'ഞാൻ ചോദിച്ചിട്ട് ലാൽ തന്നില്ലായിരുന്നെങ്കിലുള്ള സ്ഥിതിയോ? പക്ഷെ ലാലിൽ നിന്ന് അത് പ്രതീക്ഷിക്കണ്ട'; സിദ്ദിഖ്!
മലയാളത്തിൽ ഇന്നുള്ള നടന്മാരിൽ ഏറ്റവും റേഞ്ചുള്ള വേഴ്സറ്റാലിറ്റിയുള്ള നടനാണ് സിദ്ദിഖ്. ഏത് വേഷവും അത്രമാത്രം തന്മയത്തോടെ അഭിനയിക്കാൻ കഴിവുള്ള നടനാണ് സിദ്ദിഖ്. അടുത്തിടെ പുറത്തിറങ്ങിയ ഗരുഡൻ എന്ന സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിദ്ദിഖിനെ നോക്കി സുരേഷ് ഗോപി ഒരു ഡയലോഗ് പറയുന്നുണ്ട്. താൻ എന്റെ അത്ര നല്ല നടനല്ലല്ലോ എന്നാണ് സുരേഷ് ഗോപി സിദ്ദിഖിനോട് പറയുന്നത്. സിനിമ ഒടിടിയിൽ റിലീസായശേഷം സിദ്ദിഖിനോട് സുരേഷ് ഗോപി ആ ഡയലോഗ് പറഞ്ഞതിനോട് എതിർപ്പ് പ്രകടപ്പിച്ച് നിരവധി പേർ എത്തിയിരുന്നു.
നേര് എന്ന ജീത്തു ജോസഫ്-മോഹൻലാൽ സിനിമ പുറത്തിറങ്ങിയശേഷം ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചതും സിദ്ദിഖിന്റെ രാജേശേഖർ എന്ന കഥാപാത്രത്തിനാണ്. കൊല്ലാനുള്ള ദേഷ്യം തോന്നിയിരുന്നുവെന്നാണ് പലരും സിദ്ദിഖിനോട് തന്നെ സിനിമ കണ്ടിറങ്ങിയശേഷം പറഞ്ഞത്.

താൻ ചെയ്ത അഡ്വക്കേറ്റ് രാജശേഖറിനോട് ആളുകൾക്ക് തോന്നിയ വെറുപ്പ് സ്നേഹമായി മാത്രമെ കാണുന്നുള്ളൂ എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. മോഹൻലാലുമായി അടുത്ത സൗഹൃദം റിയൽ ലൈഫിൽ സിദ്ദിഖിനുണ്ട്. വെറുപ്പും അടിയും വഴക്കും വാശിയും എല്ലാം ഇരുവരും സ്ക്രീനിൽ ഒന്നിച്ച് വരുമ്പോൾ മാത്രമാണ്. അടുത്തിടെ നേര് സക്സസ് സെലിബ്രേഷന് എത്തിയപ്പോഴുള്ള മോഹൻലാലിന്റെയും സിദ്ദിഖിന്റെയും ഒരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു.
വളരെ കൗതുകം നിറഞ്ഞൊരു വീഡിയോയായിരുന്നു അത്. പരിപാടിക്കിടെ മോഹൻലാലിന്റെ വിരലിൽ കിടന്നൊരു മോതിരം സിദ്ദിഖ് മോഹൻലാലിനോട് ചോദിക്കുന്നതും അദ്ദേഹം അത് ഊരി നൽകുന്നതും വിശദമായി നോക്കിയ ശേഷം സിദ്ദിഖ് മോതിരം തിരിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം.
പൊതുവെ അത്തരം കുസൃതി നിറഞ്ഞ നിമിഷങ്ങൾ താരങ്ങൾക്ക് ഇടയിൽ വിരളമായി മാത്രമെ സംഭവിക്കാറുള്ളു. അതുകൊണ്ട് തന്നെ വീഡിയോ പെട്ടന്ന് വൈറലായി. ഛോട്ടാ മുംബൈയിലെ അടക്കം ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ആരാധകർ വീഡിയോ പ്രചരിപ്പിച്ചത്. ഇപ്പോഴിതാ പുതിയ സിനിമ ഖൽബിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നൽകിയ അഭിമുഖത്തിൽ വൈറൽ വീഡിയോയ്ക്ക് പിന്നിലെ ചില അറിയാക്കഥകൾ കൂടി സിദ്ദിഖ് വെളിപ്പെടുത്തി.
സിദ്ദിഖിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ജ്വല്ലറീസ് മറ്റുള്ളവർ ഉപയോഗിക്കുന്നത് കാണാൻ എനിക്ക് താൽപര്യമാണ്. ഞാൻ അധികം ഉപയോഗിക്കാറില്ല. തന്റെ വളരെ വിലിപിടിപ്പുള്ള മോതിരത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു.'

'അതുകൊണ്ടാണ് അന്ന് അവിടെ വെച്ച് ആ മോതിരം ഞാൻ വാങ്ങി നോക്കിയത്. ലാൽ ധരിച്ചിരുന്നത് വളരെ എക്സ്പെൻസീവ് ആയിട്ടുള്ള ഒരു ബ്രാന്റിന്റെ മോതിരമാണ്. അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ മോതിരം ആണോയെന്ന് ചോദിച്ചാണ് ഞാൻ വാങ്ങി നോക്കിയത്. ആ ഭാഗം മാത്രം ഷൂട്ട് ചെയ്ത് വരുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.'
'പിന്നെ അതൊരു മോശം കാര്യമല്ലല്ലോ... നല്ല കാര്യമല്ലേ... ആ സമയത്ത് ഞാൻ അത് ചോദിക്കുമ്പോൾ മോഹൻലാൽ തന്നില്ലെങ്കിലുള്ള സ്ഥിതി ആലോചിച്ച് നോക്കൂ... (സിദ്ദിഖ് ചിരിക്കുന്നു). അങ്ങനെ ആണെങ്കിൽ അത് മോശമായേനെ. പക്ഷെ ലാലിന്റെ അടുത്ത് നിന്ന് അങ്ങനൊന്നും പ്രതീക്ഷിക്കുകയെവേണ്ട. ലാൽ അങ്ങനൊന്നും ചെയ്യുന്നൊരാളല്ല.'
'ഇനി ഇപ്പോൾ ഞാൻ ആ മോതിരം തിരിച്ചുകൊടുത്തില്ലെങ്കിലും ലാൽ ഒന്നും പറയില്ലെന്നാണ്', സിദ്ദിഖ് പറഞ്ഞത്. ജീത്തു ജോസഫ്-മോഹൻലാൽ ടീം വീണ്ടും ഒന്നിച്ച നേര് ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അഭിഭാഷകന്റെ വേഷത്തിൽ മോഹൻലാൽ എത്തിയ ചിത്രം ഒരു കോർട്ട് റൂം ത്രില്ലറായിരുന്നു. പ്രിയാമണി, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.


Click it and Unblock the Notifications











