ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേന്നാണ് കോൾ വരുന്നത്; പെപെയ്ക്ക് സംഭവിച്ചത്; നീരജ് മാധവിന് പരിക്ക് പറ്റിയപ്പോൾ
മലയാളത്തിൽ അടുത്ത കാലത്ത് വന്ന വൻ ഹിറ്റ് സിനിമകളിലൊന്നാണ് ആർഡിഎക്സ്. മികച്ച കലക്ഷൻ നേടിയ സിനിമയിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ് പെപെ, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സിനിമയുടെ റിലീസിന് മുമ്പുണ്ടായ വിവാദങ്ങളെല്ലാം ചിത്രം വിജയിച്ചതോടെ കെട്ടടങ്ങി. ഷെയ്ൻ നിഗത്തിനെതിരെയുള്ള ആരോപണങ്ങൾ കടുത്തതും ഈ സിനിമയുടെ ഷൂട്ടിംഗ് ഘട്ടത്തിലാണ്. സിനിമയ്ക്ക് പിന്നിൽ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ആർഡിഎക്സിന്റെ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ച ജോസഫ് നെല്ലിക്കൽ. സഫാരി ടിവിയോടാണ് പ്രതികരണം.
ആർഡിഎക്സിലേക്ക് ഞാൻ കടന്ന് വരുന്നത് 2021 അവസാനത്തോടെയാണ്. ആദ്യം സിനിമ ചെയ്യാൻ സമ്മതിച്ചെങ്കിലും ഡേറ്റിന്റെ പ്രശ്നം കാരണം എനിക്ക് പകരം മറ്റൊരാൾ വന്നു. പക്ഷെ പിന്നീട് അതും മാറിപ്പോയി. തിരിച്ച് വീണ്ടും സിനിമ എന്നിലേക്ക് വന്നു. ഫോർട്ട് കൊച്ചിയിലെ കാർണിവൽ ആണ് പടത്തിന്റെ പ്രധാന കഥാതന്തു എന്ന് പറഞ്ഞിരുന്നു. പല ലൊക്കേഷനുകളും കണ്ട് ഏതൊക്കെ വേണം എന്ന് തീരുമാനിച്ചു. 2022 ആഗസ്റ്റ് മാസത്തിൽ സിനിമ തുടങ്ങാനുള്ള എല്ലാ പ്രാരംഭ നടപടികളും ആരംഭിച്ചു.

ആർട്ടിസ്റ്റുകളെല്ലാം പ്രാക്‌ടീസ് ചെയ്യുന്നുണ്ട്. പെപ്പെ പഞ്ചിംഗ് പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഷൈൻ കരാട്ടെ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നീരജ് മാധവും പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ തലേ ദിവസമാണ് ഒരു കോൾ വരുന്നത്. ചിലപ്പോൾ നാളെ ഷൂട്ട് നടക്കില്ല എന്ന് പറഞ്ഞു. എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് പെപെ പ്രാക്ടീസ് ചെയ്യുന്ന സമയത്ത് കാൽ സ്ലിപ്പായി താഴെ വീണു. ഷോൾഡറിന് പ്രശ്നമായി. ഷോൾഡർ ഊരിപ്പോകുന്ന അവസ്ഥയിലാണെന്ന് പറഞ്ഞു.
പിറ്റേ ദിവസത്തെ ഷൂട്ട് നിർത്തി വെച്ചു. വൈകുന്നേരമാണ് പടം തുടങ്ങാൻ പറ്റില്ല, പെപെയ്ക്ക് ഒരു മാസം റെസ്റ്റ് വേണമെന്ന് അറിയുന്നത്. പിറ്റേ ദിവസം തുടങ്ങാനിരുന്ന സിനിമ തലേ ദിവസം വെെകുന്നരത്തോടെ നിർത്തി വെക്കേണ്ട സാഹചര്യം വന്നു. ഷൂട്ടിംഗ് തുടങ്ങാനിരുന്ന ആഗസ്റ്റ് മാസത്തിൽ നല്ല മഴയായിരുന്നു. പക്ഷെ പറഞ്ഞ സമയത്ത് സിനിമ ആരംഭിച്ചില്ലെങ്കിൽ മൂന്ന് പേരുടെയും ഡേറ്റ് ക്ലാഷ് ആകും. അതുകൊണ്ട് മഴ മൂലം ഷൂട്ടിംഗ് നിർത്തി വെക്കേണ്ട, ഉള്ള സമയത്ത് ഷൂട്ട് ചെയ്യാം എന്ന രീതിയിലാണ് തുടങ്ങിയത്.

എന്നാൽ പെപെയ്ക്ക് പരിക്ക് പറ്റിയത് കാരണം ഷൂട്ട് നീണ്ട് പോയത് ഒരു തരത്തിൽ ഗുണമായെന്നും ജോസഫ് നെല്ലിക്കൽ വ്യക്തമാക്കി. നീരജ് മാധവിന് പരിക്ക് പറ്റിയതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ക്ലെെമാക്സിൽ കാണിക്കുന്ന ആംബുലൻസുണ്ട്. രണ്ട് ആംബുലൻസാണ് സെറ്റാക്കി വെച്ചത്. ഒന്ന് ഇടിക്കാനും ഒന്ന് ഓടാനും. ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ അഭിനയിക്കുന്നവർക്കും വർക്ക് ചെയ്യുന്നവർക്കും ഒരു പ്രോബ്ലവും വരാത്ത തരത്തിലുള്ള സെക്യൂരിറ്റി സിസ്റ്റം ചെയ്തിട്ടുണ്ട്.
എങ്കിൽ പോലും ചില സമയത്ത് നമ്മുടെ കൈയിൽ നിന്ന് വിട്ട് പോകും. അങ്ങനെയൊരു സമയത്താണ് നീരജ് മാധവിന്റെ കാലിന് ഫ്രാക്ചർ സംഭവിക്കുന്നത്. ആ പ്രശ്നം വക വെക്കാതെ അദ്ദേഹം വളരെ മനോഹരമായി ആ സീൻ ചെയ്ത് തീർത്തു. അതുകൊണ്ട് സിനിമയിൽ അങ്ങനെയൊരു പ്രശ്നം ഉണ്ടായതായി കാണാൻ സാധിക്കില്ലായിരുന്നെന്നും ജോസഫ് നെല്ലിക്കൽ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











