'അൽഫോൻസാമ്മയുടെ കബറിടത്തിനരികിൽ പ്രാർത്ഥനയോടെ'; ഭരണങ്ങാനത്തെ തീർത്ഥാടന കേന്ദ്രത്തിൽ കുടുംബസമേതം മോഹിനി!
വെള്ളാരം കണ്ണുകളുമായി വന്ന് ഒരു കാലത്ത് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നടി മോഹിനി. നിരൂപണ പ്രശംസ നേടിയത് അടക്കം ഒട്ടനവധി സിനിമകളിൽ മോഹിനി അഭിനയിച്ചിട്ടുണ്ട്. ദിലീപ് മുതൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും വരെ നായികയായിരുന്നു.
തൊണ്ണൂറുകളിൽ അഭിനയത്തിൽ സജീവമായിരുന്ന മോഹിനി മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്തിട്ടുണ്ട്. ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മോഹിനി ഇപ്പോൾ അഭിനയം വിട്ട് കുടുംബജീവിതത്തിലും ആത്മീയ ജീവിതത്തിനുമാണ് പ്രധാന്യം കൊടുത്തിരിക്കുന്നത്.
കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991ൽ ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം പേര് മോഹിനിയെന്ന് മാറ്റി. ഇപ്പോൾ താരം ക്രിസ്ത്യൻ മതത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മതം മാറിയതോടൊപ്പം പേരും താരം മാറ്റി ക്രിസ്റ്റീന എന്നാക്കി.

ഇപ്പോഴിതാ വിശുദ്ധ അൽഫോൻസാമ്മയുടെ ഭരണങ്ങാനത്തുള്ള കബറിടത്തിലെത്തി പ്രാർത്ഥിക്കുന്ന മോഹിനിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. കുടുംബത്തിനൊപ്പമായിരുന്നു താരം എത്തിയത്. ഏറെ നേരം പ്രാർത്ഥിച്ച ശേഷമാണ് മോഹിനി മടങ്ങിയത്.
തീർത്ഥാടന കേന്ദ്രം സന്ദർശിക്കാനെത്തിയ മോഹിനിക്ക് ഭാരവാഹികൾ അൽഫോൻസാമ്മയുടെ രൂപവും കൈമാറി. അൽഫോൻസാമ്മയുടെ കബറിടത്തിനരികിൽ ഭക്തിനിർഭരമായി ഇരിക്കുന്ന മോഹിനിയുടെ ചിത്രങ്ങൾ ക്രിസ്തീയ വിശ്വാസം പ്രഘോഷിക്കുന്ന സോഷ്യൽമീഡിയ പേജുകളിൽ എല്ലാം പ്രചരിക്കുന്നുണ്ട്.
ഒരു കാലത്ത് നായിക നടിയായിരുന്നുവെന്നത് കൊണ്ടുതന്നെ മോഹിനിയുടെ ചിത്രങ്ങൾക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. അഭിനേതാക്കളുടെ ജീവിതത്തിന്റെ ഭാഗമായ മതാഭിനയം എന്നായിരുന്നു ഒരാൾ കുറിച്ചത്. ഓരോരുത്തർക്കും അവരവരുടേതായ വിശ്വാസം എന്നാണ് മറ്റൊരാൾ കുറിച്ചത്. വിവാഹശേഷം അമേരിക്കയിൽ സ്ഥിര താമസമാക്കിയ മോഹിനി 2006ലാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അമേരിക്കൻ വ്യവസായിയായ ഭരത് പോളാണ് ഭര്‍ത്താവ്.
താരം ഇതോടെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി മാറ്റി. ശേഷം അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ സുവിശേഷ പ്രാസംഗികയായും മോഹിനി എത്തി. ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനുള്ള കാരണവും മോഹിനി വെളിപ്പെടുത്തിയിട്ടുണ്ട്.

സിനിമയിൽ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ച് തുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്‍റ്.മൈക്കിള്‍ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയര്‍ ആന്റ് ഡെലിവെറൻസ് കൗൺസലിഗിൽ പഠനം പൂര്‍ത്തിയാക്കി.
ശേഷം സെന്‍റ്.പാദ്രെ പിയോ സെന്‍ററിൽ കേസ് കൗൺസിലര്‍ ആയിരുന്നു. അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവരാണ് മോഹിനിയുടെ മക്കൾ. ഡിവോഷണൽ ടെലിവിഷൻ ചാനലുകളിലും സുവിശേഷ പ്രാസംഗികയായി മോഹിനി എത്തുന്നുണ്ട്. തമിഴ്നാട്ടിലെ തഞ്ചാവൂരാണ് മോഹിനിയുടെ സ്വദേശം.
മോഹിനിയുടെ പൂര്‍വ്വികരെല്ലാം തഞ്ചാവൂരുകാരായിരുന്നു. ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന തനിനാടന്‍ പെണ്‍കുട്ടിയായിരുന്നു മോഹിനി. സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത കുടുംബമായിരുന്നു നടിയുടേത്. വിവാഹം കഴിഞ്ഞ് പത്താം വര്‍ഷമാണ് അച്ഛനും അമ്മയ്ക്കും മോഹിനി ജനിച്ചത്. അതുകൊണ്ട് തന്നെ വളരെയധികം കൊഞ്ചിച്ചും ലാളിച്ചുമാണ് നടിയെ വളര്‍ത്തിയത്.
ചെറുപ്പക്കാലത്ത് തന്നെ ക്ലാസിക്കല്‍ ഡാന്‍സ്, മ്യൂസിക്ക്, പഠനം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച പെണ്‍കുട്ടിയായാണ് മോഹിനി വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ക്ക് തന്നെ മോഹിനിയുടെ പ്രത്യേകതയാര്‍ന്ന കണ്ണുകള്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ആ കണ്ണ് കണ്ടാണ് അച്ഛന്റെ പരിചയം വഴി മോഹിനി സിനിമായിലേക്ക് എത്തിയത്. ഇന്നത്തെ ചിന്താ വിഷയം, കലക്ടർ എന്നീ മലയാളം സിനിമകളാണ് മോഹിനി അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications