'മോഹൻലാൽ ഇപ്പോൾ പഴയ ആളല്ല, ആര് പറഞ്ഞാലും കേൾക്കില്ല, ടി.പി മാധവൻ അത് പറയാൻ പാടില്ലായിരുന്നു'; ബദറുദ്ദീൻ!
മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ അദ്ദേഹം സ്‌ക്രീനിൽ കെട്ടിയാടിയ ഒരുപാട് വേഷങ്ങൾ ഏതൊരു സാധാരണ മലയാളിയുടെയും മനസിലേക്ക് ഓടിവരും. അതിൽ നിന്ന് മികച്ചത് ഏതെന്ന് കണ്ടെത്തുക ഒരിക്കലും എളുപ്പമല്ല. ഒരുപാട് ചിരിപ്പിച്ചിട്ട് ഒരിക്കലും മടക്കമില്ലാത്ത യാത്രയിലേക്കുപോയ വിഷ്ണുവും കഴുമരത്തിലേക്ക് നിർവികാരതയോടെ നടന്നടുത്ത സത്യനാഥനും തൊഴിൽ ഇല്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും നിസ്സഹായാവസ്ഥ കാണിച്ച രാംദാസും ടി.പി ബാലഗോപാലനും അവയിൽ ചിലത് മാത്രം.
മോഹൻലാൽ എന്ന പ്രതിഭാസത്തെ ഒരിക്കലെങ്കിലും അടുത്ത് കാണുകയെന്നത് എല്ലാവരുടേയും സ്വപ്നമാണ്. തന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ആരെങ്കിലും പറഞ്ഞാൽ വീഡിയോ കോൾ വിളിച്ചെങ്കിലും സംസാരിക്കാൻ തിരക്കിനിടയിലും മോഹൻലാൽ ശ്രമിക്കാറുണ്ട്.
അദ്ദേഹത്തോടൊപ്പം പലപ്പോഴായി ജോലി ചെയ്തിട്ടുള്ള ആളുകൾ മോഹൻലാൽ ഇപ്പോൾ തങ്ങളെ സന്ദർശിക്കുകയോ സഹായിക്കുകയോ ചെയ്യാറില്ലെന്ന് കുറ്റപ്പെടുത്തി പറയാറുണ്ട്. പഴയ കാര്യങ്ങൾ മറന്ന്... മോഹൻലാൽ പെരുമാറുന്നുവെന്ന തരത്തിലും ആരോപണങ്ങൾ വരാറുണ്ട്.
എന്നാൽ പലരും മോഹൻലാലിന്റെ തിരക്കുകളെ കുറിച്ചും കമ്മിറ്റ്മെന്റുകളെ കുറിച്ചും മനസിലാക്കാത്തവരാണെന്ന് പറയുകയാണ് വർഷങ്ങളോളം മോഹൻലാലിനൊപ്പം പ്രവർത്തിച്ച നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ.

മോഹൻലാൽ ഇപ്പോൾ പഴയ ആളല്ലെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് ചെയ്ത് തീർക്കാനുള്ള കാര്യങ്ങൾ നിരവധിയാണെന്നും ബദറുദ്ദീൻ മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ മോഹൻലാലുമായി ഇടയ്ക്കൊക്കെ വാട്സ്ആപ്പിൽ കമ്യൂണിക്കേറ്റ് ചെയ്യാറുണ്ട്. ലാൽ തിരക്കുള്ള ആളാണെന്ന് എനിക്ക് അറിയാം. പഴയ മോഹൻലാൽ അല്ലല്ലോ ഇപ്പോൾ. ഐക്കോണിക്ക് ഫിഗറായി മാറിയില്ലേ... നാൽപ്പത്തിയഞ്ച് വർഷമായില്ലേ പുള്ളി പണി തുടങ്ങിയിട്ട്. ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്ഥാനമല്ലല്ലോ', ബദറുദ്ദീൻ പറയുന്നു.
അതുപോലെ തന്നെ നിരവധി ആളുകൾ ഇപ്പോൾ മോഹൻലാലിനെ കുറ്റപ്പെടുത്താൻ മാത്രമായി നടക്കുകയാണെന്നും ബദറുദ്ദീൻ പറയുന്നു. പത്തനാപുരം വൃദ്ധസദനത്തിൽ കഴിയുന്ന നടൻ ടി.പി മാധവൻ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മോഹൻലാലിനെ കാണാൻ അതിയായ ആഗ്രഹമുള്ളതായി പറഞ്ഞിരുന്നു.
അത്തരത്തിൽ പരാതിപ്പെടുന്ന എല്ലാവരുടേയും അടുത്തേക്ക് ഓടിയെത്താൻ മോഹൻലാലിന് കഴിയില്ലെന്നത് സിനിമകളിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള ടി.പി മാധവൻ മനസിലാക്കണമെന്നും ബദറുദ്ദീൻ കൂട്ടിച്ചേർത്തു. 'എത്രയോ ലക്ഷം ആളുകൾ മോഹൻലാലിന്റെ മുന്നിലൂടെ കടന്നുപോകുന്നതാണ്. മാത്രമല്ല ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലുമാണ് അദ്ദേഹം.'

'പുറത്ത് നിന്ന് നോക്കുന്നവർക്ക് അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് മനസിലാകില്ല. ലാൽ കേരളത്തിൽ ചിലവഴിക്കുന്ന സമയം പോലും കുറവാണ്. മാമുക്കോയ മരിച്ചിട്ട് പോലും അദ്ദേഹത്തിന് വരാൻ പറ്റിയില്ല. തന്നെ കുറിച്ചുള്ള ഗോസിപ്പുകളെല്ലാം മോഹൻലാൽ അറിയുന്നുണ്ട്. അതുപോലെ തന്നെ പരദൂഷണം, ഗോസിപ്പ് പോലുള്ളവ കേൾക്കും എന്നല്ലാതെ ഒന്നും വിശ്വസിക്കില്ല. എത്ര വിശ്വസ്തനാണ് പറയുന്നതെങ്കിലും മോഹൻലാൽ വിശ്വസിക്കില്ല. നേരിട്ട് കണ്ടാൽ ബോധ്യപ്പെടും അതാണ് ലാലിന്റെ സ്വഭാവം', ബദറുദ്ദീൻ വിശദമാക്കി.
കഴിഞ്ഞ രണ്ട് മാസക്കാലമായി ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ഷൂട്ടിങിനായി രാജസ്ഥാനിലായിരുന്നു മോഹൻലാൽ.
കൂടാതെ ബിഗ് ബോസ് സീസൺ ഫൈവും ഹോസ്റ്റ് ചെയ്യുന്നുണ്ട്. ജപ്പാനിൽ അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പോയപ്പോൾ വീഡിയോകൾ വഴിയാണ് സീസൺ ഫൈവിലെ മത്സരാർഥികളോട് മോഹൻലാൽ സംസാരിച്ചത്.
പാൻ ഇന്ത്യൻ ചിത്രമായി നന്ദ കിഷോർ ഒരുക്കുന്ന ഋഷഭ എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രം ചെയ്യുന്നത് മോഹൻലാലാണ്. സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കും. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമായ റാമിന്റെ അറുപത് ദിവസത്തെ ചിത്രീകരണം ഇനിയും പൂർത്തിയാക്കാനുണ്ട്.


Click it and Unblock the Notifications











