'അമ്മ ഇനി സിനിമ ചെയ്യേണ്ട... ഞങ്ങൾ എന്തെങ്കിലും സംസാരിക്കാൻ വരുമ്പോൾ അമ്മയ്ക്ക് കോൾ വരും അതുകൊണ്ട് വേണ്ട'
സാക്ഷാൽ മോഹൻലാൽ പോലും നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ പാരന്റിങ് രീതിയെ അഭിനന്ദിച്ചിട്ടുണ്ട്. ന്യൂ ജനറേഷൻ അമ്മമാരിൽ നിന്നും തീർത്തും വ്യത്യസ്തയാണ് സാന്ദ്ര തോമസ്. പ്രകൃതിയും സ്നേഹ ബന്ധങ്ങളും തുടങ്ങി എല്ലാം അറിഞ്ഞും കണ്ടും മനസിലാക്കിയും വളരാണ് തന്റെ ഇരട്ട കുട്ടികളെ സാന്ദ്ര ചെറിയ പ്രായം മുതൽ പഠിപ്പിച്ചിരിക്കുന്നത്. തൊടിയിലും പരിസരത്തും ഇറങ്ങി നടന്നും മരങ്ങൾ നട്ടും മഴയും വെയിലുമേറ്റും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന തന്റെ കുഞ്ഞുങ്ങളുടെ വീഡിയോകൾ സാന്ദ്ര പങ്കുവെക്കാറുണ്ടായിരുന്നു.
അവർ സോഷ്യൽമീഡിയ എന്താണെന്നും അതേ കുറിച്ചും അറിയാനും പറയാനും തുടങ്ങിയതോടെയാണ് കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ സന്ദ്ര അവസാനിപ്പിച്ചത്. നാച്വറലായി മക്കളിൽ ഉള്ളതൊന്നും നഷ്ടപ്പെടരുതെന്ന വാശിയും സാന്ദ്രയ്ക്കുണ്ട്.

സാന്ദ്രയുടെ പെൺകുഞ്ഞുങ്ങൾ തങ്കകൊലുസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കാറ്റ്ലിൻ, കെൻഡൽ എന്നിങ്ങനെയാണ് മക്കളുടെ യഥാർത്ഥ പേരുകൾ. മക്കളെ സന്തോഷിപ്പിക്കാനായി ആർട്ടിഫിഷലായി ഒരു ഭക്ഷ്യവസ്തുവും സാന്ദ്ര വാങ്ങി കൊടുക്കാറില്ല.
സാന്ദ്രയെപ്പോലെ തന്നെ ആരുമായും അതിവേഗത്തിൽ സൗഹൃദത്തിലാകുന്ന പ്രകൃതമാണ് തങ്കകൊലുസിന്റേയും സാന്ദ്രയെ ആളുകൾ സോഷ്യൽമീഡിയയിൽ ഫോളോ ചെയ്യുന്നത് പോലും തങ്കകൊലുസിന്റെ പുത്തൻ വിശേഷങ്ങൾ അറിയാനും കുഞ്ഞുങ്ങളുടെ ഫോട്ടോകളും വീഡിയോയും കാണാൻ വേണ്ടിയും കൂടിയാണ്. ഇപ്പോഴിതാ മക്കളെ കുറിച്ച് ഒറിജിനൽസ് എന്ന വീണ മുകുന്ദന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ നിര്‍മ്മാണ കമ്പനി നാല് വർഷം മുമ്പാണ് ആരംഭിച്ചത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്നാണ് സിനിമകൾ നിര്‍മ്മിക്കുന്നത്. വില്‍സണ്‍ തോമസ് സാന്ദ്രയുടെ ഭർത്താവാണ്. നേരത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫ്രൈഡെ ഫിലിം ഹൗസിന്‍റെ പങ്കാളിയായിരുന്നു സാന്ദ്ര തോമസ്.
അതില്‍ നിന്നും പിന്മാറിയശേഷം 2020ലാണ് സാന്ദ്ര സ്വന്തം പേരില്‍ പുതിയ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാവും പുതിയ നിര്‍മ്മാണ കമ്പനി പ്രവര്‍ത്തിക്കുകയെന്ന് സാന്ദ്ര തോമസ് അറിയിച്ചിരുന്നു. തന്നോട് സിനിമ ചെയ്യേണ്ടെന്നാണ് മക്കൾ പറയാറുള്ളത് എന്നാണ് സാന്ദ്ര പറയുന്നത്. 'എനിക്ക് അഭിനയത്തോട് താൽപര്യമില്ല. അതുകൊണ്ട് തന്നെ അഭിനയം മിസ് ചെയ്യാറുമില്ല.'

'ഞാൻ കുറച്ച് പ്രൈവസി ആഗ്രഹിക്കുന്നയാളാണ്. ഓവർ എക്സ്പ്ലോഷർ താൽപര്യമില്ല. പിന്നെ ഭരിക്കാനെ താൽപര്യമുള്ളു... ഭരിക്കപ്പെടാൻ താൽപര്യമില്ല. അഭിനയിക്കാൻ പോയാൽ ടെൻഷനാണ്. നിർമാതാവാകുമ്പോൾ ഡയലോഗ് തെറ്റുമോ എന്നുള്ള ടെൻഷനൊന്നും ഇല്ലല്ലോ. കഴിഞ്ഞ ദിവസം ഞാൻ പിള്ളേരോട് ചോദിച്ചിരുന്നു... അമ്മ ഇനി സിനിമ ചെയ്യണോയെന്ന്. ഉടൻ അവർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... അമ്മ ഇനി സിനിമ ചെയ്യേണ്ട.'
'കാരണം ഞങ്ങൾ അമ്മയോട് എന്തെങ്കിലും സംസാരിക്കാൻ വരുമ്പോൾ അമ്മയ്ക്ക് കോൾ വരും. അതുകൊണ്ട് അമ്മ ഇനി സിനിമ ചെയ്യണ്ടെന്നാണ് പിള്ളേര് പറഞ്ഞത്. അതുപോലെ പപ്പയും അടുത്തിടെ എന്നോട് പറഞ്ഞു ഇനി സിനിമ ചെയ്യേണ്ടെന്ന്', സാന്ദ്ര തോമസ് പറയുന്നു. ലിറ്റിൽ ഹാർട്സാണ് സാന്ദ്രയുടെ നിർമാണത്തിൽ തിയേറ്ററുകളിലേക്ക് എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമ.
വമ്പൻ ഹിറ്റായിരുന്ന ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം-മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തില്‍ സിബിയായി ഷെയ്നും ശോശയായി മഹിമയും അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications