അവർക്ക് ഫീൽ ചെയ്യുമോ എന്ന് നോക്കില്ല; രണ്ട് പേരും അങ്ങനെയാണ്; താരദമ്പതികളെക്കുറിച്ച് നിർമാതാവ്
മലയാളത്തിലെ പ്രിയ താരദമ്പതികളാണ് പൃഥിരാജും സുപ്രിയ മേനോനും. 2011 ൽ പൃഥിരാജ് വിവാഹിതനായപ്പോൾ ആരാണ് വധു എന്ന ചോദ്യമായിരുന്നു ഏവർക്കും. മുംബൈയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്ത സുപ്രിയയെ കേരളത്തിൽ അധികമാർക്കും അറിയില്ലായിരുന്നു. പൃഥി കടുത്ത സൈബറാക്രമണങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് വിവാഹം നടക്കുന്നത്. പൃഥിയോടുള്ള നീരസം സുപ്രിയയോടും പലരും പ്രകടിപ്പിച്ചു.
എന്നാൽ വർഷങ്ങൾക്കിപ്പുറം പൃഥിരാജും സുപ്രിയയും മലയാളികൾക്കിടയിൽ സ്വീകാര്യത നേടി. ഇന്ന് വലിയ ആരാധക വൃന്ദം പൃഥിക്കുണ്ട്. സൂപ്പർസ്റ്റാറായി വാഴ്ത്തപ്പെടുന്ന നടന് കൈ നിറയെ അവസരങ്ങളാണ്. അഭിമുഖങ്ങളിലൂടെയാണ് സുപ്രിയയെ പ്രേക്ഷകർ അടുത്തറിഞ്ഞത്. സുപ്രിയയുടെ കാഴ്ചപ്പാടുകളും ആത്മവിശ്വാസവും ജനങ്ങൾക്കിഷ്ടമായി. സിനിമാ നിർമാണത്തിലും സുപ്രിയയും പൃഥിയും ഒരുമിച്ച് പ്രവർത്തിക്കുന്നു. താരദമ്പതികളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും പൃഥിരാജിന്റെയും സുപ്രിയയുടെയും പൃഥിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയും ചേർന്ന് ഒരുപിടി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുണ്ട്. ജനഗണമന, കടുവ എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. പൃഥിരാജുയുമായുള്ള സൗഹൃദത്തെക്കുറിച്ചാണ് ലിസ്റ്റിൻ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ക്ലാസ്മേറ്റ്സിന്റെ സെറ്റിലാണ് രാജുവിനെ ആദ്യമായി കാണുന്നത്. നമസ്കാരം പറഞ്ഞു.ഇന്ദ്രജിത്തിനെ കാണാനാണ് അന്ന് പോയത്. പിന്നീട് ട്രാഫിക് സിനിമയിൽ രാജുവിനോട് ഒരു ക്യാരക്ടർ ചെയ്യാൻ പറഞ്ഞു. അന്ന് ശമ്പളത്തിൽ വ്യത്യാസം കാരണം അത് ചെയ്തില്ല. അത് കഴിഞ്ഞ് കുറേനാളുകൾക്ക് ശേഷമാണ് വിമാനം എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നത്. അതെനിക്ക് വലിയ പരാജയം തന്ന സിനിമയാണ്. എനിക്ക് വലിയ നഷ്ടം വന്നു, സാമ്പത്തികമായി സഹായിക്കേണ്ട, എനിക്കായി പ്രൊജക്ട് ചെയ്യാൻ പറ്റുമോ എന്ന് രാജു ചോദിച്ചു.
നീ ഒരു പടം പ്ലാൻ ചെയ്യ്, നമുക്ക് ചെയ്യാം എന്ന് രാജു പറഞ്ഞു. സേഫ് ആയ പ്രൊജക്ട് ആണ് അന്ന് നോക്കിയത്. അങ്ങനെയാണ് ബ്രദേഴ്സ് ഡേ ചെയ്യുന്നത്. ആ സിനിമയിലൂടെ ലാഭം കിട്ടി. പിന്നീട് പൃഥിക്കൊപ്പം നിരവധി സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചെന്നും ലിസ്റ്റിൻ സ്റ്റീഫൻ ചൂണ്ടിക്കാട്ടി. അടുത്തിടെ ഇൻകം ടാക്സ് പരിശോധന വന്നതിനെക്കുറിച്ചും ലിസ്റ്റിൻ സംസാരിച്ചു.

രാജു എല്ലാം കൃത്യമായി ചെയ്യുന്ന ആളാണ്. എല്ലാ തലവേദനകളും നോക്കും. പുള്ളിയുടെ വൈഫാണ് എല്ലാം നോക്കുന്നത്. അവർ കൃത്യമായി ചെയ്യും. അവർക്ക് റിസ്ക് എടുക്കേണ്ട കാര്യമില്ലെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
പൃഥിയും സുപ്രിയും അറുത്ത് മുറിച്ച് കാര്യങ്ങൾ പറയും. നമ്മൾ ആൾക്ക് എന്ത് ഫീൽ ചെയ്യും എന്ന് ഓർത്താണ് സംസാരിക്കുക. ഇവർ അങ്ങനെയല്ല. നേരെ കാര്യങ്ങൾ പറയും. ഒരു പരിധിവരെ അതാണ് നല്ലത്. അതോടെ ആ കാര്യം തീർന്നു. എന്തെങ്കിലും മനസ്സിൽ വെച്ച് നടക്കേണ്ട കാര്യമില്ലല്ലോയെന്നും ലിസ്റ്റിൻ അഭിപ്രായപ്പെട്ടു. പൃഥി-ലിസ്റ്റിൻ കൂട്ടുകെട്ടിൽ എന്നും സിനിമാ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.
24ാം വയസ്സിലാണ് ലിസ്റ്റിൻ സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നത്. ട്രാഫിക്, ചാപ്പാക്കുരിശ്, ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ നിരവധി സിനിമകൾ ലിസ്റ്റിനാണ് നിർമ്മിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്നുമാണ് ഇദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിൽ അറിയപ്പെടുന്ന നിർമാതാക്കളിൽ ഒരാളായി മാറാൻ ലിസ്റ്റിന് കഴിഞ്ഞു.


Click it and Unblock the Notifications