'സുരേഷ് ഗോപിക്ക് പെട്ടന്ന് മനസിലാകും, അയാളുടെ നന്മയും സ്നേഹവും മലയാളി മനസിലാക്കാൻ ഇരിക്കുന്നതേയുള്ളു'; സാജൻ!
ധ്രുവം, കാശ്മീരം, റെഡ് ചില്ലീസ്, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എ.കെ സാജൻ. അദ്ദേഹം തിരക്കഥയെഴുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകൾ പോലും മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞവയാണ്.
അതിന് ഉദാഹരണമാണ് നരസിംഹ മന്നാഡിയാർ, ചിന്താമണി, അഡ്വ. ലാൽകൃഷ്ണ വിരാടിയാർ, ഒഎംആർ തുടങ്ങിയ കഥാപാത്രങ്ങൾ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകളെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മലയാളികൾ ചിന്താമണി കൊലക്കേസിനെ കുറിച്ചും ധ്രുവത്തെ കുറിച്ചും ചർച്ച ചെയ്യാറുണ്ട്.
ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് എ.കെ സാജന്റെ തിരക്കഥയിൽ പിറന്നവയെല്ലാം. എ.കെ സാജൻ തിരക്കഥ എഴുതിയപ്പോഴും സംവിധാനം ചെയ്തപ്പോഴും ഏറ്റവും കൂടുതൽ തവണ നായകനായത് സുരേഷ് ഗോപിയായിരുന്നു. അതിൽ ഒട്ടുമിക്ക സിനിമകളും വിജയവുമായിരുന്നു.

മലയാള സിനിമയിലെ ഒരു പുത്തൻ പരീക്ഷണമെന്ന് വിലയിരുത്തപ്പെടുന്ന ലങ്ക അടക്കമുള്ള സിനിമകളിൽ സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്തതിനെ കുറിച്ചും അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ എ.കെ സാജൻ കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ.
സുരേഷ് ഗോപി എന്ന നടനുമായി കമ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമാണെന്നാണ് എ.കെ സാജൻ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. 'എനിക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ലങ്ക. ആ സിനിമയ്ക്ക് ചില പരിമിതികളുണ്ടായിരുന്നു. ശ്രീലങ്കയിൽ ആയിരുന്നു ആ സിനിമ ഷൂട്ട് ചെയ്യേണ്ടി ഇരുന്നത്.'
'ഞങ്ങൾ ലങ്കയിൽ പോയി ലൊക്കേഷനൊക്കെ നോക്കി വന്നശേഷം സ്ഫോടനം ഉണ്ടായതിനാൽ വിസ കട്ടായി അവിടേക്ക് പോകാൻ പറ്റാതെയായി. അതുകൊണ്ട് പിന്നീട് ആ സിനിമ കാസർകോട് വെച്ച് ഷൂട്ട് ചെയ്തു. ഔട്ട്ഡോറിലേക്ക് കടക്കാൻ പറ്റിയില്ല. ഒരു വീടിന് അകത്ത് വെച്ച് തന്നെ ഭൂരിഭാഗം സീനുകളും ഷൂട്ട് ചെയ്യേണ്ടി വന്നു. കുറേ സ്റ്റോക്ക് ഷോട്ട് വെച്ചാണ് സിനിമ എടുത്തത്.'
'സത്യം പറഞ്ഞാൽ അപ്പോൾ ആ സിനിമ ചെയ്യരുതായിരുന്നു. കഥ കിട്ടിയ ആവേശത്തിൽ ചെയ്ത് പോയതാണ്. സുരേഷും ഭയങ്കരമായി നിർബന്ധിച്ചു. മാറ്റിവെച്ചിരുന്നെങ്കിൽ ശ്രീലങ്കയിൽ തന്നെ ഷൂട്ട് ചെയ്യാമായിരുന്നു. ആ സിനിമയെ അതിന്റെ പൂർണതയിൽ എത്തിക്കാൻ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ലങ്ക എനിക്ക് പ്രിയപ്പെട്ട സിനിമയാണെന്നും', എ.കെ സാജൻ പറഞ്ഞു.

മലയാള സിനിമയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ചില സീനുകൾ വരെ ലങ്ക സിനിമയിൽ അക്കാലത്ത് എ.കെ സാജൻ ഉപയോഗിച്ചിരുന്നു. ലങ്കയെ കുറിച്ച് സംസാരിച്ചശേഷം സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് എ.കെ സാജൻ സംസാരിച്ചത്. 'സുരേഷ് ഗോപിയുമായി കമ്യൂണിക്കേറ്റ് ചെയ്യാൻ എളുപ്പമാണ്.'
'സുരേഷ് മാത്രമല്ല മമ്മൂക്ക അടക്കമുള്ള നായകന്മാരുമായി കമ്യൂണിക്കേഷൻ എളുപ്പമാണ്. സുരേഷിനോട് വെറുതെ ഇരുന്ന് കാപ്പി കുടിക്കുമ്പോൾ ഒരു കഥ പറഞ്ഞാലും പുള്ളിക്ക് വേഗത്തിൽ മനസിലാകും. സ്വാഭാവികമായി എപ്പോഴും കണ്ടുമുട്ടുന്നതും ഒരു സ്വാതന്ത്ര്യമുള്ളതും സുരേഷുമായിട്ടാണ്. അദ്ദേഹം എന്റെ നല്ല സുഹൃത്താണ്.'
'എനിക്ക് അയാളുടെ ശുദ്ധത ഇഷ്ടമാണ്. വളരെ ശുദ്ധനാണ് അയാൾ. അയാളുടെ നന്മയും സ്നേഹവും മലയാളി മനസിലാക്കാൻ ഇരിക്കുന്നതേയുള്ളു', എന്നാണ് സുരേഷ് ഗോപിയെ കുറിച്ച് സംസാരിക്കവെ എ.കെ സാജൻ പറഞ്ഞത്. പുലിമടയാണ് ഏറ്റവും പുതിയതായി എ.കെ സാജൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ.
ജോജു ജോര്‍ജാണ് ചിത്രത്തിൽ നായകനായി എത്തിയത്. ജോജു വീണ്ടും പ്രകടനത്തില്‍ ഞെട്ടിക്കുന്ന ചിത്രമാണ് പുലിമട എന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായിരിക്കുന്നത് ഐശ്വര്യ രാജേഷാണ്.


Click it and Unblock the Notifications