'അംബിക വാക്ക് പാലിക്കാതെ തമിഴ് പടത്തിന്റെ ഷൂട്ടിന് പോയി, നിവൃത്തിയില്ലാതെ നടിയേയും അമ്മയേയും പൂട്ടിയിട്ടു'
മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് അംബിക. തമിഴ്, തെലുങ്ക് സിനിമകളിലും അംബിക സജീവമായിരുന്നു. 200 ഓളം സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. സീതയായിരുന്നു അംബികയുടെ ആദ്യ സിനിമ. രാജാവിന്റെ മകനാണ് അംബികയ്ക്ക് മലയാളത്തിൽ കൂടുതൽ പ്രശസ്തി നേടികൊടുത്ത ചിത്രം. തുടക്കകാലത്ത് അംബിക അഭിനയിച്ച ഒരു സിനിമയായിരുന്നു എ.ഷെരീഫ് സംവിധാനം ചെയ്ത് കുര്യൻ വർണശാല നിർമ്മിച്ച് 1981ൽ പുറത്തിറങ്ങിയ അസ്തമിക്കാത്ത പകലുകൾ. പ്രേം നസീർ, ജോസ്, ശങ്കരാടി, സുകുമാരൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
എന്നാൽ സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിൽ അംബിക ചതിച്ചത് മൂലം താനും അണിയറപ്രവർത്തകരും നേരിട്ട പ്രതിസന്ധികൾ കുര്യൻ വർണശാല വെളിപ്പെടുത്തി. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുര്യൻ. നടൻ പ്രേം നസീറാണ് പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ സഹായിച്ചതെന്നും കുര്യൻ പറയുന്നു. എന്നെ ഒരുപാട് സഹായിച്ച വ്യക്തിയാണ് പ്രേം നസീർ.

അസ്തമിക്കാത്ത പകലുകൾ എന്ന സിനിമയെടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു ഇപ്പോൾ അതിന്റെ ആവശ്യമുണ്ടോയെന്ന്. ഇപ്പോൾ ഒരുപാട് പടങ്ങളിൽ വർക്ക് ചെയ്യുകയല്ലേ... നിർമാതാവായാൽ പിന്നെ ആരും വരില്ലെന്ന് അദ്ദേഹം പറഞ്ഞു. പുള്ളി കറക്ട് സമയത്ത് വന്ന് വർക്ക് ചെയ്തു. പക്ഷെ നടി അംബികയുമായി എനിക്ക് പ്രശ്നമുണ്ടായി. ജനുവരിയിലേയും മാർച്ചിലേയും പ്രേം നസീർ സാറിന്റെ കോൾ ഷീറ്റാണ് ഞാൻ വാങ്ങിയിരുന്നത്.
ജനുവരിയിൽ അംബിക കൃത്യമായി വന്ന് വർക്ക് ചെയ്തു. മാർച്ചിൽ വീണ്ടും ഷൂട്ട് തുടങ്ങി. നസീർ സാറും വന്നു. വടക്കാഞ്ചേരിയിലായിരുന്നു ഷൂട്ട്. രണ്ട് ദിവസം കഴിയുമ്പോൾ അംബിക വരേണ്ടതാണ്. പക്ഷെ വന്നില്ല. അവർ ഇനി വരില്ലെന്നും മറ്റൊരു സിനിമയുടെ ഷൂട്ടിനായി ഹൊക്കനക്കൽ പോയിരിക്കുകയാണെന്നും നസീർ സാർ എന്നോട് പറഞ്ഞു. തമിഴ് പടത്തിന്റെ ഷൂട്ടിനാണത്രെ പോയത്. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.
ഷൂട്ട് ചെയ്യാനുള്ളതെല്ലാം അംബികയും നസീർ സാറുമുള്ള കോമ്പിനേഷൻ സീനുകളായിരുന്നു. ഒരു ദിവസം അംബികയ്ക്ക് ഡ്യൂപ്പിട്ട് ഷൂട്ട് ചെയ്തു. ശേഷം ഞാൻ അംബികയെ കൊണ്ടുവരാനായി പുറപ്പെട്ടു. വീരപ്പനൊക്കെ ഒളിച്ചിരുന്ന കാട്ടിലാണ് അവരുടെ സിനിമയുടെ ഷൂട്ട് നടക്കുന്നത്. രാത്രിയിലൊന്നും ആരും അവിടേക്ക് പോവില്ല. കാരണം വന്യ മൃഗങ്ങളുടെ ഉപദ്രവമുണ്ട്. ടാക്സിയിലാണ് ഞാൻ പോയത്. ടിബിയിലായിരുന്നു അംബികയും ടീമും താമസിച്ചിരുന്നത്.
കമൽഹാസന്റെ സിനിമയായിരുന്നു. പുള്ളിയോട് കാര്യം പറയാമെന്ന് കരുതി പോയി. ടിബിയിലെത്തി പ്രൊഡക്ഷൻ ബോയ് വഴി അംബികയുടെ മുറി കണ്ടുപിടിച്ചു. വാതിലിൽ മുട്ടിയപ്പോൾ അംബികയുടെ അമ്മ ഇറങ്ങി വന്നു. കാര്യങ്ങൾ എല്ലാം പറഞ്ഞ് അഭിനയിക്കാൻ വരണമെന്ന് പറഞ്ഞു. എന്നാൽ അവർ മറ്റ് ഷൂട്ടിങ് സെറ്റുകളിലേക്ക് പോകാനുള്ളതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. നസീർ സാറും സെറ്റിൽ വന്ന് കാത്തിരിക്കുന്ന കാര്യവും ഞാൻ പറഞ്ഞു.

അവസാനം വരാമെന്ന് അവർ പറഞ്ഞു. എത്തിയില്ലെങ്കിൽ പ്രശ്നമാകുമെന്ന് ഞാനും അവരോട് പറഞ്ഞു. അവസാനം അംബികയും അമ്മയും തൃശ്ശൂരിൽ വന്നു. പക്ഷെ അന്ന് വൈകീട്ട് തന്നെ തിരിച്ച് പോകണമെന്ന് അവർ വാശി പിടിച്ചു. പോകാൻ പറ്റില്ലെന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. അവസാനം അവർ പോകാതിരിക്കാൻ ഗേറ്റ് പൂട്ടാൻ ഞാൻ പറഞ്ഞു. പോലീസ് വന്നിട്ട് ബാക്കി തീരുമാനിക്കാമെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. പിള്ളേര് ഗേറ്റ് പൂട്ടി.
അവസാനം വാക്ക് തർക്കമായി. അതോടെ നസീർ സാറും കെ.പി ഉമ്മറും ഇടപെട്ടു. പടത്തിൽ ആറ്, ഏഴ് ദിവസം വർക്ക് ചെയ്ത് സീൻ തീർക്കാതെ അംബികയെ വിടില്ലെന്ന് നസീർ സാറിനോട് ഞാൻ പറഞ്ഞു. അംബികയുടെ അമ്മ മതിൽ ചാടി കടന്ന് പോയി. അംബിക അവിടെയുണ്ടായിരുന്നു. അവസാനം കരയാൻ തുടങ്ങി. അതോടെ നസീർ വന്ന് കോംപ്രമൈസ് ചെയ്തു.
അദ്ദേഹം പത്ത് ദിവസം കൂടി അധികം തന്ന് അംബികയ്ക്കും വരാൻ പറ്റുന്ന രീതിയിലേക്ക് ഷെഡ്യൂൾ ചെയ്തു. ശേഷം അംബികയെ തിരിച്ച് പറഞ്ഞ് വിട്ടു. അംബികയോട് കൃത്യമായി ഷൂട്ടിന് വരണമെന്ന് പറഞ്ഞതും നസീർ സാർ തന്നെയാണ്. എനിക്ക് വേണ്ടി അദ്ദേഹം കുറേ സഹിച്ചുവെന്നും കുര്യൻ പറയുന്നു.


Click it and Unblock the Notifications











