'ഒമ്പത് കൊല്ലത്തേക്ക് ഡേറ്റില്ലെന്ന് ജയറാം, ദിലീപിന് നന്ദിയുണ്ട്... അവനെ ആരോ കുടുക്കിയതാണ്, സുരേഷ് ചെയ്തത്'
മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ താരങ്ങൾ. എത്ര പുതിയ താരങ്ങൾ പിറന്നാലും മലയാളികൾക്ക് ഈ അഞ്ച് പേരോടുമുള്ള സ്നേഹത്തിന് കുറവ് വന്നിട്ടില്ല. മലയാളത്തിൽ തുടരെ തുടരെ സിനിമകൾ ചെയ്യാതെ അന്യഭാഷകളിലേക്ക് ജയറാം ചേക്കേറിയപ്പോഴും മലയാളത്തിൽ നല്ലൊരു സിനിമ ചെയ്ത് തിരിച്ച് വരാൻ മലയാളി പ്രേക്ഷകർ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.
കേസിലും വിവാദത്തിലും കുടുങ്ങിയശേഷം ദിലീപ് ചിത്രങ്ങളും വളരെ വിരളമായി മാത്രമെ റിലീസ് ചെയ്യപ്പെടുന്നുള്ളു. കേന്ദ്രമന്ത്രിയായതോടെ സുരേഷ് ഗോപിയും രാഷ്ട്രീയ ജീവിതത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ഇവർ അഞ്ചുപേരെയും കുറിച്ച് പഴയകാല പൊഡക്ഷൻ കൺട്രോളറായിരുന്ന നാരായണൻ നാഗലശ്ശേരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാള സിനിമയിലെ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം നാരായണൻ വെളിപ്പെടുത്തി. സുരേഷ് ഗോപി സമയം പാലിച്ച് ലൊക്കേഷനിൽ എത്താതിരുന്നതിനാൽ ഷൂട്ട് നിർത്തിവേക്കേണ്ടി വന്ന സാഹചര്യമുണ്ടെന്നും നാരായണൻ പറയുന്നു. നന്ദിയുള്ള നടനായി ദിലീപിന്റെ പേരാണ് നാരായണൻ പറഞ്ഞത്.
ജയറാമിന്റെ അടുത്ത് ഒരു പ്രാവശ്യം ഡേറ്റിന് വേണ്ടി ഞാൻ പോയിരുന്നു. എറണാകുളത്താണ് പോയത്. ഹസ്ബെന്റ്സ് ഇൻ ഗോവയുടെ സമയമാണ്. എന്നാൽ ഒമ്പത് കൊല്ലത്തേക്ക് തനിക്ക് ഡേറ്റില്ലെന്നാണ് ജയറാം പറഞ്ഞത്. അതുവരെ ആരൊക്കെ ജീവിച്ചിരിക്കും എന്ന് അറിയില്ലല്ലോയെന്ന് ഞാനും മറുപടിയായി പറഞ്ഞു. ഞാൻ പിന്നെ പോന്നു. ഇപ്പോൾ താരങ്ങളെ കാണാൻ പോകാറില്ല.
കാരണം അതിനുള്ള പ്രൊഡ്യൂസർമാർ നമ്മുടെ കയ്യിലുണ്ടായിരിക്കണം. 11 ലക്ഷം രൂപ കൊണ്ടാണ് സന്മനസുള്ളവർക്ക് സമാധാനം സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. അത് എൺപത് ലക്ഷം രൂപ കലക്ട് ചെയ്തു. പട്ടണപ്രവേശം 23 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ്. അതിനും 20 ലക്ഷത്തിന് താഴെയെ ബജറ്റ് വന്നിട്ടുള്ളു. കിരീടത്തിന് 24 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഞാൻ ജഗദീഷിനെ വല്ലപ്പോഴും വിളിക്കും. നന്ദി ജഗദീഷിനെയുള്ളു. സിദ്ദിഖിനോടും സംസാരിക്കാറുണ്ട്.
ദിലീപിന് നന്ദിയുണ്ട്. അവൻ ഒന്നും മറന്നിട്ടില്ല. അവൻ എന്തോ ആയിക്കൊള്ളട്ടെ... ഇന്നും ആൾക്കാർ അവനെ പറ്റി ഓരോന്ന് പറയുമ്പോൾ ഞാൻ എതിർക്കാറെയുള്ളു. അവന്റെ ഭാഗത്തല്ല തെറ്റ്... അവനെ ആരോ കുടുക്കിയതാണ്. മനപൂർവം കുടുക്കിയതാണ്. തിലകേട്ടനും ഞാനും സുഹൃത്തുക്കളെപോലെയായിരുന്നു.

സമയം പാലിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. മധു സാർ പത്ത് മണിക്കേ വരു. ജഗദീഷിന് യാതൊരു ഡിമാന്റുമില്ല. പുള്ളിക്ക് പടം തീർക്കണമെന്ന ഉദ്ദേശം മാത്രമെയുള്ളു. ക്രൗഡിനെ മാറ്റാൻ വരെ നമുക്ക് ഒപ്പം നിൽക്കും. സിദ്ദിഖും അതുപോലെയാണ്. സുരേഷ് ഗോപിയുമായി വലിയ അടുപ്പമില്ല. സിന്ദൂര രേഖയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
ഏഴ് മണിക്ക് വരേണ്ടതിന് പകരം സിനിമയുടെ ഷൂട്ടിന് ഒരു ദിവസം സുരേഷ് ഗോപി വന്നത് പതിനൊന്ന് മണിക്കാണ്. എല്ലാ ആർട്ടിസ്റ്റുകളും സുരേഷ് ഗോപിയെ കാത്ത് നിന്നു. നടൻ കാറിൽ വന്ന് ലൊക്കേഷനിൽ ഇറങ്ങിയതും കാമറമാൻ വേണു പാക്കപ്പ് പറഞ്ഞു. മൂന്ന്, നാല് പ്രാവശ്യം ഞാൻ വിളിച്ചു. വരുന്നുവെന്ന് പറഞ്ഞതല്ലാതെ വന്നില്ല. സുരേഷ് ഗോപി പണി തന്നതാണ്. ഇതുപോലെ മമ്മൂട്ടിയും മോഹൻലാലും ചെയ്യുകയില്ല.
കാമറമാൻ ഷൂട്ട് നിർത്തി പോയത് കണ്ടതുകൊണ്ട് പിന്നെ എല്ലാ ദിവസവും കൃത്യസമയത്ത് സുരേഷ് ഗോപി വരാൻ തുടങ്ങിയെന്നും മുൻനിര താരങ്ങൾക്കൊപ്പമുള്ള അനുഭവം പങ്കിട്ട് നാരായണൻ പറഞ്ഞു.


Click it and Unblock the Notifications