'ജയറാം സിനിമയുടെ സ്ക്രിപ്റ്റിൽ ജഗദീഷ് കൈകടത്തിയത് പ്രശ്നമായി, മുകേഷിന്റെ ഭാര്യയുടെ ചിലവ് കമ്പനിക്ക് വന്നു'
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെങ്കിലും കോടികൾ ഒഴുക്കി പടം പിടിക്കുന്ന ബോളിവുഡിന് പോലും എത്തി പിടിക്കാൻ പറ്റാത്ത ഉയരങ്ങൾ മലയാള സിനിമ കീഴടക്കുന്നുണ്ട്. കേരളത്തിലിറങ്ങുന്ന ഭൂരിഭാഗം സിനിമകളും താരങ്ങളും അവരുടെ പ്രകടനങ്ങളും പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ മലയാള സിനിമയിലെ ഒരു വിഭാഗം ആളുകളുടെ ചില മോശം പ്രവൃത്തികൾ ഉയരങ്ങളിലേക്ക് കുതിക്കുന്ന മലയാളം ഇന്റസ്ട്രിയെ പിറകിലേക്ക് വലിക്കുന്നുണ്ട്.
അത്തരത്തിലുള്ള നിരവധി കാര്യങ്ങൾ അടുത്തിടെ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചിരുന്ന പ്രൊഡക്ഷൻ കൺട്രോളർ രാജൻ മണക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

മലയാള സിനിമയിലെ താരങ്ങളിൽ ചിലർ വീട്ടുകാരെ വരെ സെറ്റിലേക്ക് എത്തിച്ച് നിർമാതാവിന് ചിലവ് കൂട്ടുമായിരുന്നുവെന്ന് രാജൻ പറയുന്നു. മലയാള താരങ്ങളെ അപേക്ഷിച്ച് ലാളിത്യവും വിനയവും തമിഴ് താരങ്ങൾക്കാണ് കൂടുതലെന്നും രാജൻ പറയുന്നു. ചില അനുഭവങ്ങളും മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രാജൻ പങ്കിട്ടു. താരങ്ങൾക്ക് തമ്മിൽ തമ്മിൽ പണ്ട് കോംപ്ലക്സുണ്ടായിരുന്നു. ഇപ്പോഴുണ്ടോയെന്നത് അറിയില്ല.
ജയറാമിന്റെ സിനിമ വരുമ്പോൾ ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തുന്നുവെന്ന് പറഞ്ഞുള്ള പ്രശ്നങ്ങളുള്ള കാലഘട്ടമുണ്ടായിരുന്നു. ജയറാമും ജഗദീഷും ഒരുമിച്ച് വിജി തമ്പിയുടെ ജേണലിസ്റ്റ് എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. ജയറാം പാർവതിയെ കല്യാണം കഴിച്ച സമയമായിരുന്നു. ഈ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ച് ജഗദീഷിനോട് വിജി തമ്പി സംശയങ്ങളും മറ്റും ചോദിച്ച് ക്ലിയർ ചെയ്തു.
അതിൽ ജയറാമിന് ചെറിയ അതൃപ്തിയുണ്ടായിരുന്നു. അന്നൊക്കെ ഒരു കാറിൽ ഒരുപാട് താരങ്ങളെ ഒരുമിച്ച് സെറ്റിലേക്ക് കൂട്ടികൊണ്ടുവരുമായിരുന്നു. ചിലർക്ക് എല്ലാവർക്കുമൊപ്പം യാത്ര ചെയ്യുന്നതിനോട് അതൃപ്തിയുണ്ടായിട്ടുമുണ്ട്. ചില താരങ്ങളുണ്ടെങ്കിൽ മറ്റ് ചിലർ അഭിനയിക്കാൻ വരില്ലെന്ന് പറയുന്ന സ്ഥിതിയുമുണ്ടായിരുന്നു. നടൻ പ്രഭു മലയാളി മാമന് വണക്കത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ഞാൻ കരുതി ഡിമാന്റുകൾ ഒരുപാടുണ്ടാകുമെന്ന്. പക്ഷെ അദ്ദേഹം സിംപിളായിരുന്നു. നമ്മൾ കൊടുത്ത റൂമിൽ താമസിച്ചു.
ഭയങ്കര ലാളിത്യമാണ്. ശരത്കുമാറും പ്രഭുവിനെപ്പോലെ സിംപിളായിരുന്നു. അവരുടെ ഇന്റസ്ട്രിയിൽ അവർ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. തമിഴ് താരങ്ങളുടെ വിനയം കാണുമ്പോൾ നമ്മുടെ ആർട്ടിസ്റ്റുകളെ കുറിച്ച് നമ്മൾ ചിന്തിക്കും. ഇന്നത്തെ തലമുറയിലെ താരങ്ങൾക്ക് വിനയം കുറവാണ്. ഇന്ന് എല്ലാ താരങ്ങൾക്കും അവരുടെ സ്വന്തം മേക്കപ്പ് മാൻ, കോസ്റ്റ്യൂമർ, കുക്ക് എല്ലാമുണ്ട്.

പണ്ട് ഇതൊന്നും ഇല്ലായിരുന്നു. കമ്പനിയുടെ മേക്കപ്പ് മാനെയാണ് ഉപയോഗിച്ചിരുന്നത്. എന്നിട്ടും ചിലർ അവരുടെ കാര്യങ്ങൾ നോക്കാനായി ആളെ വെക്കും. എന്നിട്ട് കമ്പനിയോട് ബാറ്റ കൊടുക്കാൻ പറയും. അതുപോലെ താരങ്ങളുടെ സുഹൃത്തുക്കൾ വന്ന് ഫുഡ് കഴിക്കും. ബില്ല് കമ്പനി വഹിക്കണം. മുകേഷിന്റെ ഭാര്യ സരിതയൊക്കെ വന്ന് കഴിയുമ്പോൾ അവരുടെ ചിലവ് കമ്പനിയാണ് നോക്കിയിരുന്നത്.
സരിതയൊക്കെ കോഴിക്കോട് വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അത് അന്ന് പ്രശ്നമായിട്ടുമുണ്ട്. ശേഷം താരങ്ങൾ അത് ദേഷ്യമായി നമ്മളോട് കാണിക്കും. പിന്നെ ഇവർക്ക് അറിയാവുന്ന പ്രൊഡക്ഷൻ കൺട്രോളർമാരെ വെക്കാൻ പ്രൊഡക്ഷനോട് സജസ്റ്റ് ചെയ്യുന്ന അവസ്ഥയുമുണ്ടായിരുന്നുവെന്നും രാജൻ പറയുന്നു.


Click it and Unblock the Notifications