'കോടികൾ ആസ്തിയുണ്ടെങ്കിലും ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരനാണ് ജോജു'; എ.കെ സാജൻ പറയുന്നു!
സിനിമ സ്വപ്നം കാണുന്നവർക്ക് ഊർജമാണ് ജോജു ജോർജെന്ന നടന്റെ കരിയർ. സിനിമയിൽ എത്തിയിട്ട് വർഷങ്ങൾക്കുശേഷവും അത്യുന്നതിയിലേക്ക് കുതിച്ച് കയറുന്ന നടനാണ് ജോജു. കോമഡി, ക്യാരക്ടർ വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന ജോജു ജോർജ് ലീഡ് റോൾ ചെയ്ത് ജോസഫ് എന്ന കഥാപാത്രതെ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നു.
ജോസഫ് കാണുന്ന ഒരു പ്രേക്ഷകനും ജോജുവിന്റെ പ്രകടനം മടുപ്പ് ഉണ്ടാകാൻ ഇടയില്ല. ജോജുവിനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് അദ്ദേഹം നായകനായി എത്തുന്ന സിനിമകളുടെ വിജയം. ജോസഫിന് ശേഷമാണ് ജോജുവിന്റെ കരിയർ മാറി മറിഞ്ഞതും നായകവേഷങ്ങൾ ലഭിച്ച് തുടങ്ങിയതും.
ഇന്ന് നായക നടൻ എന്നതിലുപരിയായി നിർമാതാവ്, ഗായകൻ തുടങ്ങിയ മേഖലകളിലെല്ലാം ജോജു തിളങ്ങുകയാണ്. പൊതുവെയുള്ള നായക സങ്കൽപങ്ങളോട് ചേരുന്നതല്ല ജോജുവിന്റെ ശരീരപ്രകൃതവും സൗന്ദര്യവുമെങ്കിലും ജോജു ജീവൻ നൽകിയ നായക കഥാപാത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഏറ്റവും അവസാനം റിലീസ് ചെയ്ത ജോജു ജോർജ് സിനിമ വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപ് സിനിമ ആയിരുന്നിട്ട് കൂടി ചിത്രത്തിൽ പ്രകടനം കൊണ്ട് സ്കോർ ചെയ്തത് ജോജുവാണെന്നാണ് സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. അന്യഭാഷയിൽ അടക്കം തിളങ്ങിയ ജോജു തന്റെ ഏറ്റവും പുതിയ സിനിമ പുലിമടയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.
എ.കെ സാജൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പുലിമടയുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏറെ നിഗൂഢതകൾ നിറച്ച ട്രെയിലറിൽ ജോജുവിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം. പെണ്ണിന്റെ സുഗന്ധം എന്ന ടാഗ്‌ലൈനോട് കൂടിയ ചിത്രത്തിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.
ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നീ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേര്‍ന്നാണ് നിര്‍മാണം. വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എ.കെ സാജൻ ജോജുവുമായുള്ള സൗഹൃദത്തെ കുറിച്ചും ജോജുവെന്ന നായക നടനെ കുറിച്ചും സംസാരിച്ചു. ആർക്കും അടുത്ത് ചെല്ലാൻ സാധിക്കുന്ന താരമാണ് ജോജുവെന്നാണ് എ.കെ സാജൻ പറഞ്ഞത്.
വർഷങ്ങളായുള്ള പരിചയം ഉടലെടുത്തതിനെ കുറിച്ചും എ.കെ സാജൻ പറഞ്ഞു. 'വയലൻസിൽ ചെറിയൊരു വേഷം ചെയ്യാൻ വന്നതാണ് ജോജു. എന്നാൽ ഡയലോഗ് പറയാൻ ജോജുവിനായില്ല. ഒരുപാട് തവണ ഡയലോഗ് പറയാൻ നോക്കിയപ്പോഴും കയ്യിൽ നിന്നും പോയി. അങ്ങനെ ആ സിനിമ സെറ്റിൽ നിന്നും ജോജു പോയി.'

'ഒരുപാട് സ്ട്രഗിൾ ചെയ്താണ് ഇന്നത്തെ നിലയിൽ അദ്ദേഹം എത്തിയത്. മാളയിൽ നിന്നും എറണാകുളത്തേക്ക് എത്തി ഒരു കഥാപാത്രത്തിനായി അദ്ദേഹം അലഞ്ഞതൊക്കെ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ജോജു എന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. വ്യക്തി ജീവിതത്തിലേയും സിനിമ വിശേഷങ്ങളുമെല്ലാം ജോജു എന്നോട് പറയാറുണ്ട്.'
'വയലൻസ് കഴിഞ്ഞശേഷം നാദിറ കൊല്ലപ്പെട്ട രാത്രിയിലേക്ക് ജോജുവിനായി ഞാൻ ഒരു കഥാപാത്രം നൽകി. മുപ്പത് വർഷത്തെ ബന്ധം എനിക്ക് അദ്ദേഹവുമായുണ്ട്. ആദ്യം കണ്ടപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇന്നും എന്നോട് കാണിക്കുന്ന ആളാണ് ജോജു. എന്നോട് അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. നല്ല അവസരങ്ങൾ ജോജുവിന് വന്നാൽ അത് എന്നോടും ഷെയർ ചെയ്യും.'
'ജോസഫിലെ കഥാപാത്രം വന്നപ്പോഴും എന്നോട് ജോജു പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റിൽ ഒക്കെ താൽപര്യമുള്ള ആളാണ് ജോജു. മൂന്നാറിലൊക്കെ സ്ഥലം വാങ്ങാം എന്നൊക്കെ എന്നോട് പറയും. വണ്ടി വാങ്ങിയാലും എന്നോട് പറയും. സിനിമാക്കാരൻ അല്ലാത്ത നല്ല സുഹൃത്താണ്. രണ്ടുകോടിയുടെ കാറിൽ നടക്കുമ്പോഴും സാധാരണക്കാരനാണ് ഇന്നും ജോജു.'
'ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു സാധാരണക്കാരനാണ്. വടക്കും നാഥ ക്ഷേത്രത്തിന് മുമ്പിൽ ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയിൽ ഒരു വൃദ്ധൻ ലോട്ടറി കച്ചവടത്തിനായി വന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി അഞ്ചാറ് ടിക്കറ്റ് വാങ്ങിയ സാധാരണ ഒരു മനുഷ്യനാണ് ജോജു. മലയാള സിനിമയിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ജോജുവാണെന്നും', എ.കെ സാജൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications