍ബങ്ങളും സീരിയലുമെടുത്തു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അരൂരില്‍ നിന്ന് മുങ്ങി.'
'പിന്നെ എറണാകുളത്ത് വന്ന് സിനിമാ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങി. സംവിധായകന്‍ കെ.കെ. ഹരിദാസുമായുള്ള അടുപ്പം തുണയായി. ഹരിദാസാണ് നിര്‍മാതാവായ ഹസീബ് ഹനീഫിനെ പരിചയപ്പെടുത്തി തന്നത്. ഹസീബ് നിര്‍മിച്ച പൃഥ്വിരാജ് ചിത്രമായ വര്‍ഗത്തിലൂടെ ആദ്യമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി.'

'സിനിമയില്‍ തിരക്കേറിയതോടെ കൂട്ടുകാരന്‍ തിലകന് റേഷന്‍കട നടത്തിപ്പിന്റെ ചുമതല കൈമാറി', ബാദുഷ പറയുന്നു. നിർമാതാവായപ്പോഴുള്ള അനുഭവങ്ങളും പിന്നീട് ബാദുഷ പങ്കുവെച്ചു. 'കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ നിഴല്‍ എന്ന സിനിമയിലൂടെയാണ് നിര്‍മാണത്തുടക്കം. ദിലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥന്റെയും നിര്‍മാതാക്കളിലൊരാളായിരുന്നു.'
'വെടിക്കെട്ട്, മഹാറാണി തുടങ്ങിയ അഞ്ച് സിനിമകള്‍ നിര്‍മിച്ചു. പാര്‍ഥന്‍ കണ്ട പരലോകം, എബ്രഹാം ലിങ്കണ്‍, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. കമ്പം, സിന്‍ഡ്രല, കുറുനരി തുടങ്ങിയ ചിത്രങ്ങളാണ് നടനെന്ന നിലയില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. വോയ്സ് ഓഫ് സത്യനാഥന്‍ റിലീസ് ചെയ്ത് വൈകുന്നേരം നാലുമണിയായപ്പോള്‍ ടെലഗ്രാമില്‍ സിനിമ വന്നു.'
'അത് ഏറെ വേദനയുണ്ടാക്കി. അന്ന് അതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. കോടതിയടക്കം ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തുവന്നതില്‍ സന്തോഷമുണ്ടെന്നും', ബാദുഷ പറയുന്നു. വി.എ മുഹമ്മദ് നേറ്റിപ്പറമ്പനാണ് ബാദുഷയുടെ പിതാവ്. സൈനബയാണ് ഉമ്മ. മഞ്ജുവാണ് ഭാര്യ. സാഹിര്‍ ബാദുഷ, ഷിഫാ ബാദുഷ എന്നിവരാണ് മക്കൾ.
സോഷ്യൽമീഡിയയിലും സജീവമായ ബാദുഷ വഴിയാണ് സിനിമാക്കാരുടെ വിശേഷങ്ങൾ ആരാധകർ ഏറെയും അറിയാറുള്ളത്. ബാദുഷ അഭിനയിച്ച അനൂപ് മേനോൻ നായകനായ സിൻഡ്രല്ല നവംബർ പകുതിയോടെ തിയേറ്ററുകളിലെത്തും. ബാദുഷ കൂടി നിർമാതാവായ വേലയിൽ ഷെയ്നിനും സണ്ണിക്കും പുറമെ സിദ്ധാർത്ഥ് ഭരതനും ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











