'താരങ്ങൾക്ക് പ്രതിഫലം കൊടുത്തില്ല, അഗസ്റ്റിനും മറ്റുള്ളവരും ചതിച്ചു, നല്ലൊരു സിനിമ നശിപ്പിച്ചു'; നിർമാതാവ്!
2003ൽ അഗസ്റ്റിന്റെ നിർമാണത്തിൽ രഞ്ജിത് തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സിനിമയാണ് മിഴിരണ്ടിലും. മിഴിരണ്ടിലും എന്ന സിനിമ അക്കാലത്ത് വലിയ ഹിറ്റായി മാറിയില്ലെങ്കിലും പാട്ടുകളും സീനുകളുമെല്ലാം വലിയ വിജയമായി.
ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളുടെ കൂട്ടത്തിൽ മിഴിരണ്ടിലുമുണ്ട്. കാവ്യ മാധവൻ ഡബിൾ റോളിലെത്തിയ സിനിമകളിൽ ഒന്നുകൂടിയായിരുന്നു മിഴിരണ്ടിലും. ദിലീപ്, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാർ, കൽപ്പന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
ദിലീപ് ചെയ്ത കൃഷ്ണകുമാർ എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. നല്ല വില്ലത്തരവും കാര്യവിവരവും സ്നേഹവും ഒക്കെയുള്ള ബിസിനസ്സുകാരനായിരുന്നു ദിലീപിന്റെ കൃഷ്ണകുമാർ എന്ന കഥാപാത്രം. അധികമാരും പറഞ്ഞ് കേട്ടിട്ടില്ലാത്ത ദിലീപിന്റെ ഒരു മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്.

കാവ്യയുടെയും അതുപോലെ തന്നെ. ഡബിൾ റോളാണെങ്കിലും ഒട്ടും സാമ്യതകൾ തോന്നിപ്പിക്കാതെയാണ് രണ്ട് വേഷങ്ങളും കാവ്യ കൈകാര്യം ചെയ്തിരിക്കുന്നത്. മുപ്പത് വർഷത്തെ കരിയറിൽ രഞ്ജിത്തും ദിലീപും ഒന്നിച്ച ഏക ചിത്രമാണ് മിഴിരണ്ടിലും എന്ന സിനിമ.
കടൽ കടന്ന് ഒരു മാത്തുകുട്ടിയിൽ ഒരു ഗസ്റ്റ് അപ്പിയറൻസിൽ ദിലീപ് എത്തിയിട്ടുണ്ട് എന്നതല്ലാതെ രഞ്ജിത്തിന്റെ തിരക്കഥകളിൽ ദിലീപ് പൂർണവേഷത്തിൽ അതിന് മുമ്പോ പിമ്പോ വന്നിട്ടില്ല. ഇപ്പോഴിതാ മിഴിരണ്ടിലും സിനിമയുടെ വിതരണാവകാശമെടുത്ത് പണം നഷ്‍ടമായ കഥ പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര.
മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചതി പറ്റിയ കഥ ബൈജു അമ്പലക്കര പങ്കുവെച്ചത്. ഇപ്പോഴും ലക്ഷങ്ങൾ തനിക്ക് കിട്ടാനുണ്ടെന്നാണ് ബൈജു അമ്പലക്കര പറഞ്ഞത്. 'അഗസ്റ്റിനും ഞാനും തമ്മിൽ നല്ല സുഹൃത്ത് ബന്ധമായിരുന്നു.'
'സാമ്പത്തികമായി കുറച്ച് പിറകിലായിരുന്നു അഗസ്റ്റിൻ. ഒരുപാട് സിനിമയൊന്നും ഇല്ല. ഇള്ളത് വെച്ച് തട്ടി മുട്ടി പോകുന്ന സ്ഥിതി. ആ സമയത്താണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മിഴിരണ്ടിലും താൻ നിർമിക്കാമെന്ന തീരുമാനത്തിലേക്ക് അഗസ്റ്റിൻ എത്തുന്നത്. ആ സമയത്ത് എന്നോട് സിനിമയുടെ വിതരണാവകാശം എടുക്കാമോയെന്ന് ചോദിച്ചു. ഞാൻ ട്രാവൻകൂർ ഏരിയ അങ്ങനെ എടുത്തു. അതിനുള്ള പണവും കൊടുത്തു.'

'നിർമാതാവ് എന്ന പേര് മാത്രമെ അഗസ്റ്റിനുണ്ടായിരുന്നുള്ളു. പണം മുടക്കിയിട്ടില്ല. ഞങ്ങൾ മൂന്ന് പേര് ഡിവൈഡ് ചെയ്താണ് വിതരണാവകാശം എടുത്തത്. അഗസ്റ്റിൻ ആർട്ടിസ്റ്റുകൾക്കൊന്നും പണം കൊടുത്തിരുന്നില്ല. പക്ഷെ ഞങ്ങളുടെ കയ്യിൽ നിന്നെല്ലാം പണം. അങ്ങനെ ഞാൻ പടം റിലീസിന് മുന്നോടിയായുള്ള പരസ്യം അടക്കം എല്ലാം ചെയ്തു.'
'പക്ഷെ എനിക്കൊപ്പമുണ്ടായിരുന്നവർ എന്നെ ചതിക്കുകയായിരുന്നു. എല്ലാ തിയേറ്ററിന്റെ ഡേറ്റും ഞാൻ എടുത്തു. പക്ഷെ ട്രാവൻകൂർ ഒഴികെ മറ്റുള്ള ഭാഗത്തെ ഡിസ്ട്രിബ്യൂഷൻ എടുത്തവർ അതൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ അവർ റിലീസ് വൈകിപ്പിച്ചു. പൈസക്ക് ഷോട്ടുണ്ടെന്ന് പറഞ്ഞ് അവർ നാടകം കളിച്ചു.'
'അങ്ങനെ എനിക്കൊപ്പം ഡിസ്ട്രിബ്യൂഷൻ എടുത്തവർക്ക് വേണ്ടി ഞാൻ പണം അടച്ചു. അങ്ങനെ രമേശ് എന്നയാൾ എന്റെ കയ്യിൽ നിന്നും പണം വാങ്ങി. സിനിമ പിന്നെ റിലീസ് ചെയ്തെങ്കിലും എനിക്ക് മുടക്കിയ തുക കിട്ടിയില്ല. ആർട്ടിസ്റ്റുകളുടെ കുറച്ച് പണം പിന്നീട് അഗസ്റ്റിൻ കൊടുത്തു. എനിക്ക് ഇന്നും പൈസ കിട്ടാനുണ്ട്. വിഷയം ചെക്ക് കേസൊക്കെയായിരുന്നു. നല്ലൊരു സിനിമ പ്രൊഡ്യൂസർ കാരണം നശിച്ചുവെന്നാണ്', വല്യേട്ടൻ അടക്കമുള്ള സിനിമ നിർമിച്ച ബൈജു അമ്പലക്കര പറഞ്ഞത്.


Click it and Unblock the Notifications