മോർച്ചറിയിൽ സ്ഥലമില്ല, ജയന്റെ മരണ ശേഷമുണ്ടായത്; മരണം പിന്നാലെ ഉണ്ടായിരുന്നു: കല്ലിയൂർ ശശി
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത താരമാണ് അന്തരിച്ച നടൻ ജയൻ. 1980 ൽ തന്റെ 41ാം വയസിലാണ് ജയൻ ഹെലികോപ്ടർ അപകടത്തിൽ മരിക്കുന്നത്. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ ക്ലെെമാക്സ് രംഗം ചിത്രീകരിക്കവെയായിരുന്നു അപകടം. ജയന്റെ അപകട മരണത്തെക്കുറിച്ചും പിന്നീടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് കല്ലിയൂർ ശശി. സഫാരി ചാനലിലാണ് പരാമർശം.
ജയന്റെ കൂടെത്തന്നെ ഈ മരണം ഉണ്ടായിരുന്നു എന്നതാണ് നമ്മൾ മനസിലാക്കേണ്ടത്. അപകടകരമായ പല സംഭവങ്ങളിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ആനയുടെ കൊമ്പിൽ പിടിച്ച് തൂങ്ങുന്ന സീനിലാണ് അഭിനയിച്ചത്. കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഡ്യൂപ്പ് വേണമെന്ന് ഞങ്ങളെല്ലാവരും പറയുമായിരുന്നു. എന്നാൽ അദ്ദേഹം സമ്മതിക്കില്ല. മരണത്തിന് കാരണമായി അപകടം നടന്ന സീൻ മൂന്ന് ടേക്ക് എടുത്തതാണ്. സംവിധായകൻ നിർത്തി, ബ്രേക്ക് പറഞ്ഞതായിരുന്നു.
പറഞ്ഞതും ജയൻ അപ്പുറത്ത് നിന്ന് ഓടി വന്നു. ഒന്ന് കൂടി എടുക്കണമെന്ന് പറഞ്ഞു. എല്ലാ ആംഗിളിൽ നിന്നും എടുത്തിട്ടുണ്ട്. നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടും ഇദ്ദേഹത്തിന് അത് പോര. ഒന്ന് കൂടെ എടുത്തേ പറ്റൂ എന്ന് നിർബന്ധം. ആ നിർബന്ധത്തിന് വഴങ്ങിയാണ് ഷോട്ട് വീണ്ടും എടുത്തത്. അത് മരണത്തിന് നിമിത്തമായെന്നും കല്ലിയൂർ ശശി പറയുന്നു. ജയന്റെ മരണ ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചും കല്ലിയൂർ ശശി സംസാരിച്ചു.

അദ്ദേഹത്തെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് കാണുന്ന ആധുനിക സൗകര്യങ്ങൾ അന്ന് മോർച്ചറിക്കില്ല. ഇരുമ്പ് ബുക്ക് ഷെൽഫ് പോലെ ഹാളിൽ തട്ട് തട്ടായിട്ടുണ്ടാകും. അതിൽ കിടത്തുകയെന്നതേയുള്ളൂ. ബെഞ്ച്, ഡെസ്ക്, മേശ എന്നിവയൊക്കെയുണ്ട്. അതിന് മുകളിൽ കിടത്തും. ബാക്കിയുള്ള മൃതദേഹങ്ങൾ തറയിലും. ജയന്റെ മൃതദേഹം അവിടെ കൊണ്ട് കിടത്താൻ ആശുപത്രി ജീവനക്കാർക്കൊപ്പം ഞാനും പോയിരുന്നു. അന്നാണ് ജീവിതത്തിൽ ആദ്യമായി മോർച്ചറി കാണുന്നത്.
അത് വല്ലാത്ത ഭയാനകമായ ദൃശ്യമായിരുന്നു. അതിനകത്തേക്ക് കയറുമ്പോഴുള്ള ഗന്ധം മാസങ്ങളോളം നിന്നു. മുകളിൽ വെക്കാൻ സ്ഥലമില്ല. ആകെപ്പാടെ ഒരു ബെഞ്ചുണ്ട്. ഞാൻ ചോദിച്ചപ്പോൾ കുളത്തിൽ വീണ് ഒരാൾ മരിച്ചു, അത് കൊണ്ട് വന്ന് കിടത്തിയിരിക്കുകയാണെന്ന് പറഞ്ഞു. ഞാൻ പെെസ എടുത്ത് നീട്ടി. അപ്പോൾ അവൻ, അത് എടുത്ത് താഴെ വെക്കാം, ജയൻ സാറെ മുകളിൽ വെക്കാമെന്ന് പറഞ്ഞു. അങ്ങനെ മുകളിൽ വെച്ചു.


Click it and Unblock the Notifications











