'ശകുന്തളയാകാൻ മാത്രം സൗന്ദര്യം സാമന്തയ്ക്കുണ്ടോ?, അവരുടെ കരിയർ തീർന്നു, ഇത് സെന്റിമെന്റൽ ഡ്രാമ'; നിർമാതാവ്
മലയാളത്തിൽ ഒഴികെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ വളരെ വിരളമായി മാത്രമാണ് നായികാ പ്രാധാന്യമുള്ള സിനിമകൾ വരുന്നത്. അല്ലാത്തപക്ഷം നായകന് പ്രേമിക്കാനും കെട്ടിപിടിക്കാനും ഡാൻസ് കളിക്കാനും മാത്രമായുള്ള ഉപകരണമായാണ് നായികയെ പരിഗണിക്കാറുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായിക രശ്മിക മന്ദാനയ്ക്ക് പോലും കൃത്യമായി തന്റെ അഭിനയ പാടവം കാഴ്ചവെക്കാനുള്ള ഒരു അവസരം സിനിമയിൽ കിട്ടാറില്ല.
വളരെ കുറച്ച് നാളുകളെയായിട്ടുള്ളു സാമന്തയ്ക്ക് നായിക പ്രാധാന്യമുള്ള സിനിമകൾ ലഭിക്കാൻ തുടങ്ങിയിട്ട്. സാമന്ത ടൈറ്റിൽ റോളിലെത്തുന്ന സിനിമയെന്ന് പറഞ്ഞാണ് യശോദ അടക്കമുള്ള സിനിമകൾ കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

ഇപ്പോഴാണ് സാമന്ത നടിയെന്ന രീതിയിൽ കൂടുതൽ മെച്ചപ്പെട്ട് തുടങ്ങിയത് എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. അതേസമയം വളരെ ബുദ്ധിമുട്ടേറിയ അസുഖം കൂടി പിടിപെട്ട ശേഷം കരിയർ താഴെപോകാതിരിക്കാൻ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ട് സാമന്ത.
രോഗക്കിടയിൽ ആയിരുന്നപ്പോഴും സിനിമയാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് സാമന്ത തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സാമന്തയുടേതായി തിയേറ്ററുകളിലേത്ത് എത്താൻ പോകുന്ന ഏറ്റവും പുതിയ സിനിമ ശാകുന്തളമാണ്. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് താരം. കേരളത്തിനും നായകൻ ദേവ് മോഹനൊപ്പം സാമന്ത പ്രമോഷനെത്തിയിരുന്നു.
അതേസമയം ഇപ്പോഴിത സാമന്തയെ കുറിച്ച് നിർമാതാവ് ത്രിപുരനേനി ചിട്ടിബാബു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സാമന്തയുടെ കരിയർ തീർന്നുവെന്നും അതുകൊണ്ടാണ് ഇപ്പോൾ സെന്റിമെന്റൽ ഡ്രാമ കളിക്കുന്നത് എന്നുമാണ് നിർമാതാവ് അടുത്തിടെ പറഞ്ഞത്. നിർമാതാവിന്റെ അഭിമുഖം വലിയ രീതിയിൽ വൈറലാണ്.
ശാകുന്തളം സിനിമയുടെ കാര്യം വരുമ്പോൾ ശകുന്തളയുടെ വേഷത്തിൽ സാമന്ത എത്രമാത്രം യോജിക്കുന്നുണ്ട് എന്നാണ് അവതാരക നിർമാതാവിനോട് ചോദിച്ചത്. അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു. 'ശകുന്തളയാണ് ഏറ്റവും അത്ഭുതകരമായ സൗന്ദര്യ ചിഹ്നം. സാമന്ത ഇപ്പോൾ അത്രയും മനോഹരമായ ഒരു അടയാളമാണോ?. ആരോഗ്യം, മുഖം എല്ലാം സാമന്തയ്ക്ക് നഷ്ടമായി പോയി. ഓരോ സിനിമയും സെന്റിമെന്റ് ഡ്രാമകൾ സൃഷ്ടിക്കാൻ അവർ ഉപയോഗിക്കുന്നു.'

'സാമന്തയുടെ കരിയർ അവസാനിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ എന്തെങ്കിലും വേഷങ്ങൾ ചെയ്തുകൊണ്ടേയിരിക്കണം. കരിയർ അവസാനിച്ചു. അതുകൊണ്ടാണ് സെന്റിമെന്റൽ ഡ്രാമ കളിക്കുന്നത്. കിടക്കയിൽ നിന്ന് ഡബ്ബ് ചെയ്യുന്ന പോലെയാണ് അടുത്തിടെ പുറത്തിറങ്ങിയ അവരുടെ സിനിമകൾ. ഇക്കാര്യങ്ങളെല്ലാം പരസ്യമാക്കുകയാണ്.'
'നല്ല പനി പിടിച്ച് പല നല്ല കലാകാരന്മാരും ഷൂട്ടിങ്ങിൽ പങ്കെടുത്ത കാലങ്ങളുണ്ട്. എന്നാൽ അവരാരും അവരെക്കുറിച്ച് ഒന്നും പറഞ്ഞില്ല. സാമന്ത സെന്റിമെന്റ്സ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ആരും സാമന്തയെ നായികയായി എടുക്കുന്നില്ല. ആ മുഖം കൊണ്ട് ശാകുന്തളം എങ്ങനെ ചെയ്തു?. ക്യാമറാമാന് എന്തെങ്കിലും ഗിമ്മിക്കുകൾ ചെയ്യേണ്ടി വന്ന് കാണും. മുൻനിര നായിക റേഞ്ചിൽ നിന്ന് വീണുപോയി സാമന്ത.'
'അതുകൊണ്ടാണ് പുഷ്പയിലെ ഐറ്റം സോങിൽ അഭിനയിച്ചത്. കാണേണ്ടിയിരുന്ന താരപദവിയെല്ലാം അവൾ കണ്ടുകഴിഞ്ഞു. ആളുകൾ സിനിമ കാണുന്നത് സെന്റിമെന്റ്സിന് വേണ്ടിയല്ല. നല്ല ഉള്ളടക്കം ഉണ്ടെങ്കിൽ മാത്രമെ ആളുകൾ അത് കാണൂ' നിർമാതാവ് ത്രിപുരനേനി ചിട്ടിബാബു പറഞ്ഞു. കാളിദാസന്റെ അഭിജഞാന ശാകുന്തളം ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് നായകനായി അഭിനയിച്ച ദേവ് മോഹൻ. മലയാളം, കന്നട, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ത്രീഡിയിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതാണ് സിനിമ.


Click it and Unblock the Notifications