'രതീഷിനെതിരെ കേസിന് പോവാത്തത് നിർമാതാവിനെ ഓർത്ത്, റോബിനും ഭാവിയിൽ നായകനായേക്കാം'; സന്തോഷ് ടി കുരുവിള!
മലയാള സിനിമയ്ക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നിർമാതാവാണ് സന്തോഷ് ടി കുരുവിള. മൂൺഷോട്ട് എന്റർടൈൻമെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറും ഒപിഎം ഡ്രീം മിൽസ് സിനിമാസിന്റെ ചെയർമാനുമാണ്. ഇന്ത്യയിലും യുഎഇയിലും അധിഷ്ഠിതമായ ബിസിനസ് സംരംഭങ്ങളുടെ ഒരു ശൃംഖലയും അദ്ദേഹത്തിനുണ്ട്.
സിനിമയോടുള്ള അതീവ താൽപര്യമാണ് നല്ല സിനിമകളുടെ നിർമാണത്തിലേക്ക് സന്തോഷിനെ നയിച്ചത്. സന്തോഷ് ടി കുരുവിള നിർമിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തി ഹിറ്റായ സിനിമ കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട് ആണ്.
ഇതുവരെ കുഞ്ചാക്കോ ബോബൻ ചെയ്തതിൽ ഏറ്റവും മികച്ചത് എന്നാണ് ന്നാ താൻ കേസ് കൊട് സിനിമയിലെ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവന്റെ കഥാപാത്രത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.

ഇപ്പോഴിതാ രതീഷ് ബാലകൃഷ്ണനെ കുറിച്ചും സിനിമ മേഖലയിൽ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് ടി കുരുവിള. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള മനസ് തുറന്നത്. 'ഞാൻ സിനിമയുടെ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും ഇടപെടാറുണ്ട്. ഷൂട്ടിങിൽ ഇടപെടാറില്ല.'
'അറിവ് കിട്ടുന്നിടത്ത് നിന്ന് എല്ലാം മേടിക്കണമെന്ന് ഞാൻ എന്നോടൊപ്പം പ്രവർത്തിക്കുന്നവരോട് പറയാറുണ്ട്. കാരണം ഞാൻ അത്ര വലിയ കലാകാരനല്ല. സിനിമയിൽ നിന്നും 99ശതമാനവും നല്ല ഓർമകളാണുള്ളത്. ചീത്ത ഓർമ പറയാൻ പറഞ്ഞാൽ... ന്നാ താൻ കേസ് കൊട് സിനിമയുടെ സംവിധായകൻ രതീഷ് ചിത്രത്തിന്റെ സ്പിന്നോഫ് എന്ന പോലെ ഒരു സിനിമ ചെയ്യുന്നുണ്ട്.'
'പക്ഷെ എന്നോട് ഇന്നേവരെ സിനിമ എടുത്തോട്ടെ എന്നത് സംബന്ധിച്ച് ഒരു വാക്ക് ആ സംവിധായകൻ ചോദിച്ചിട്ടില്ല. ഞാൻ പൈസ കൊടുത്ത് എഴുതിച്ച സാധനത്തിൽ നിന്നും ഒരു സ്പിന്നോഫ് ചെയ്യുമ്പോൾ അതിന് അനുവാദം എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. അവർ സിനിമ എടുക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. അടുത്തിടെ ഒരു ഇന്റർവ്യൂവിലാണ് ന്നാ താൻ കേസ് കൊട് സിനിമയുടെ സ്പിന്നോഫാണെന്ന് ഞാൻ അറിഞ്ഞത്.'
'അത് എന്നെ സംബന്ധിച്ച് വളരെ വേദനയുണ്ടാക്കി. പലരും എന്നോട് ഇതിൽ കേസ് കൊടുക്കാൻ പറഞ്ഞിരുന്നു. പക്ഷെ ഞാൻ കൊടുത്തില്ല. കാരണം അതിന്റെ നിർമാതാവിനെ ഓർത്തിട്ടാണ്. അദ്ദേഹത്തിന്റെ ഒത്തിരി പണം ആ സിനിമയിൽ കിടക്കുന്നുണ്ട്.'

'സംവിധായകൻ അടക്കം ഒരുപാട് പേരുടെ 150 ദിവസത്തെ കഷ്ടപ്പാടുണ്ട്. കേസിന് പോയാൽ ഞാൻ വിജയിക്കും പക്ഷെ വേണ്ടെന്ന് വെച്ചിരിക്കുകയാണ്', എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്. ഡോ.റോബിൻ വിഷയത്തിലും സന്തോഷ് പ്രതികരിച്ചു. 'റോബിൻ ഒരു ദിവസം രണ്ട് കസിൻസിനും ശാലുവിനും ഒപ്പം എന്റെ വീട്ടിൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു ഒരു സിനിമയിൽ അഭിനയിക്കണമെന്ന്.'
'തീർച്ചയായും നോക്കാമെന്ന് ഞാൻ പറഞ്ഞു. പൊതുവെ ആരോടും നോ പറഞ്ഞ് അയക്കാറില്ല. മുഖം അടച്ച് മറുപടി പറഞ്ഞില്ല. പിന്നീട് റോബിൻ പറഞ്ഞു ഒരു അനൗൺസ്മെന്റ് ചെയ്ത് തരാമോയെന്ന് അങ്ങനെ പുള്ളി തന്നെ തിരുവനന്തപുരത്ത് നിന്ന് ചെയ്ത് അയച്ച് തന്നതാണ് അന്ന് ഇട്ട പോസ്റ്റർ. പുള്ളി നായകനാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോൾ നാളെ റോബിനും ഭാവിയിൽ വലിയ നായകനായേക്കാം', സന്തോഷ് പറഞ്ഞു.


Click it and Unblock the Notifications











