സുപ്രിയയുടെ 'ആ ക്വാളിറ്റി' നല്ല നിർമ്മാതാവിന്റെ ലക്ഷണം; നാട്ടുകാരെ സഹായിച്ച് 'പെട്ട' കഥ പറഞ്ഞ് ലിസ്റ്റിൻ
മലയാളികൾക്ക് ഒരുപിടി ബ്ലോക്ക് ബസ്റ്റർ സിനിമകൾ നിർമ്മിച്ചയാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ജനഗണമനയും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കടുവയും ലിസ്റ്റിൻ 'മാജിക്കിന്റെ' ഉത്തമ ഉദാഹരണങ്ങളാണ്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനുമാണ് കടുവ, ജനഗണമന എന്നീ ചിത്രങ്ങൾ നിർമ്മിച്ചത്. 24 -മത്തെ വയസ്സിൽ ട്രാഫിക് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രനിർമ്മാണ മേഖലയിലേക്ക് ലിസ്റ്റിന്റെ കടന്നുവരവ്.
വാണിജ്യപരമായി കടുവ തിയറ്ററുകളിൽ ഓളം തീർക്കുകയാണ്. ഇറങ്ങി ആദ്യ നാല് ദിവസം കൊണ്ട് തന്നെ സിനിമ 25 കോടി നേടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരുഭാഗത്ത് കടുവ ബോക്സോഫീസിൽ കുതിക്കുന്നതിനിടെ നിർമ്മാതാവായ സുപ്രിയ മേനോനെ കുറിച്ചുള്ള ലിസ്റ്റിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ജിഞ്ചർ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിത്തിലാണ് സുപ്രിയെ മേനോനെക്കുറിച്ച് ലിസ്റ്റിൻ വാചാലനാവുന്നത്.
റാപിഡ് ഫയർ സെഗ്മെൻ്റിൽ സുപ്രിയ എന്ന നിർമ്മാതാവിൻ്റെ ഗുണഗണങ്ങളെ പറ്റി അവതാരകൻ ചോദിക്കുന്നതാണ് പശ്ചാത്തലം.

'എന്ത് കാര്യവും മുഖത്ത് നോക്കി പറയുന്നയാളാണ് സുപ്രിയ. വളരെ സ്ട്രെയിറ്റ് ഫോർവേഡാണ്. എനിക്ക് ആരോടേലും ഒരു കാര്യം പറയണമെന്നുണ്ടെങ്കിൽ ഒരു ചെറിയ താമസം ഉണ്ടാവും, ചെയ്തത് ശരിയായില്ല എന്നൊക്കെ പറയാൻ വേണ്ടി. പക്ഷെ സുപ്രിയ ആണെങ്കിൽ അവരുടെ മുഖത്ത് നോക്കി തന്നെ കാര്യം പറയും. അതൊരു നിർമ്മാതാവിന് വേണ്ട നല്ല ക്വാളിറ്റിയാണ്', ലിസ്റ്റിൻ പറയുന്നു.
ലിസ്റ്റിൻ്റെ സിനിമയിൽ നാട്ടുകാർ അവസരം ചോദിച്ച് എത്തുന്നതിനെക്കുറിച്ചുള്ള അവതാരകൻ്റെ ചോദ്യത്തിനും ഇദ്ദേഹം മറുപടി നൽകുന്നുണ്ട്.
'നാട്ടുകാർ സിനിമയിൽ അവസരം ചോദിച്ച് എത്തുമ്പോൾ അവർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ പരാതിയാണ്. നമ്മൾ അഥവാ ഒരു സംവിധായകനെ പരിചയപ്പെടുത്തി ഒരു സിനിമയിൽ അവസരം കൊടുത്താലും ചിലപ്പോൾ എഡിറ്റിങ്ങിൻ്റെ സമയത്ത് അവർ അഭിനയിച്ച ഭാഗങ്ങൾ കട്ട് ആയിട്ടുണ്ടാവും. അങ്ങനെ വന്നാലും നമ്മൾ പഴി കേൾക്കേണ്ടി വരും. അഭിനയിക്കാൻ വിളിച്ചിട്ട് കളിയാക്കുവാണോ എന്ന് ചോദിച്ച്', ലിസ്റ്റിൻ സൂചിപ്പിക്കുന്നു.
മുൻപ് നടന്നൊരു സംഭവത്തെ കുറിച്ചും ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. 'ഒരിക്കൽ നാട്ടുകാർക്ക് അവസരം കൊടുത്തപ്പോൾ മുതിർന്ന അഭിനേതാക്കൾക്ക് മുൻപേ അഭിയിക്കണം എന്നുപറഞ്ഞ് തർക്കമായി. പിന്നീട് അതും നാട്ടുകാർക്ക് വേണ്ടി ചെയ്ത് കൊടുത്ത അവസ്ഥവരെ ഉണ്ടായിട്ടുണ്ട്', ലിസിറ്റിൻ ഓർത്തെടുത്തു.
ട്രാഫിക്, ചാപ്പക്കുരിശ്, ഉസ്താദ് ഹോട്ടൽ, ചെന്നൈയിൽ ഒരു നാൾ, ഹൗ ഓൾഡ് ആർ യു, പുലിവാൽ, ചിറകൊടിഞ്ഞ കിനാവുകൾ, മാരി എന്നിവായണ് ലിസ്റ്റിൻ നിർമ്മിച്ച സിനിമകൾ. നേരത്തെ, റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിലാണ് ലിസ്റ്റിൻ പ്രവർത്തിച്ചത്. ആ മേഖലയിലെ ലാഭത്തിൽ നിന്നുമാണ് സിനിമാ ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് ഇദ്ദേഹം ചുവടുവെച്ചതും.


Click it and Unblock the Notifications