'മമ്മൂട്ടിക്ക് പ്രേം നസീറിനോട് ദേഷ്യമുണ്ടായിരുന്നു, മോഹൻലാലിന്റെ പേര് നിർദേശിച്ചതാണ് ദേഷ്യത്തിന് കാരണമായത്'
ജന്മാന്തരങ്ങള്‍ക്കിപ്പുറവും മലയാളിയുടെ കാല്‍പ്പനിക സങ്കല്‍പങ്ങളിലെ നിത്യഹരിത നായകനായി പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്ന വിഖ്യാത നടനാണ് പ്രേം നസീർ. ആകാരഭംഗിയും കലയോടുള്ള അഭിനിവേശവും സഹാനുഭൂതി നിറഞ്ഞ മനസും മലയാളിക്ക് നസീർ പകരക്കാരനില്ലാതാക്കി. മലയാള കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപമായിരുന്നു പ്രേംനസീര്‍. ഒരു കാലഘട്ടത്തിന്റെ ഒരു ജനതയുടെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവുമാണ് പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റിയത്. മരംചുറ്റി പാടുകയും പ്രണയിക്കുകയും ചെയ്യുന്ന നസീര്‍ അമ്പതുകളിലേയും അറുപതുകളിലേയും മലയാള സിനിമയ്ക്ക് സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വിവരണങ്ങള്‍ക്കതീതമാണ്.

അതുവരെ വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയിരുന്ന മലയാള സിനിമാ ലോകത്തെ ഒരേസമയം ലാഭകരമായ വ്യവസായവും ജനകീയമായ കലയുമാക്കി മാറ്റിയതില്‍ പ്രേംനസീര്‍ എന്ന നടന്റെ പങ്ക് ഏറെ വലുതാണ്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിഭാഗം പ്രേക്ഷകരെയും സിനിമാക്കൊട്ടകകളില്‍ കൂട്ടമായെത്തിക്കാന്‍ പ്രേം നസീറിന് സാധിച്ചു.
നാല് പതിറ്റാണ്ട് നീണ്ട കലാജീവിതത്തിനിടയില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി എഴുന്നൂറില്‍പ്പരം സിനിമകളാണ് നസീറിന്റേതായി പുറത്തുവന്നത്. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചാണ് പ്രേംനസീര്‍ അന്തരിച്ചത്. അഭിനേതാവ് എന്ന റോളില്‍ നിന്നും മാറി സംവിധായകന്റെ കുപ്പായമണിയാന്‍ തയ്യാറെടുക്കുകയായിരുന്നു പ്രേം നസീർ.
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള രണ്ട് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുള്ള പദ്ധതിയാണ് അദ്ദേഹം പാതിവഴിയില്‍ അവസാനിപ്പിച്ച് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. ഇപ്പോഴിതാ പ്രേം നസീറിനെ കുറിച്ച് മുമ്പ് സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിരുന്ന സണ്ണി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.
മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി പ്രേം നസീർ എന്ന നടനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്. സിനിമ സംവിധാനം ചെയ്യാൻ വേണ്ടി ഡേറ്റിനായി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പുറകിൽ നസീറിന് അലയേണ്ടി വന്നിട്ടുണ്ടോയെന്നാണ് അവതാരകൻ ചോദിച്ചത്. അതിന് മറുപടി പറയുകയായിരുന്നു സണ്ണി. 'മോഹൻലാലിന്റെ അടുത്ത് നസീർ സാർ ഡേറ്റ് ചോദിച്ചിരുന്നു.'

'മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ച് സാർ പോയിട്ടില്ല. മോഹൻലാൽ ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു പക്ഷെ അത് ഉപയോഗിക്കാൻ പറ്റിയില്ല. അപ്പോഴേക്കും നസീർ സാർ മരിച്ചു. മാത്രമല്ല അഡ്വാൻസ് വാങ്ങിച്ച തുക മോഹൻലാൽ തിരിച്ചുകൊണ്ടുകൊടുക്കുകയും ചെയ്തു. അതുപോലെ മമ്മൂട്ടിക്ക് പ്രേം നസീറിനോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നു.'
'കാരണം ശശികുമാറിന്റെ പടത്തിൽ മമ്മൂട്ടിയെ ഇടാൻ തീരുമാനിച്ചപ്പോൾ അതുവേണ്ട മോഹൻലാലിനെ ഇട്ടാൽ മതിയെന്ന് നസീർ സാർ പറഞ്ഞു. പിന്നീട് മമ്മൂട്ടിയുടെ ആ ദേഷ്യത്തിന് നസീർ സാർ കെണി എന്ന സിനിമയിലൂടെ പരിഹാരം കണ്ടു. ചിത്രത്തിൽ സെക്കന്റ് ഹീറോയായി മമ്മൂട്ടിയെ വെച്ചാൽ മതിയെന്ന് നസീർ സാറാണ് സംവിധായകനോട് പറഞ്ഞത്. സിനിമയുടെ നിർമാതാവ് ആ റോൾ ചെയ്യാനായി ഇരിക്കുകയായിരുന്നു.'
'മരിക്കുമ്പോൾ അദ്ദേഹത്തിന് ആരുമായും യാതൊരു വിധ പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും', സണ്ണി പറയുന്നു. പ്രേം നസീറിന് മോഹന്‍ലാലിനെ വെച്ചുകൊണ്ട് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ മോഹന്‍ലാലിന് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും തന്നോട് മാത്രമെ ഇക്കാര്യം പറഞ്ഞിട്ടുള്ളൂവെന്നും ശ്രീനിവാസന്‍ അടുത്തിടെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് വൈറലായിരുന്നു. മോഹൻലാൽ പ്രേം നസീറിനെ കളിയാക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും ശ്രീനിവാസൻ പറഞ്ഞത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും അടുത്തിടെ കാരണമായിരുന്നു.


Click it and Unblock the Notifications