'പൃഥ്വിരാജ് ബുദ്ധിപരമായി കൈകാര്യം ചെയ്തു, ദിലീപ് ചെന്ന് വീണുകൊടുത്തു, ദിലീപിനേക്കാൾ വില്ലന്മാരാണ്'; നിർമാതാവ്
എത്ര വലിയ താരമായാലും ഫാൻസിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാൻ പറ്റില്ല. ആദ്യത്തെ രണ്ട് ദിവസം കൊണ്ട് തന്നെ ഫാൻസൊക്കെ സിനിമ കണ്ട് കഴിയും പിന്നീട് പടത്തിന്റെ ഭാവി തീരുമാനിക്കുന്നത് കുടുംബപ്രേക്ഷകരാണ് എന്ന വസ്തുത തള്ളകളയാൻ പറ്റില്ല.
എന്നാൽ മോശം അഭിപ്രായം ലഭിച്ച ദിലീപ് സിനിമകൾ പോലും സാമ്പത്തികമായി വിജയിക്കുന്നത് പതിവാണ്. അവിടെയാണ് കുടുംബപ്രേക്ഷകരെ തന്റെ സിനിമകളുടെ ഫാനാക്കി മാറ്റി ദിലീപ് ചിത്രങ്ങൾ എന്നൊരു കാറ്റഗറി തന്നെ ദിലീപ് ഉണ്ടാക്കിയത്.
ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇൻഡസ്ട്രിയുടെ വളർച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്.

എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു. അവസാനം തിയേറ്ററുകളിലെത്തിയ വോയ്സ് ഓഫ് സത്യനാഥൻ പോലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെ കുറിച്ചും ദിലീപ് സിനിമകളെ കുറിച്ചും നിർമാതാവ് അനിൽ അമ്പലക്കര പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
ദിലീപിന്റെ ഇഷ്യു വന്നശേഷം ഫാമിലി തിയേറ്ററുകളിലേക്ക് വരുന്നത് നിന്നുവെന്നാണ് അനിൽ അമ്പലക്കര പറയുന്നത്. 'എല്ലാവരും പ്രശ്നക്കാരാണ്. ദിലീപിന് മുമ്പ് പൃഥ്വിരാജിനെ ഒതുക്കാൻ ശ്രമം നടന്നിരുന്നു. പൃഥ്വിരാജ് അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ട് പോയി.'
'ബിസിനസിലുള്ളത് പോല എല്ലാ ഇൻഡസ്ട്രിയിലും ഒതുക്കൽ ഉള്ളതാണ്. ദിലീപ് ചെന്ന് വീണുകൊടുത്തു അതാണ് പ്രശ്നമായത്. ദിലീപിന്റെ ഇഷ്യു വന്നശേഷം ഫാമിലി തിയേറ്ററുകളിലേക്ക് വരുന്നത് നിന്നു. ഒരു നടനേയോ നടിയേയോ ഉദ്ദേശിച്ച് മാത്രമുള്ളതല്ല സിനിമ. ലൈറ്റ് ബോയി പോലും ആർട്ടിസ്റ്റാണ്. അല്ലെങ്കിൽ ഫ്രെയിമിന് അനുസരിച്ച് ലൈറ്റ് സെറ്റ് ചെയ്യാൻ പറ്റില്ല.'
'ഒരു നടൻ ഉണ്ടെങ്കിലെ സിനിമയുള്ളുവെന്ന താരങ്ങളുടെ ചിന്ത മാറണം. രണ്ട് പടം വിജയിച്ചാൽ തന്നെ പല നടന്മാരും ഫോൺപോലും എടുക്കില്ല. എവിടുന്നാണ് അന്നം കിട്ടിയത് എന്നുപോലും അവർ അപ്പോൾ ഓർക്കുന്നില്ല. നിർമാതാക്കൾ അന്നദാതാക്കളാണെന്ന ചിന്തയുള്ളതുകൊണ്ട് ജയഭാരതിയൊക്കെ നിർമാതാക്കളെ തൊഴുതിട്ടെ തുടങ്ങൂ.'

'ആരും പറയാതെ അവർ അത് ചെയ്യും. മിക്കയിടത്തും തിയേറ്ററുകൾ പൊളിഞ്ഞ് തുടങ്ങി. തിയേറ്ററിലേക്ക് ആളുകൾ വരുന്നില്ല. നടന്മാർ തന്നെയാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയത്. രണ്ട് പടം വിജയിച്ചാൽ തന്നെ നടന്മാർ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരുന്നു.'
'സിനിമയിൽ ഒരാളുടെ വീഴ്ച കാണാൻ വേണ്ടി ഇരിക്കുന്നവരാണ് മറ്റുള്ളവർ. ദിലീപിനേക്കാൾ വില്ലന്മാരാണ് മറ്റ് നടന്മാർ. അവർക്ക് എല്ലാ കുഴപ്പങ്ങളുമുണ്ട്. ദിലീപിന്റെ കാര്യങ്ങൾ മാത്രം പുറത്ത് വന്നപ്പോൾ കുഴപ്പമായി. അമിതമായി പൈസ വരുമ്പോഴുള്ള പ്രശ്നങ്ങളാണ് എല്ലാമെന്നാണ്', അനിൽ അമ്പലക്കര മലയാള സിനിമയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.
സംവിധാന സഹായിയായി വന്ന് സഹനടനായും പിന്നീട് നായകവേഷം ചെയ്തും സ്റ്റാർഡം ഉണ്ടാക്കിയെടുത്ത താരമാണ് ദിലീപ്. സിനിമയെ ആഗ്രഹിക്കുന്നവർക്ക് പ്രചോദനം നൽകുന്നതാണ് ദിലീപിന്റെ സിനിമാ ജീവിതം. ബാന്ദ്രയാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ദിലീപ് സിനിമ. തമന്നയാണ് ചിത്രത്തിൽ നായിക. ആദ്യമായാണ് തമന്ന മലയാളത്തിൽ അഭിനയിക്കുന്ന്. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.


Click it and Unblock the Notifications











