മമ്മൂക്കയുടെ ലോക്കല്‍ പരിപാടികളില്‍ പിഷു, ലാലേട്ടന്റെ തേര് തെളിക്കുന്ന അര്‍ജുനാണ് ആന്റണി; ജോളി ജോസഫ്
ബോളിവുഡിലെ താരങ്ങള്‍ പൊതുപരിപാടികള്‍ക്ക് എത്തുമ്പോള്‍ ചുറ്റും ബോഡിഗാര്‍ഡുമാര്‍ ഉണ്ടാവുന്നത് ശ്രദ്ധേയമാണ്. യൂണിഫോം ധരിച്ച് താരങ്ങളെ സംരക്ഷിക്കാനായി നിരവധി ആളുകളുണ്ടാവും. മലയാളത്തിലേക്ക് വരികയാണെങ്കില്‍ സിനിമയിലെ തന്നെ ചില പ്രമുഖരാണ് താരരാജാക്കന്മാര്‍ക്ക് ചുറ്റുമുണ്ടാവുക.
മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരും മമ്മൂട്ടിയ്‌ക്കൊപ്പം ജോര്‍ജ് വരുന്നതുമൊക്കെ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് പുറമേ നടന്‍ രമേഷ് പിഷാരടി അടക്കമുള്ള താരങ്ങളും മമ്മൂട്ടിയ്‌ക്കൊപ്പം പല പരിപാടികളിലും വരാറുണ്ട്. ഇത് പല ട്രോളുകള്‍ക്കും ഇടയാവുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ മമ്മൂക്കയും ലാലേട്ടനും കൂടെ കൂട്ടുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? എന്ന് ചോദിക്കുകയാണ് നിര്‍മാതാവ് ജോളി ജോസഫ്. മമ്മൂക്കയുടെ നിഴലാണ് ജോര്‍ജ് എന്ന ജോര്‍ജേട്ടന്‍ അതുപോലെ മോഹന്‍ലാലിനും ആളുകളുണ്ട്. ഇതിലൂടെ മാതൃകയാക്കേണ്ട ചിലതുണ്ടെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ജോളി പറയുന്നു.
'ചക്രമുള്ള വെള്ളയില്‍ വന്ന താരങ്ങള്‍...! നമ്മുടെ പ്രിയങ്കകരായ മമ്മൂക്കയും ലാലേട്ടനും കൂടെ കൂട്ടുന്ന ആളുകളെ ശ്രദ്ധിച്ചിട്ടുണ്ടോ? നമുക്ക് വെറുതെയൊന്ന് പരിശോധിക്കാം, വെറുതെയെന്ന് പറഞ്ഞാല്‍ വെറും വെറുതെ!
മമ്മൂക്കയുടെ നിഴലാണ് ജോര്‍ജ് എന്ന ജോര്‍ജേട്ടന്‍! മമ്മുക്കയുടെ മൂഡ് അറിയാന്‍, അദ്ദേഹത്തിനോട് സംസാരിക്കാന്‍ ലോകം മുഴുവനും എപ്പോഴും ആദ്യം വിളിക്കുന്നത് ജോര്‍ജ്ട്ടനെയാണ്. മമ്മുക്കയുടെ പേര്‍സണല്‍ മേക്കപ്പ്മാന്‍ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരനും നിര്‍മാതാവും കൂടിയായ ജോര്‍ജേട്ടന്‍ അറിയാതെ മമ്മൂക്കയുടെ പുറത്ത് ഒരു ഈച്ച പോലും വന്നിരിക്കില്ല, ഉറപ്പ്.
എന്തിനും ഏതിനും കൂടെയുണ്ടായിരുന്ന നിര്‍മാതാവും വിതരണക്കാരനും എന്റെ ചെങ്ങായിയുമായ ആന്റോ ജോസഫിന് പ്രൊമോഷന്‍ നല്‍കി അന്താരാഷ്ട്ര യാത്രകളില്‍ കൂടെ കൂട്ടുമ്പോള്‍, മമ്മൂക്കയുടെ ലോക്കല്‍ പരിപാടികളിലെ സ്ഥിരസാന്നിധ്യകാരനായി കൂടെയുള്ളത് രസികനായ നമ്മുടെ പിഷു എന്ന പിഷാരടിയാണ്... ഇപ്പോഴത്തെ കോമ്പിനേഷന്‍ നോക്കൂ, മമ്മുക്ക - ജോര്‍ജ് - പിഷാരടി.
ലാലേട്ടനെ ശ്രദ്ധിച്ചാല്‍, ആന്റണി പെരുമ്പാവൂര്‍ എന്ന കെങ്കേമനെ കൂടാതെ എന്ത് ജീവിതം മോനെ. ആന്റണിയുടെ അനുവാദമില്ലാതെ കൊച്ചിയിലെ കൊതുകുകള്‍ക്കു പോലും ലാലേട്ടന്റെ ചുറ്റിലും മൂളിപാട്ടു പാടാനാകുമോ? കൃഷ്ണനായ ലാലേട്ടന്റെ തേര് തെളിച്ചിരുന്ന അര്‍ജുനായിരുന്ന ആന്റണി, ലാലേട്ടന്റെ മിക്കവാറും ഒട്ടുമിക്ക എല്ലാ കച്ചവട സ്ഥാപനങ്ങളുടെയും ഉപജ്ഞാതാവും തലവനുമാണ്.
സമീര്‍ ഹംസ എന്ന നന്‍പനാണ് ലാലേട്ടന്റെ ഉറ്റതോഴരില്‍ മുന്‍പന്‍ എന്ന് കേട്ടിട്ടുണ്ട്. സമീര്‍ ഹംസയുമായിട്ടുള്ള വിദേശത്തും സ്വദേശത്തും നടത്തിയ യാത്രകളുടെ പാചകങ്ങളുടെ പടങ്ങള്‍ നമ്മള്‍ എത്രയോ കണ്ടിരിക്കുന്നു. അവരുടെ കോമ്പിനേഷന്‍ നോക്കൂ. മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍-സമീര്‍ ഹംസ.

ചുരുക്കത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ സ്വന്തം മമ്മൂക്കയുടെയും ലാലേട്ടന്റെയും ശ്വാസഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ തൊട്ടടുത്ത് കൂടെയുള്ളവര്‍ അവരവരുടെ വിശ്വാസങ്ങളിലോ മതങ്ങളിലോ രാഷ്ട്രീയത്തിലോ പെട്ടവരല്ലെന്ന് ചുരുക്കം. ഇതല്ലേ നമ്മളും അനുവര്‍ത്തിക്കേണ്ടത്.
ജാതിയോ മതമോ രാഷ്ട്രീയമോ നിലപാടുകളോ നോക്കാതെ നല്ല മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തി സുഖസുന്ദരമായി ജീവിക്കുന്ന ഇവര്‍ നല്‍കുന്ന മാതൃകപരമായ സന്ദേശം നമുക്കും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട് സ്വര്‍ഗമാകില്ലേ...? ഹിന്ദുവായ ഇന്ദുവിനെ വിവാഹം കഴിച്ച ഞാനും ചെറുങ്ങനെ അവരെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എത്രയോ വര്‍ഷങ്ങളായി എന്റെ കൂടെയുള്ളത് 'കൂടെപ്പിറപ്പായ' സിയാദാണ്.
ചുമ്മാ ഒരു ഗുമ്മിന് വേണ്ടി വെറുതെ തള്ളിമറിക്കാന്‍ പണ്ടൊരു വീഡിയോയില്‍ കേട്ട 'പൊളി ' വചനങ്ങള്‍ കൂടി എഴുതട്ടെ... '' എന്തൊക്കെ ചെയ്താലും നിങ്ങള്‍ വെള്ളയില്‍ വരണം, എന്തന്നാല്‍ അവിടെയാണ് ശോകമില്ലാത്ത ചക്രമുള്ളത് അഥവാ അശോക ചക്രമുള്ളത്..''! അര്‍ത്ഥമായിന്താ ബാബു...'


Click it and Unblock the Notifications