'ഭർത്താവിന് പണികിട്ടി, മാനസികമായി ബുദ്ധിമുട്ടിച്ചാൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും'; സുപ്രിയയോട് ലിസ്റ്റിൻ!
മുപ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ് നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനാൽ താരം വീട്ടിൽ വിശ്രമത്തിലാണ്. അതുകൊണ്ട് ആഘോഷങ്ങളും ഇത്തവണ വീട്ടിലാണ്. പൊതുവെ എല്ലാ പിറന്നാളിനും പൃഥ്വിക്കൊപ്പം സുപ്രിയ വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പോവുകയാണ് ചെയ്യാറുള്ളത്. ഇടുക്കിയിലെ മറയൂരിൽ വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിനാണ് പൃഥ്വിരാജിന് പരിക്കേറ്റത്.
മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. പൃഥ്വിരാജിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നടനിപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. ഭാര്യയുടെ പിറന്നാൾ ദിനത്തിൽ പതിവുപോലെ പ്രണയം നിറഞ്ഞ കുറിപ്പുമായി പൃഥ്വിരാജ് എത്തിയിരുന്നു. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെയെന്നാണ് സുപ്രിയയുടെ മനോഹരമായ ഒരു ചിത്രം പങ്കിട്ട് പൃഥ്വിരാജ് ആശംസിച്ചത്.

മറുപടിയുമായി സുപ്രിയയും രംഗത്ത് വന്നിരുന്നു. പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങളും സുപ്രിയക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു. അക്കൂട്ടത്തിൽ സുപ്രിയയുടെയും പൃഥ്വിരാജിന്റെയും ഉറ്റ ചങ്ങാതിയും നിർമാതാവുമായ ലിസ്റ്റിൽ വ്യത്യസ്തമായ രീതിയിലാണ് താരപത്നിക്ക് ആശംസകൾ അറിയിച്ചത്.
'കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ട്, മൂന്ന് ദിവസം സ്പെൻഡ് ചെയ്ത് ബർത്ത്ഡെ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവ്... ഈ വർഷം ഭർത്താവിന് പണികിട്ടിയതുകൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?.'
'തൽക്കാലം ഒരു ഗ്ലാസെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡെ... എന്റെ ഒരു അവസ്ഥ എന്ന് മനസിൽ പറഞ്ഞുകൊണ്ട്... ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട്... ഇനി ഞാൻ ഒന്നും പറയുന്നില്ല... ഹാപ്പി ബർത്ത്ഡെ ഡിയർ സുപ്രിയ... ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് ലിസ്റ്റിൻ കുറിച്ചത്.
ഈ പോസ്റ്റിട്ടതിന്റെ പേരിൽ തന്നെ ബുദ്ധിമുട്ടിച്ചാൽ ഉണ്ടാകാൻ പോകുന്ന ഭവിഷത്തുകളെ കുറിച്ചും ലിസ്റ്റിൻ എഴുതി. ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ് എന്നായിരുന്നു ലിസ്റ്റിൽ കുറിച്ചത്.

സുപ്രിയ ഉടൻ തന്നെ മറുപടിയുമായി എത്തി. എന്റെ അമ്മോ... എന്നെ കൊല്ല് എന്നാണ് താരം കുറിച്ചത്. കുറിപ്പ് വൈറലായതോടെ സുപ്രിയ പോസ്റ്റ് വായിച്ച ശേഷം മനസിൽ വിചാരിക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ആരാധകർ ലിസ്റ്റിന്റെ പോസ്റ്റിന് കമന്റായി കുറിച്ചിരിക്കുന്നത്. നിങ്ങൾക്കുമുണ്ടല്ലോ ജനിച്ചനാൾ ബാക്കി അന്ന്... ദൈവങ്ങളെ ലിസ്റ്റിൻ ചേട്ടനെ കാത്തോളണേ, വെറൈറ്റി ബർത്ത് ഡെ വിഷ് തുടങ്ങി നിരവധി കമന്റുകളാണ് വന്നത്.
സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായ സുപ്രിയ പൃഥ്വിയുടെ താങ്ങും തണലുമായി എന്നും ഒപ്പമുണ്ട്. തന്റെ അടുത്ത സുഹൃത്ത് തന്റെ ഭാര്യ ആണെന്ന് പൃഥിയും പറഞ്ഞിട്ടുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നയാൾ സുപ്രിയയാണ്. അധികം സുഹൃത്ത് ബന്ധങ്ങള്‍ എനിക്ക് ഇല്ല. ആ ഇടത്ത് സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് നടന്‍ പറഞ്ഞത്.
സ്ഥിരതയില്ലാതെ വലഞ്ഞിരുന്ന ഒരാള്‍ക്ക് ഇന്ന് എല്ലാവരും മതിക്കുന്ന സ്ഥിരത നേടാനായതിന്റെ ഒരേയൊരു കാരണം ഭാര്യയാണെന്നും പൃഥ്വി പറഞ്ഞിട്ടുണ്ട്. ബ്രദേഴ്സ് ഡെ അടക്കമുള്ള നിരവധി പൃഥ്വിരാജ് സിനിമകൾ ലിസ്റ്റിനും സുപ്രിയയും ചേർന്നാണ് നിർമിച്ചിട്ടുള്ളത്. പൃഥ്വിക്കും സുപ്രിയയ്ക്കുമിടയിൽ ഇരുന്ന് താൻ പലപ്പോഴും വെള്ളം കുടിക്കുകയാണ് നിർമാണ വേളയിൽ ചെയ്യാറുള്ളതെന്നും തമാശയായി ലിസ്റ്റിൻ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications