'സുഹൃത്തിന്റെ കല്യാണത്തിൽ കണ്ടുമുട്ടി, പ്രണയം മാതാപിതാക്കൾ അംഗീകരിച്ചില്ല'; അല്ലു അർജുൻ-സ്നേഹ പ്രണയം!
അല്ലു അർജുനെന്ന നടന് ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരുപക്ഷെ കേരളത്തിലായിരിക്കും. പുഷ്പയൊക്കെ റിലീസ് ചെയ്യുന്നതിനും വർഷങ്ങൾക്ക് മുമ്പ് ആര്യയും ഹാപ്പിയും ബണ്ണിയുമൊക്കെ കണ്ട് വലിയൊരു വിഭാഗം ആളുകൾ അല്ലുവിനെ കേരളത്തിൽ ആഘോഷിച്ചിരുന്നു. അന്നും ഇന്നും അല്ലു അർജുനോടുള്ള സ്നേഹം കഴിഞ്ഞിട്ടെ മറ്റേതൊരു തെലുങ്ക് നടനും കേരളത്തിൽ സ്ഥാനമുള്ളൂ. മല്ലു അർജുനെന്നൊരു വിശേഷണവും താരത്തിനുണ്ട്.
ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ടാം വർഷത്തിൽ എത്തി നിൽക്കുകയാണ് അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. സിനിമാക്കഥയെ വെല്ലുന്നൊരു പ്രണയത്തിനൊടുവിലാണ് അല്ലുവും സ്നേഹയും വിവാഹിതരായത്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. യുഎസ്സിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി അല്ലു അർജുൻ പോയപ്പോൾ സ്നേഹ റെഡ്ഡിയും അതിഥിയായി വന്നിരുന്നു. സുഹൃത്താണ് സ്നേഹയെ അല്ലുവിന് പരിചയപ്പെടുത്തി കൊടുത്തത്.

അല്ലുവിന്റെ ലവ് അറ്റ് ഫസ്റ്റ്സൈറ്റ് മൊമന്റായിരുന്നു അത്. ശേഷം ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീട് സ്നേഹയുമായി അല്ലു അർജുൻ പരിചയം പുതുക്കിയത് സോഷ്യൽമീഡിയ വഴിയാണ്. ആ പരിചയം പതിയെ സൗഹൃദത്തിലേക്കും നിരന്തരമുള്ള ചാറ്റിങിലേക്കും വഴിമാറി.
ശക്തമായൊരു സൗഹൃദം ഉടലെടുത്തശേഷം ഇരുവരും പലപ്പോഴായി ഡേറ്റിങ് നടത്തി പരസ്പരം അടുക്കുകയും മനസിലാക്കുകയും ചെയ്തു. തെന്നിന്ത്യയിൽ നല്ല ഫാൻ ഫോളോയിങുള്ള താരമായിരുന്നു അന്നും അല്ലു അർജുൻ. അതുകൊണ്ട് തന്നെ സ്നേഹയുമായുള്ള ബന്ധത്തിന് നൽകേണ്ട സ്വകാര്യത അല്ലു അർജുൻ നൽകിയിരുന്നു.
തനിക്കൊരു പ്രണയമുണ്ടെന്നത് പുറത്ത് അറിയാതിരിക്കാൻ വേണ്ടതെല്ലാം അല്ലു അർജുൻ ചെയ്തിരുന്നു. വിവാഹം തീരുമാനിച്ചാൽ മാത്രം പുറത്ത് അറിയിക്കാമെന്ന് അല്ലു അർജുൻ തീരുമാനിച്ചിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങൾ പോലും ഇവരുടെ പ്രണയം അറിഞ്ഞിരുന്നില്ല. അല്ലുവിനോട് സ്നേഹയെ കുറിച്ച് ആദ്യം ചോദിച്ചത് അച്ഛൻ അല്ലു അരവിന്ദായിരുന്നു.
അപ്പോഴേക്കും ഇരുവരുടേയും പ്രണയം ശക്തി പ്രാപിച്ചിരുന്നു. തുടക്കത്തിൽ ഇരുവരുടേയും പ്രണയം അല്ലു അരവിന്ദിന് താൽപര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ചില ആശങ്കകളുണ്ടായിരുന്നു. മറുവശത്ത് സ്നേഹയുടെ മാതാപിതാക്കളും അല്ലുവുമായുള്ള ബന്ധത്തെ അംഗീകരിക്കാൻ മടി കാണിച്ചിരുന്നു. എന്നിരുന്നാലും ഇരുവരും കുടുംബം തങ്ങളുടെ ബന്ധത്തിന് പച്ചക്കൊടി കാണിക്കുന്നതിനായി കാത്തിരുന്നു.

ഒടുവിൽ കാത്തിരിപ്പും പ്രാർഥനയും ഫലം കണ്ടു. 2010 നവംബർ 26ന് ഹൈദരാബാദിൽ വെച്ച് ആഘോഷമായാണ് അല്ലുവിന്റേയും സ്നേഹയുടേയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയം കഴിഞ്ഞും കുറച്ച് നാളുകൾ കൂടി ഇരുവർക്കും പ്രണയിക്കാനായി ലഭിച്ചു. 2011 മാർച്ച് ആറിനായിരുന്നു അത്യാഢംബരത്തോടെ അല്ലു അർജുൻ-സ്നേഹ റെഡ്ഡി വിവാഹം നടന്നത്.
ഇരുവരുടേയും വെഡ്ഡിങ് ലുക്കും അക്കാലത്ത് വൈറലായിരുന്നു. ഓറഞ്ച് കലർന്ന കാഞ്ചീവരം സിൽക്ക് സാരിയിലാണ് സ്‌നേഹ പ്രത്യക്ഷപ്പെട്ടത്. വെളുത്ത ഷേർവാണിയിൽ സുന്ദരനായിട്ടാണ് അല്ലു എത്തിയത്. തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒട്ടുമിക്ക താരങ്ങളും അതിഥികളായി പങ്കെടുത്തിരുന്നു.
വരൻ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലായിരുന്നതിനാൽ സ്ട്രെയ്റ്റ് ചെയ്ത് നീളൻ മുടി ലുക്കിലാണ് അല്ലു വിവാഹത്തിന് എത്തിയത്. അതുവരെ അധികമാരും പരീക്ഷിച്ച് കാണാത്തൊരു ഹെയർ സ്റ്റൈലായിരുന്നു അല്ലുവിന്റേത്. പിന്നീട് അത് ട്രെന്റായി മാറി. കുടുംബ ജീവിതം ആരംഭിച്ച് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും മകൻ പിറന്നത്.
പിന്നീട് കുറച്ച് വർഷങ്ങൾക്കൂടി പിന്നിട്ടപ്പോൾ ഒരു മകൾ കൂടി അല്ലുവിനും സ്നേഹയ്ക്കും പിറന്നു. മകൾ അല്ലു അർഹ അടുത്തിടെ സാമന്തയുടെ സിനിമ ശാകുന്തളത്തിലൂടെ അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചു. കുടുംബത്തിനൊപ്പം ചിലവഴിക്കാൻ കിട്ടുന്ന സമയങ്ങളൊന്നും പാഴാക്കാത്തൊരു നടൻ കൂടിയാണ് അല്ലു അർജുൻ.


Click it and Unblock the Notifications