കാരവാൻ ക്ലീൻ ആണോ? വരുമ്പോൾ തന്നെ ചോദിക്കുന്നത്; എല്ലാം വിറ്റാണ് നിർമാതാക്കൾ സിനിമ എടുക്കുന്നത്; വിമർശനം
സിനിമാ പ്രൊമോഷൻ ഇന്ന് ഒഴിച്ച് കൂടാനാകാത്ത കാര്യമായി മാറിയിരിക്കുകയാണ്. പ്രൊമോഷനില്ലാതെ ജനശ്രദ്ധ ലഭിക്കുന്ന ചുരുക്കം സിനിമകളേ ഇപ്പോഴുള്ളൂ. ഓഡിയോ ലോഞ്ചുൾപ്പെടെയുള്ള ചടങ്ങുകൾ ആഘോഷമായി മാറുന്നു. എന്നാൽ നോ പ്രൊമോഷൻ പോളിസി പിന്തുടരുന്ന ചില താരങ്ങളുണ്ട്. അജിത്ത്, നയൻതാര തുടങ്ങിയ താരങ്ങളൊന്നും തന്റെ സിനിമകളുടെ ഒരു ചടങ്ങിനും എത്താറില്ല. നയൻതാരയുടെ ഈ നിബന്ധനയ്ക്ക് നേരെ കടുത്ത വിമർശനം വരാറുണ്ട്.
സ്വന്തം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേർസ് നിർമ്മിക്കുന്ന സിനിമകളുടെ പ്രൊമോഷന് നയൻതാര എത്താറുണ്ട്. ഇതാണ് മറ്റ് നിർമാതാക്കൾക്ക് നീരസമുണ്ടാക്കുന്നത്. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് പ്രമുഖ തമിഴ് സിനിമാ നിർമാതാവ് തിരുമലെെ. തന്റെ പുതിയ ചിത്രം ദിൽരാജയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നയൻതാര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല. പ്രൊമോഷന് വരാത്ത താരങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞപ്പോൾ നയൻതാരയുടെ പേര് പരാമർശിക്കുകയായിരുന്നു തിരുമലൈ.

നയൻതാര സ്വന്തമായി പണമെടുത്താൽ സ്റ്റേജിൽ പോയി നിൽക്കും. മറ്റൊരു പ്രൊഡ്യൂസറാണ് സിനിമ നിർമ്മിക്കുന്നതെങ്കിൽ അവർ വരികയേ ഇല്ല. നിർമാതാക്കൾ എല്ലാം വിറ്റാണ് പടം എടുക്കുന്നത്. പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ ഒപ്പം നിന്നില്ലെങ്കിൽ സിനിമയെ ആര് രക്ഷിക്കുമെന്നും തിരുമലെെ ചോദിക്കുന്നു. ഹിന്ദി സിനിമാ രംഗത്ത് ഏഴ് വർഷം വർക്ക് ചെയ്തതാണ്. ഒരു ആർട്ടിസ്റ്റിനെ ബുക്ക് ചെയ്താൽ എല്ലാം കൃത്യമായി നടക്കും.
കൃത്യ സമയത്ത് ഷൂട്ടിനെത്തും. നാല് മണി വരെ വേറൊന്നും സംസാരിക്കില്ല. അമിതാഭ് ബച്ചനെ ഉൾപ്പെടെയാണ് ഞാൻ പറയുന്നത്. വലിയ നായികമാരും. ഇവിടെ (തമിഴകത്ത്) മാത്രമാണ് വരുമ്പോൾ തന്നെ കാരവാൻ ക്ലീൻ ആണോ സ്റ്റാർ ഹോട്ടലിൽ റൂമുണ്ടോ എന്ന് ചോദിക്കുന്നത്. എന്തിനാണ് വരുന്നത്?, വളരെ വേദനയുണ്ട്. ചെറിയ സിനിമകളുടെ ഒരു ഫങ്ഷനും ആർട്ടിസ്റ്റുകൾ വരുന്നില്ലെന്നും തിരുമലൈ തുറന്നടിച്ചു.

പ്രൊമോഷന് ഒരു ആർട്ടിസ്റ്റ് വരണം. ഫങ്ഷൻ കാണുന്ന 100 പേരിൽ 50 പേർ സിനിമ കാണും. വലിയ താരങ്ങളായ നടൻമാർ വരുന്നു. എന്നാൽ പുതിയ ആളുകൾ വരുന്നില്ല. അഭിനേതാക്കളുടെ ഈ പ്രവണതയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും തിരുമലൈ പറയുന്നു. അഭിനയിച്ചാൽ മാത്രം പോര. പ്രൊമോഷന് വരണം. ഇപ്പോൾ നാലഞ്ച് താരങ്ങൾ പ്രൊമോഷന് വരുന്നില്ലെന്ന് തീരുമാനിക്കുന്നു. കാരണം നിർമാതാക്കൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നും തിരുമലൈ തുറന്നടിച്ചു.
നയൻതാരയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിച്ച കണക്ട് എന്ന സിനിമയ്ക്ക് തെലുങ്ക് ചാനലുകളിൽ വരെ നടി അഭിമുഖം നൽകി. എന്നാൽ പിന്നീട് വന്ന ജവാൻ എന്ന സിനിമയുടെ ഒരു ഇവന്റിനും നടി എത്തിയില്ല. നിലവിൽ തമിഴകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ട് പോലും താരം തുടങ്ങിയത് സ്വന്തം മേക്കപ്പ് പ്രൊഡക്ടിന്റെ മാർക്കറ്റിംഗിന് വേണ്ടിയാണെന്നും വിമർശനമുണ്ട്.
മലയാള മാധ്യമങ്ങൾക്ക് നയൻതാര അഭിമുഖം നൽകിയിട്ട് പത്ത് വർഷത്തിലേറെയായി. ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications