'മല്ലികയ്ക്കോ മക്കൾക്കോ അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു'; സുകുമാരനെ കുറിച്ച് നിർമാതാവ്!
വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും കൊണ്ട് മലയാള ചലച്ചിത്ര മേഖലയിൽ വ്യത്യസ്തനായി നിന്ന നടനാണ് സുകുമാരൻ. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.
ഒരു തലമുറയുടെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ധിക്കാരിയെപ്പോലെ അരങ്ങിലേക്ക് കയറിവന്നൊരാൾ. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ യുവതലമുറ നെഞ്ചിലേറ്റിയിരുന്നു. ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടൻമാരിൽ സുകുമാരനെ വ്യത്യസ്തനാക്കി.
ചടുലമായ സംഭാഷണങ്ങളിലൂടെ സുകുമാരൻ കാണികളെ ഇളക്കിമറിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായിട്ടായിരുന്നു. എംടിയുടെ നിർമാല്യത്തിൽ അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരൻ സിനിമയിലെത്തിയത്.
എന്നാൽ സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു.

കെ.ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിർമാതാവുമായിരുന്നു സുകുമാരൻ. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ അന്തരിച്ചത്.
ഹൃദയാഘാതത്തെ തുടർന്നാണ് സുകുമാരൻ അന്തരിച്ചത്. ഇപ്പോൾ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളായി മാറി.
സുകുമാരന്റെ ഭാര്യ മല്ലികയും അഭിനയരംഗത്ത് മക്കൾക്കൊപ്പം സജീവമാണ്.

ഇപ്പോൾ സുകുമാരനുമായി സൗഹൃദം സൂക്ഷിച്ചിരുന്ന നിർമാതാവ് കെ.ജി നായർ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ബന്ധങ്ങൾക്ക് പ്രധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരനെന്നാണ് നിർമാതാവ് കെ.ജി നായർ പറയുന്നത്.'
'മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സുകുമാരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.'
'പണത്തിന് പ്രധാന്യം നൽകാത്ത എന്നാൽ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് സുകുമാരൻ. പലരും അദ്ദേഹത്തെപ്പറ്റി അഹങ്കരിയാണെന്ന് പറയുമെങ്കിലും അങ്ങനെയൊരളല്ല അദ്ദേഹം.'

'എന്റെ നിർമാതാവ് ജീവിതത്തിൽ തന്നോട് പണത്തെപ്പറ്റി സംസാരിക്കാത്ത രണ്ട് പേരാണ് ഉള്ളത്. ഒന്ന് സുകുമാരനും മറ്റേത് ഗണേഷനുമാണ്.'
'ഒരിക്കൽ സിനിമയുടെ സമയത്ത് പണം നൽകാനില്ലാതെ പിന്നീട് ഞാൻ പണം നൽകാൻ ചെന്നപ്പോൾ നീ ഇത് കൊണ്ടുപൊക്കോ വീട്ടിൽ ആവശ്യങ്ങൾ ഉള്ളതല്ലേയെന്ന് പറഞ്ഞ് അദ്ദേഹം ആ കാശ് തിരിച്ച് തന്ന് വിട്ടിരുന്നു. ബാക്കിയുള്ളവർ അഞ്ച് രൂപയുണ്ടെങ്കിൽ പോലും അത് ചോദിച്ച് വാങ്ങുന്നവരാണ്.'
'അദ്ദേഹത്തിന് ഒരുപാട് സ്വത്തുക്കൾ ഉണ്ടായിരുന്നു മരണശേഷമാണ് മല്ലിക പോലും അത് അറിഞ്ഞത് അതാണ് അവർക്ക് ആദ്യ സമയങ്ങളിൽ കുറച്ച് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.'

'ഞാനും മല്ലികയും ജഗദീഷും മണിയൻപിള്ള രാജുവുമൊക്കെ ഒന്നിച്ച് പഠിച്ചവരാണ്. സുകുമാരന്റെ മക്കളിൽ ആർക്കാണ് അദ്ദേഹത്തിന്റെ സ്വഭാവം കിട്ടിയതെന്ന് ചോദിച്ചാൽ രണ്ട് പേർക്കുമുണ്ടെന്നാണ് പറയാൻ കഴിയുക.'
'സ്നേഹ കൂടുതൽ ഇന്ദ്രജിത്തിനാണ് എവിടെ കണ്ടാലും വിളിക്കുകയും സംസാരിക്കുകയും ചെയ്യും. നമ്മൾ ഒരു കാര്യം പറഞ്ഞാൽ എതിര് ഒന്നും പറയില്ല. എന്നാൽ പ്രധാന്യം കൂടുതൽ രാജുവിനാണ്. അദ്ദേഹം നിർമ്മാതാവ് കൂടിയായത് കൊണ്ടാവാം.'
'വാക്ക് പറഞ്ഞാൽ വാക്കാണ്. പിന്നെ എല്ലാം നോക്കിയും കണ്ടും ചെയ്യുമെന്നും' കെ.ജി നായർ പറഞ്ഞു. സുകുമാരൻ മരിക്കുമ്പോൾ പൃഥ്വിരാജും ഇന്ദ്രജിത്തും വളരെ ചെറിയ കുട്ടികളായിരുന്നു.


Click it and Unblock the Notifications











