'ആ സംവിധായകൻ മോശമാണ്.... അയാളുടെ രീതികളൊന്നും ശരിയല്ല, ഇലക്ഷനിൽ തോറ്റ ബോറടിമാറ്റാൻ ഷിബു സിനിമ എടുത്തു'
ഈ വർഷം തിയേറ്ററുകളിലെത്തിയ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പ്രതീക്ഷയുണ്ടായിരുന്ന സിനിമയായിരുന്നു മോഹൻലാൽ ടൈറ്റിൽ റോളിലെത്തിയ മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ മാസങ്ങളോളം എടുത്താണ് ഷൂട്ട് ചെയ്തത്. കോടികളാണ് ചിത്രത്തിന് വേണ്ടി പൊടിച്ചത്. രാജസ്ഥാനിലായിരുന്നു സിനിമയുടെ ഏറെയും ഭാഗം ഷൂട്ട് ചെയ്തത്. ആദ്യമായി മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയപം ഒരുമിച്ച സിനിമയായതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഹൈപ്പ് സിനിമയ്ക്ക് റിലീസിന് മുമ്പ് തന്നെ ഉണ്ടായിരുന്നു.
മലൈക്കോട്ടൈ വാലിബന്‍ എന്ന മല്ലന്‍റെ ജീവിതവഴികള്‍ പറയുന്ന എപ്പിസോഡിക് സ്വഭാവമുള്ള ചിത്രത്തിന്‍റെ റിലീസ് ജനുവരി 25 ന് ആയിരുന്നു. പക്ഷെ റിലീസിനുശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. ഭൂരിഭാഗം പേർക്കും സിനിമയെ കുറിച്ച് എതിർ അഭിപ്രായമാണുണ്ടായത്. അടുത്തിടെ ഒടിടിയിൽ ഇറങ്ങിയശേഷവും സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും മലയാള സിനിമാ ചരിത്രത്തിൽ വാലിബൻ എക്കാലത്തേയും മികച്ച സിനിമകളുടെ പട്ടികയിൽ ആദ്യത്തേത് തന്നെയാകുമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. അത്ര മാത്രം സൗന്ദര്യാത്മകമായാണ് ഓരോ ഫ്രെയിമും ഒരുക്കിയിട്ടുള്ളത്. ദൃശ്യവിസ്മയം എന്നതൊക്കെ വെറുവാക്കല്ല വാലിബനെ സംബന്ധിച്ചെടുത്തോളമെന്ന് സിനിമ കാണുമ്പോൾ വ്യക്തമാകും.
പ്രേക്ഷകനെ നാടോടിക്കഥയുടെ ലോകത്തേക്ക് പണ്ടെങ്ങോ അമർചിത്രകഥയിൽ വായിച്ച പൗരാണിക പ്രൗഢിയുടെ നാട്ടുകാഴ്ചകളിലേക്ക് നിഷ്പ്രയാസമായാണ് സിനിമ കൊണ്ടുപോകുന്നത്. മോഹൻലാലിന്റെ മാസ് മാത്രമെ പ്രേക്ഷകൻ ഇഷ്ടപ്പെടുന്നുള്ളു അതുകൊണ്ടാവാം ഇത്തരം പരീക്ഷണ ചിത്രങ്ങൾക്ക് ഡീഗ്രേഡിങെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്.
ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബനെ കുറിച്ച് നിർമാതാവ് ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വല്യേട്ടൻ അടക്കമുള്ള സിനിമകളുടെ നിർമാതാവാണ് ബൈജു അമ്പലക്കര. മലൈക്കോട്ടൈ വാലിബന്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മോശമാണെന്നും അയാളുടെ രീതികളൊന്നും ശരിയല്ലെന്ന് പലരും പറഞ്ഞ് കേട്ടുവെന്നും ബൈജു അമ്പലക്കര മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
'ഒരോ സമയം മോഹൻലാലിന്റെ സിനിമകൾ തുടരെ തുടരെ ഹിറ്റാകാറുണ്ട്. ചില സമയത്ത് ദിലീപിന്റെ സിനിമകൾ ഹിറ്റാകുന്നു. അതൊക്കെ സബ്ജക്ടിന്റെയും സംവിധായകന്റെയും പ്രൊഡ്യൂസറിന്റെയും സമയത്തിന്റേയുമൊക്കെയാണ്. മമ്മൂക്കയുടെ സമയം നല്ലതാണെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന പടമെല്ലാം ഹിറ്റാകും.'

'മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സമയം നല്ലതാണെങ്കിൽ ആ സബജെക്ട് റെഡിയാണെങ്കിൽ അത് ഹിറ്റാകും. കോടികൾ മുടക്കി മനപൂർവം ആരും കളിക്കില്ലല്ലോ. ഷിബു ബേബി ജോണിനെ കുഴിയിൽ ചാടിച്ചതൊന്നുമല്ല. ഇലക്ഷൻ തോറ്റ് കഴിഞ്ഞപ്പോൾ ഷിബുവിന് ബോറടി. അപ്പോൾ ഒരു സിനിമ എടുക്കാൻ താൽപര്യം. പിന്നെ മോഹൻലാലും ഷിബുവും പണ്ട് തൊട്ട് സുഹൃത്തുക്കളാണ്.'
'അങ്ങനെ ഇരുന്നപ്പോൾ പെട്ടന്ന് ഒരു സിനിമ എടുക്കാനുള്ള തോന്നൽ വന്നു. ഒരു ദിവസം എന്നോട് പറഞ്ഞു താൻ സിനിമ എടുക്കാൻ പോവുകയാണെന്ന്. പുള്ളി കോമഡി പറയുകയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. പിന്നീട് അഭിനയിക്കുന്നവരുടെയും പാട്നേഴ്സിന്റെയും വിവരങ്ങളെല്ലാം എന്നോട് പറഞ്ഞിരുന്നു. നല്ല പ്രമോഷനൊക്കെയാണ് സിനിമയ്ക്ക് കൊടുത്തത്. പക്ഷെ എന്തുകൊണ്ടോ പടം ഹിറ്റായില്ല.'
'സാമ്പത്തിക നഷ്ടം ഉണ്ടോയില്ലയോന്ന് പറയാനാവില്ല. ആർട്ടിസ്റ്റോ സംവിധായകനോ തിരക്കഥാകൃത്തോവല്ല പ്രശ്നം. പണമുടക്കുന്നയാളുടെ സമയം നല്ലതാണെങ്കിൽ അയാളുടെ മനസ് നല്ലതാണെങ്കിൽ പൈസ കിട്ടാൻ യോഗമുണ്ടെങ്കിൽ ആ പടം ഹിറ്റാകും. എല്ലാവരുടെയും സമയം നല്ലതാണെങ്കിൽ പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റാകും.'
'മലൈക്കോട്ടൈ വാലിബന് പറ്റിയത് സംവിധായകൻ മോശമാണ്. ആ സംവിധായകന്റെ രീതികളൊന്നും ശരിയല്ല. ഷൂട്ടിന് ഒരുപാട് സമയമെടുത്തു എന്നൊക്കെ പറഞ്ഞ് കേട്ടു. എനിക്ക് കൃത്യമായി അറിയില്ല. പുള്ളിയുമായി എനിക്ക് വലിയ അടുപ്പമില്ല. ഷെഡ്യൂൾ മാറി മാറി പോയാൽ തന്നെ കോസ്റ്റ് കൂടും', എന്നാണ് ബൈജു അമ്പലക്കര പറഞ്ഞത്.


Click it and Unblock the Notifications