'ഗുണ കേവ് സെറ്റിട്ടത് പെരുമ്പാവൂരിൽ, ശ്രീനാഥും സൗബിനും തൂങ്ങിക്കിടക്കുന്നത് ചിത്രീകരിച്ചത് 40 അടി താഴ്ചയിൽ'
ചങ്കിടിപ്പ് കൂട്ടുന്ന അങ്ങേയറ്റം ആവേശം കൊള്ളിക്കുന്ന കണ്ണ് നിറയ്ക്കുന്ന ഒന്നാന്തരം സർവൈവൽ ത്രില്ലറാണ് കുറച്ച് ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ്. ചുമ്മാ തട്ടി കൂട്ട് പരുപാടിയൊന്നുമല്ല മഞ്ഞുമ്മൽ ബോയ്സ് എന്നത് സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും മനസിലാകും. പ്രൊഡക്ഷൻ ക്വാളിറ്റിയിലും പെർഫോമൻസിലുമൊന്നും ഒരു വീഴ്ച്ചയും കാണാൻ സാധിക്കില്ല. മലയാളത്തിൽ സർവൈവൽ ത്രില്ലർ വിഭാഗത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമെ പുറത്തിറങ്ങിയിട്ടുള്ളു.
അവയിൽ ഏറ്റവും മികച്ചതെന്ന് പറയാവുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കൊടൈക്കനാലിലേക്ക് മഞ്ഞുമ്മലിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാർ വിനോദയാത്ര പോകുന്നതും അതിൽ ഒരാൾ ഗുണകേവിൽ അകപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സംഭവം നടന്ന സ്ഥലത്ത് വെച്ച് തന്നെ സിനിമ ഷൂട്ട് ചെയ്യുക എന്നത് പ്രായോഗികമല്ലാത്തതിനാൽ ഗുണ കേവ് അടക്കം അണിയറപ്രവർത്തകർ സെറ്റിട്ടു.

സിനിമ കണ്ടവർക്ക് അറിയാം ഒറിജിനലിനെ വെല്ലുന്ന സെറ്റാണ് മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി ഒരുക്കിയതെന്ന്. ആരെയും അതിശയിപ്പിക്കുന്ന സെറ്റ് ഒരുക്കിയത് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയും ടീമുമാണ്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിന് വേണ്ടി പ്രവർത്തിച്ചപ്പോഴുള്ള അനുഭവം അജയൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. മഹേഷിന്റെ പ്രതികാരം, ട്രാൻസ്, മാര, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായും വരത്തൻ, ഇരുൾ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറുമാണ് അജയൻ ചാലിശ്ശേരി.
'ഗുണ കേവ്സിനോട് സാദൃശ്യമുള്ള മറ്റേതെങ്കിലും സ്ഥലത്ത് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ പല സിനിമകളിലൂടെയും അല്ലാതെയും ഈ സ്ഥലം ഒരുപാടു പേർക്ക് പരിചിതമാണ്. കൊടൈക്കനാലിൽ പോയിട്ടുള്ള മലയാളികൾ ഉറപ്പായും ആ സ്ഥലം കണ്ടിരിക്കും. അങ്ങനെയുള്ള പ്രേക്ഷകരെ പറ്റിക്കാൻ പറ്റില്ല.'
'ഡെവിൾസ് കിച്ചണെന്ന് വിളിക്കുന്ന ഗുണ കേവ്സ് ദുരൂഹമായ ഒരു സ്ഥലമാണ്. അവിടെ പ്രേതമുണ്ടെന്നുപോലും സമീപവാസികൾ വിശ്വസിക്കുന്നു. 80 അടി താഴ്ചയിലാണ് ഗുണ കേവ്സ് നിൽക്കുന്നതുതന്നെ. അത്രയും താഴ്ചയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുള്ള 900 അടിയുള്ള കുഴിയുള്ളത്. സഞ്ചാരികൾക്ക് ഇവിടേക്ക് പൂർണമായും പ്രവേശനം നിഷേധിച്ചിട്ട് 14 വർഷത്തോളമായി. ആ സ്ഥലം നേരിൽ കാണാതെ അത് റിക്രിയേറ്റ് ചെയ്യാൻ പറ്റില്ലല്ലോ.'
'ഒരുപാട് ബുദ്ധിമുട്ടിയാണ് അവിടം പോയി കാണാൻ അനുമതി കിട്ടിയത്. അവിടെ ചെലവഴിച്ച ആ കുറച്ച് സമയത്തിനുള്ളിൽ ആ സ്ഥലത്തിന്റെയും അവിടെയുള്ള കല്ലിന്റെയും മണ്ണിന്റെയും ചെടികളുടെയുമൊക്കെ ഏകദേശ രൂപം മനസിലാക്കി. അവിടെ നിന്ന് ശേഖരിക്കാവുന്ന വിവരങ്ങളെല്ലാം എടുത്തു. കുറച്ച് ഫോട്ടോസ് എടുത്തു. അളവുകൾ മാർക്ക് ചെയ്തു. സ്കെച്ച് എടുത്തു. എന്നിട്ടാണ് ബജറ്റ് ഇട്ടത്.'

'ഗുണ കേവ്സ് നേരിൽ കണ്ടപ്പോൾ മനസിലായി വലിയൊരു ചലഞ്ചാണ് ഈ പണിയെന്ന്. എനിക്ക് രണ്ട്, മൂന്ന് ദിവസത്തേക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. കണ്ണടച്ചാൽ കാണുന്നത് ഈ പാറക്കെട്ടുകളാണ്. ഞാനെവിടെയോ ഒരു കുഴിയിൽപ്പെട്ട് കിടക്കുന്ന പോലത്തെ അനുഭവം. സിനിമയിൽ ആ കുഴിയിൽ വീഴുന്ന സുഭാഷിനുണ്ടായ അതേ അനുഭവമാണ് എനിക്കുമുണ്ടായത്. സെറ്റിന് സ്ഥലം തപ്പി രണ്ട് മാസത്തോളം നടന്നു.'
'അങ്ങനെ അന്വേഷിച്ച് നടന്ന് പെരുമ്പാവൂരിൽ ഒരു ഗോഡൗൺ കണ്ടെത്തി. അവിടെയാണ് സെറ്റ് ഇട്ടത്. പക്ഷെ അവിടെ എട്ടടി കുഴിച്ചപ്പോഴേക്കും വെള്ളമായി. പിന്നെ റിങ് ഇട്ട് അതൊരു കിണറാക്കിയെടുത്തു. അതിന് മുകളിൽ പൈപ്പടിച്ച് ലെവലാക്കി. കൊടൈക്കനാലിലെ പല സ്ഥലങ്ങളിലുള്ള പാറക്കെട്ടുകളുടെ മോൾഡ് എടുത്തിരുന്നു.'
'അതുകൊണ്ടാണ് ആ സ്ഥലം റിക്രിയേറ്റ് ചെയ്തപ്പോൾ പാറകൾക്ക് അതേ ഫീലും ഘടനയും കിട്ടിയത്. പല ഷീറ്റുകളായി ഒട്ടിച്ച് കളർ ചെയ്ത് പൂപ്പലുകളും ചെടിയും പൂക്കളുമൊക്കെ പിടിപ്പിച്ചാണ് അത് തയാറാക്കിയത്. വളരെ സൂക്ഷ്മമായ വർക്കുകളാണ് അത്. സെറ്റിൽ ഒറിജിനൽ പാറക്കല്ലുകളും ഡ്യൂപ്ലിക്കേറ്റ് പാറകളും ഉണ്ടായിരുന്നു. പെട്ടെന്ന് നോക്കിയാൽ പക്ഷെ മനസിലാകില്ല.'
'കൊടൈക്കനാലിലെ മഴയും മഞ്ഞും തണുപ്പും ആ ഫ്ലോറിൽ ഞങ്ങൾ ഒരുക്കി. അവിടത്തെ അത്രയും തണുത്ത വെള്ളമാണ് ഫ്ലോറിലും ഉപയോഗിച്ചത്. ഓരോ ദിവസവും സാമാന്യം വലുപ്പമുള്ള ഏകദേശം 125 ഐസ് കട്ടകൾ വാങ്ങി. ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന വെള്ളത്തിൽ ഈ ഐസ്കട്ടകൾ ഇടും. അത്രയും തണുത്ത വെള്ളമാണ് മഴയ്ക്കായി ഉപയോഗിച്ചത്. മൊത്തം ഫ്ലോർ എസിയായിരുന്നു. മലയാളത്തിലെ പല പ്രമുഖ സാങ്കേതികപ്രവർത്തകരും സെറ്റ് കാണാൻ വന്നു.'
'അതുപോലെ 11 പേർ കയറി നിന്നാലും ഒടിയാത്ത മരം കൂടി വേണമല്ലോ. അങ്ങനെയാണ് സിനിമയിലും പാട്ടിലും കാണുന്ന മഞ്ഞുമ്മൽ ബോയ്സ് ഇരിക്കുന്ന മരം റിക്രിയേറ്റ് ചെയ്യാമെന്നുറച്ചത്. രണ്ട് മരങ്ങൾ കൊണ്ട് വന്ന് വെൽഡ് ചെയ്ത് ചേർത്തു. പത്ത് പേർക്ക് ഇരിക്കാൻ പറ്റുന്ന തരത്തിൽ ഇരുമ്പിന്റെ പൈപ്പ് ഉപയോഗിച്ച് ഉറപ്പുള്ള ചില്ലകളുണ്ടാക്കി. മരത്തൊലിയുടെ മോൾഡെടുത്താണ് ആ കമ്പികൾ പൊതിഞ്ഞെടുത്തത്.'
'സെറ്റിൽ 18 അടിയോളം താഴ്ചയുള്ള ഒരു കുഴിയാണ് ആദ്യം ചെയ്തത്. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്ന് കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വെച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളഉം പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്ന് തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്.'
'ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. വലിയ റിസ്ക് തന്നെയായിരുന്നു ഷൂട്ട്. പക്ഷെ ഇത്രയും അപകടകരമായ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്തിട്ടും ആർക്കും ഒരു അപകടവും സംഭവിച്ചില്ലെന്നാണ്', മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി അനുഭവം പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications











